മധ്യ ചൈനയെ പിടിച്ചുകുലുക്കി വന്‍ ഭൂചലനം. ‌റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി. സിയാച്ചിന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചു. വിനോദസഞ്ചാരികളടക്കം നൂറിലേറെ പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 175 ലേറെ പേര്‍ക്ക് പരിക്കേറ്റു. 30 പേരുടെ നില ഗുരുതരമായി തുടരുന്നു.

പ്രാദേശിക സമയം ഇന്നലെ രാത്രി 9.20ഓടെയാണു ഭൂചലനമുണ്ടായത്. ഗ്വാന്‍ജുയാന്‍ നഗരത്തിന് 200 കിലോമീറ്റര്‍ ചുറ്റളവിലാണിത്. നേരത്തെ റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനവും ഇവിടെ അനുഭവപ്പെട്ടിരുന്നു. തുടര്‍ ചലനങ്ങളിലാണു കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. ഗ്വാവാ മേഖലയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു സിച്ചുവാന്‍ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗോത്രവിഭാഗമായ ടിബറ്റന്‍കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണു ഗ്വാവാ. ഇവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നര ലക്ഷത്തോളം വീടുകള്‍ തകര്‍ന്നതായും പ്രാദേശിക മാധ്യമങ്ങള്‍‌ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ കമ്പനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജീവന്‍ രക്ഷാ സേനക്കൊപ്പം സൈന്യവും സഹായത്തിനായി ഇറങ്ങിയിട്ടുണ്ട്. 2008 മേയില്‍ സിച്ചുവാനിലുണ്ടായ ഭൂചലനത്തില്‍ 70,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.