Main Menu

പ്രളയദുരിതാശ്വാസത്തിനായി ലോകബാങ്ക് എഡിബി വായ്പ സ്വീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ലോകബാങ്ക്-എഡിബി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ലോകബാങ്കില്‍ നിന്ന് വായ്പ എടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 25000 കോടി രൂപ നഷ്ടമുണ്ടെന്നാണ് ലോകബാങ്ക് -എഡിബി റിപ്പോര്‍ട്ട്. ഓരോ വകുപ്പുകളും നടത്തുന്ന പുനരധിവാസ പദ്ധതികളിലുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം.

പ്രളയത്തില്‍ മുങ്ങിയ കേരളത്തിനുണ്ടായ നാശനഷ്ടം ഏകദേശം 25,000 കോടി രൂപയാണെന്ന് (3.5 ബില്യന്‍ ഡോളര്‍) ലോക ബാങ്ക് -എ.ഡി.ബി. സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതില്‍ ഏകദേശം ഏഴായിരം കോടി രൂപ ദീര്‍ഘകാല വായ്പയായി രണ്ട് ഏജന്‍സികളില്‍ നിന്നുമായി കേരളത്തിന് കിട്ടാന്‍ സാധ്യതയുണ്ട്.

വീടുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും ജീവിതോപാധികളുടെയും നഷ്ടക്കണക്കാണ് ചീഫ് സെക്രട്ടറി ടോം ജോസിനും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുന്നില്‍ ലോക ബാങ്കിന്റെയും എ.ഡി.ബി.യുടെയും പ്രതിനിധികള്‍ അവതരിപ്പിച്ചത്. പുനര്‍നിര്‍മാണത്തില്‍ കേരളം സ്വീകരിക്കേണ്ട നയങ്ങളെയും ഹ്രസ്വദീര്‍ഘകാല പരിപാടികളെയും പറ്റിയുള്ള ശുപാര്‍ശകളും ഏജന്‍സികള്‍ കൈമാറി.

സംസ്ഥാനസര്‍ക്കാര്‍ 35,000-40,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. എന്നാല്‍, ഇപ്പോള്‍ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ടാണെന്നും അന്തിമ റിപ്പോര്‍ട്ട് ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്നും ഈ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അന്തിമമായശേഷം വായ്പയെ സംബന്ധിച്ച് ഏജന്‍സികളുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കും. സാധാരണ 30 വര്‍ഷമാണ് ലോകബാങ്ക് വായ്പയുടെ തിരിച്ചടവു കാലാവധി. നിലവിലെ പലിശ 1.75 ശതമാനമാണ്. എന്നാല്‍, പുനര്‍നിര്‍മാണ വായ്പ കാലാവധിയും പലിശയും എത്രയായിരിക്കുമെന്ന് തീരുമാനമായിട്ടില്ല.

ലോകബാങ്കിന്റെയും എ.ഡി.ബി.യുടെയും പണം ഉപയോഗിച്ച് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി.) മാതൃകയില്‍ ഈ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള മിഷന്‍ രൂപവത്കരിക്കും.

പത്തു ജില്ലകളിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചും കളക്ടര്‍മാരുമായി ചര്‍ച്ച നടത്തിയുമാണ് ഏജന്‍സികള്‍ നാശനഷ്ടം വിലയിരുത്തിയത്. ലോകബാങ്കിന്റെ സീനിയര്‍ ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ദീപക് സിങ്, എ.ഡി.ബി. ഇന്ത്യ റസിഡന്റ് മിഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് അശോക് ശ്രീവാസ്തവ എന്നിവരുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ലോകബാങ്കിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെയും (ഐ.എഫ്.സി.) ഐക്യരാഷ്ട്ര സംഘടനയുടെയും പ്രതിനിധികളും പങ്കെടുത്തിരുന്നു.

ഭൂവിനിയോഗനയം മാറ്റണം പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രത്യേകനയം വേണമെന്ന് ലോകബാങ്കിന്റെയും എ.ഡി.ബി.യുടെയും ശുപാര്‍ശ. കുട്ടനാട്ടിലെ പുനര്‍നിര്‍മാണത്തിന് പ്രത്യേകം സമീപനം വേണം. അവിടെ പ്രളയം തടയാനുള്ള പദ്ധതി വേണം. കുട്ടനാട്, കോള്‍നിലങ്ങള്‍, മലയോരമേഖലകള്‍ എന്നിങ്ങനെ പരിസ്ഥിതിലോല മേഖലകള്‍ക്ക് പ്രത്യേക അതോറിറ്റി വേണം.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്