Main Menu

ജലന്ധര്‍ പീഡനക്കേസില്‍ പൊലീസ് നടപടികളെ ന്യായീകരിച്ച് സിപിഐഎം കേന്ദ്രനേതൃത്വം; അന്വേഷണം ശരിയായ ദിശയിലെന്ന് എസ് രാമചന്ദ്ര പിള്ള

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ പൊലീസ് നടപടികളെ ന്യായീകരിച്ച് സിപിഐഎം കേന്ദ്രനേതൃത്വം രംഗത്ത്. അന്വേഷണം ശരിയായ ദിശയിലാണെന്നും മറിച്ചുള്ള കന്യാസ്ത്രീകളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം, ആരോപണങ്ങള്‍ ഗൂഢാലോചനയെന്ന നിലപാടിലാണ് ജലന്തര്‍ രൂപത. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും രൂപതയേയും ബിഷപ്പിനേയും ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്നും രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. കുറ്റം തെളിയും വരെ മാധ്യമവിചാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 77 ദിവസം പിന്നിടുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ കോടതിയുടെ വിമര്‍ശനവും നാടെങ്ങും ഉയരുന്ന പ്രതിഷേധവുമാണ് അന്വേഷണ സംഘത്തിന്റെ ഇന്നത്തെ യോഗം നിര്‍ണായകമാക്കുന്നത്. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ബിഷപ്പിനെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

മൊഴിയിലെ വൈരുദ്ധ്യവും അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും ബിഷപ്പിനെ ഇത്തവണ കുരുക്കിലാക്കും. 2014, 16 കാലഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു. കന്യാസ്ത്രീ, ബിഷപ്പ്, കര്‍ദിനാള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ രഹസ്യമൊഴിക്ക് പുറമെ നാടുക്കുന്ന് മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍, വൈദ്യ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ ബിഷപ്പിനെ കുരുക്കിലാക്കുന്ന തെളിവുകളും കണ്ടെത്തി.

കന്യാസ്ത്രീയെ അറിയില്ലെന്നും പീഡനം നടന്ന മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്റെ മൊഴി കുരുക്കു മുറുക്കി. അന്വേഷണം ക്രൈംബാഞ്ചിന് വിട്ട് അന്വേഷണം അട്ടിമറിച്ച് ബിഷപ്പിനെ രക്ഷിക്കാനും ശ്രമം നടന്നു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതോടെ അന്വേഷണ സംഘം വിപുലീകരിച്ച് പൊലീസ് തടിതപ്പി. അന്വേഷണം പൂര്‍ത്തിയായതായി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.

കന്യാസ്ത്രീയുടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞു. നടപടികള്‍ വിശദീകരിച്ചുള്ള മറുപടി നാളെ കോടതിയില്‍ നല്‍കണം. ബിഷപ്പിനെ ചോദ്യം ചെയ്യാനായി നോട്ടിസ് നല്‍കി മുഖം രക്ഷിക്കാനാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും ശ്രമം.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാംദിവസത്തിലേക്ക് കടക്കുകയാണ്. ഹൈക്കോടതി ജംഗ്ഷനില്‍ നടക്കുന്ന റിലേ നിരാഹാര സമരത്തോടനുബന്ധിച്ച് ഇന്ന് സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാ, സാഹിത്യമേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കും. സംവിധായകന്‍ മേജര്‍ രവി, കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവര്‍ കഴിഞ്ഞദിവസം സമരപ്പന്തലിലെത്തി കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ സമരം നടത്തുന്നത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്