Main Menu

രാഹുല്‍ ഗാന്ധിയും ശരദ് പവാറും കൂടിക്കാഴ്ച നടത്തി; 45 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായതായി ശരദ് പവാര്‍; ഇനി ധാരണയാകാനുള്ളത് മൂന്ന് സീറ്റുകളില്‍ മാത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും തമ്മിലുള്ള സീറ്റ് വിഭജനം അന്തിമ ഘട്ടത്തിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തി. ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായതായി ശരദ് പവാര്‍ രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക ശേഷം അറിയിച്ചു.

മൂന്നു സീറ്റുകളില്‍ മാത്രമാണ് ഇനി ധാരണയാകാനുള്ളത്. ഈ സീറ്റുകളില്‍ ആര്‍ക്കാണോ വിജയ സാധ്യത കൂടുതല്‍ ആ പാര്‍ട്ടി മത്സരിക്കട്ടെ എന്നാണ് ധാരണയെന്നും പവാര്‍ പറഞ്ഞു. എന്‍സിപിക്ക് നീക്കിവെക്കുന്ന സീറ്റുകളില്‍ നിന്ന് ഒരു സീറ്റ് രാജു ഷെട്ടിയുടെ കര്‍ഷക സംഘടനയായ സ്വഭിമാനി ശേദ്കാരിക്ക് നല്‍കുമെന്ന് പവാര്‍ അറിയിച്ചു. ഇടതുപാര്‍ട്ടികള്‍ക്കുള്ള സീറ്റ് കോണ്‍ഗ്രസ് അവരുടെ അക്കൗണ്ടില്‍ നിന്നാകും നല്‍കുക.

അതേസമയം രാജ് താക്കറേയുടെ നവനിര്‍മാണ്‍ സേനയുമായി സംഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പവാര്‍ തള്ളിക്കളഞ്ഞു. എംഎന്‍എസുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണ്. താക്കറേ താനുമായോ തന്റെ പാര്‍ട്ടി നേതാക്കളുമായോ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. രാജ് താക്കറേയുമായി താന്‍ നടത്തിയ ചര്‍ച്ച തീര്‍ത്തും വ്യക്തിപരമാണെന്നും അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് എത്തിയതെന്നും പവാര്‍ പറഞ്ഞു.

ഞങ്ങള്‍ രാജുഷെട്ടിയുമായും അദ്ദേഹത്തിന്റെ സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം ഏഴ് സീറ്റുകളാണ് ചോദിച്ചത്. ഞങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഒരു സീറ്റ് അദ്ദേഹത്തിന് നല്‍കാനാണ് തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്