Main Menu

ക്രിക്കറ്റ് പൂരത്തിന് കൊടിയിറങ്ങുന്നു; നാളെ ഫൈനല്‍ പോരാട്ടം; ബംഗ്ലാ കടുവകളെ നേരിടാന്‍ ഇന്ത്യ

അബുദാബി: ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഫൈനലിലെത്തി ഇന്ത്യയോടേറ്റ തോല്‍വിക്ക് പകരം ചോദിക്കാമെന്ന പാക് മോഹമാണ് ബംഗ്ലാ കടുവകള്‍ തകര്‍ത്തെറിഞ്ഞത്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ 37 റണ്‍സിന് പാകിസ്താനെ തകര്‍ത്താണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍ പോരാട്ടം.

സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ പാകിസ്താന്‍ തോല്‍പ്പിക്കുമെന്നും ഫൈനലിലെത്തി ഇന്ത്യയോട് പകരം ചോദിക്കുമെന്നും പാകിസ്താന്‍ കോച്ച് മിക്കി ആര്‍തര്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, ബംഗ്ലാദേശിനു മുന്നില്‍ പാകിസ്താന്‍ മുട്ടുമടക്കി. 240 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് നിശ്ചിത ഓവറില്‍ 202 റണ്‍സെടുക്കാനേ സാധിച്ചുളളൂ.

പാകിസ്താന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. നാലോവര്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പെ പാകിസ്താന് മൂന്നു വിക്കറ്റാണ് നഷ്ടമായത്. ഫഖര്‍ സമാനും ബാബര്‍ അസമും ഒരു റണ്‍സെടുത്തും സര്‍ഫ്രാസ് 10 റണ്‍സെടുത്തും പുറത്തായി. ഷൊയ്ബ് മാലിക് (30) ആസിഫ് അലി (31) കൂട്ടുകെട്ട് പാകിസ്താനെ മുന്നോട്ടു നയിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല. മാലിക്കിന്റെ വിക്കറ്റ് വീഴ്ത്തി റൂബൈല്‍ ബുസൈന്‍ ആ കൂട്ടുകെട്ട് പൊളിച്ചു.

ആസിഫ് അലിയും ഫഖര്‍ സമാനും 71 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി പാക് ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും ആസിഫ് അലിയുടെ വിക്കറ്റെടുത്ത് ബംഗ്ലാദേശ് വിജയത്തിന് തടയിട്ടു. പിന്നീടങ്ങോട്ട് വിക്കറ്റുകള്‍ വീണത് പെട്ടെന്നായിരുന്നു. ഒടുവില്‍ 202 റണ്‍സിന് പാകിസ്താന്‍ ഇന്നിങ്‌സ് അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫിഖര്‍ റഹീമിന്റെയും മുഹമ്മദ് മിഥുന്റെയും മികച്ച ബാറ്റിങ്ങിലാണ് 239 റണ്‍സെടുത്തത്. മുഷ്ഫിഖര്‍ 99 റണ്‍സെടുത്തു. മുഹമ്മദ് മിഥുന്‍ 60 റണ്‍സ് എടുത്തു. ഇരുവരും ചേര്‍ന്ന് 144 റണ്‍സിന്റെ കൂട്ടകെട്ടാണുണ്ടാക്കിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്