Main Menu

വീട്ടുപടിക്കല്‍ സര്‍ക്കാര്‍ സേവനങ്ങള്‍; ഡല്‍ഹിയില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആവശ്യമായ 40 സേവനങ്ങള്‍ പെട്ടെന്ന് തന്റെ ലഭ്യമാക്കുന്ന പദ്ധതിക്ക് ഡല്‍ഹിയില്‍ തുടക്കം കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സേവനങ്ങള്‍ക്കായി കാത്ത് നിന്ന് മുഷിയുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കെജ്രിവാള്‍ അറിയിച്ചു.

ഇന്ത്യയ്ക്കും ലോകത്തിനും ഇതൊരു മാതൃകയാവട്ടെയെന്നും അദ്ദേഹം പുറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, വാട്ടര്‍ കണക്ഷന്‍, ഡ്യൂപ്ലിക്കറ്റ് ആര്‍സി, ആര്‍സിയിലെ വിലാസം മാറ്റല്‍ എന്നിവയുള്‍പ്പെടെ 40 സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതൊരു വിപ്ലവാത്മക മാറ്റമാണ്. സേവനങ്ങള്‍ക്കായി ഓഫിസുകളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കുള്ള ബുദ്ധമുട്ട് ഇനിയുണ്ടാവില്ല. 1076ല്‍ വിളിച്ചാല്‍ സര്‍ക്കാരിന്റെ 40 സേവനങ്ങള്‍ അമ്പത് രൂപ മാത്രം ചെലവില്‍ വീട്ടുപടിക്കലെത്തും. ശരിയായ അര്‍ത്ഥത്തില്‍ പൊതുജനങ്ങളെ സര്‍ക്കാര്‍ സേവിക്കുക എന്ന സ്ഥിതിയാണ് ഉണ്ടാകുക.

ഡ്രൈവിങ് ലൈസന്‍സ്, പുതിയ ജല കണക്ഷന്‍ തുടങ്ങിയവയെല്ലാം രാവിലെ എട്ടിനും രാത്രി പത്തിനുമിടയില്‍ ഒരു ‘ മൊബൈല്‍ സഹായകിന്റെ സഹായത്തോടെ ലഭ്യമാക്കും. ഡല്‍ഹിയിലെ 11 ജില്ലകളിലും ആറു വീതം മൊബൈല്‍ സഹായക്കുമാരെയാണു രംഗത്തിറക്കുക. ഈ 66 പേരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ ഒരു സൂപ്പര്‍വൈസര്‍ വീതമുണ്ടാകും. ഇതിനായി കോള്‍ സെന്ററുകളും പ്രവര്‍ത്തിക്കും. വരും മാസങ്ങളില്‍ നൂറു സേവനങ്ങളെങ്കിലും പദ്ധതിയിലൂടെ ലഭ്യമാക്കാനാണു ശ്രമമെന്നു ചടങ്ങില്‍ സംസാരിച്ച ഭരണപരിഷ്‌കാര ചുമതലയുള്ള മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ കോള്‍ സെന്ററിനെയാണു ബന്ധപ്പെടേണ്ടത്. മൊബൈല്‍ സഹായക് വീട്ടിലെത്തി ആവശ്യമായ വിവരങ്ങളും രേഖകളും ശേഖരിക്കും.

ഇത്തരം പദ്ധതി ലോകത്തു തന്നെ ആദ്യമാണെന്നും ഭരണനിര്‍വഹണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി, ലഫ്.ഗവര്‍ണര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവ ഈ പദ്ധതി നടപ്പാക്കുന്നതു തടയാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടപെടലിലൂടെ അതെല്ലാം മറികടക്കാനായി. റേഷന്‍ സാധനങ്ങളും വീട്ടുപടിക്കലെത്തിക്കാന്‍ പദ്ധതിയുണ്ട്. റേഷന്‍ വിതരണ സംവിധാനത്തിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടെ ഇതും യാഥാര്‍ഥ്യമാക്കാനാകുമെന്നു കെജ്രിവാള്‍ പറഞ്ഞു.

‘ വീട്ടുപടിക്കല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ‘ പദ്ധതി നടപ്പിലാക്കുമെന്ന് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ലഫ്. ഗവര്‍ണര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി എഎപി പിന്നീട് ആരോപിച്ചു. ജൂലൈയില്‍ ഡല്‍ഹിയിലെ ഭരണസംവിധാനം സംബന്ധിച്ചു സുപ്രീംകോടതി വ്യക്തമായ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചതോടെയാണു പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പുനരാരംഭിച്ചത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്