Main Menu

ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 4 പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 4 പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മോട്ടി നഗറില്‍ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം.

മോട്ടി നഗറിലെ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ ഡിഎല്‍എഫ് ക്യാപിറ്റല്‍ ഗ്രീന്‍സിലെ മലിനജല ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ട 5 പേരും. തങ്ങളുടെ ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ഇവരെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ കമ്പനി നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റുള്ളവര്‍ പറയുന്നത്.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നത് തങ്ങളുടെ ജോലിയല്ലെന്ന് ഇവര്‍ അറിയിച്ചിരുന്നെങ്കിലും ഭീഷണിപ്പെടുത്തി ഇവരെകൊണ്ട് സെപ്റ്റിക് ടാങ്കില്‍ ഇറക്കുകയായിരുന്നു. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ തയ്യാറായില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പുറമെ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങാന്‍ സേഫ്റ്റി ബെല്‍റ്റോ മാസ്‌കോ ഇവര്‍ക്ക് നല്‍കിയില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

അതേസമയം മലിനജല ശുദ്ധീകരണപ്ലാന്റിന്റെ  നിയന്ത്രണം ജെഎല്‍എല്‍ എന്ന കമ്പനിക്കാണെന്നാണ് ഡിഎല്‍എഫിന്റെ വാദം. ”ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും സേവനങ്ങളുമുള്ള സ്ഥാപനമാണ് ജെഎല്‍എല്‍. വിശദമായ റിപ്പോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ എല്ലാ നടപടികളും ജെഎല്‍എല്‍എ സ്വീകരിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’, ഡിഎല്‍എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാല്‍ ഈ സംഭവത്തില്‍ പ്രതികരിക്കാന്‍ ജെഎല്‍എല്‍ തയ്യാറായിട്ടില്ല. അതിനിടെ 4 പേര്‍ മരിക്കാനിടയായ സംഭവത്തിലെ സുരക്ഷാ വീഴച ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തു.

ഉമേഷ്, പങ്കജ്, രാജ, സര്‍ഫരാജ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിശാല്‍ ആര്‍എല്‍എം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

സെപ്റ്റിക് ടാങ്കിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ ഉമേഷ് ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് ഇവര്‍ക്കൊപ്പം പ്ലാന്റില്‍ ജോലി ചെയ്തിരുന്ന കപില്‍ കുമാര്‍ പറഞ്ഞു. ഉമേഷിനെ നോക്കാനായി ടാങ്കിലേക്ക് ഇറങ്ങിയ മറ്റ് മൂന്ന് പേരും ബോധരഹിതരാവുകയായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്