Main Menu

കേന്ദ്രസര്‍ക്കാരിന് ലഭിച്ച അംഗീകാരം; ആധാറിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള അംഗികാരമാണ് ഇതെന്നും അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.

ആധാറിലെ വിധി സാധാരണക്കാരെ സഹായിക്കുന്നതിനുള്ളതാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് രാജ്യത്ത് വളരെ നല്ല ആശയങ്ങള്‍ കൊണ്ടുവന്നെങ്കിലും, അവര്‍ക്ക് അതുകൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും ജെയ്റ്റ്‌ലി പരിഹസിച്ചു.

അതേസമയം, ഏകീകൃത സംവിധാനം അനുകൂലിച്ചതിനൊപ്പം ചില നിയന്ത്രണങ്ങളോടെ ആധാർ നടപ്പാക്കാമെന്ന് സുപ്രീംകോടതി നിലപാടു സ്വീകരിച്ചതോടെ ആധാർ നിർബന്ധമാക്കൽ നടപടികളുമായി ഇനി സർക്കാരിനു മുന്നോട്ടു പോകാം. ധനബില്ലായി ആധാർ നിയമം പരിഗണിക്കാമെന്ന വിധിയാണ് കേന്ദ്ര സർക്കാരിന് ഏറെ ആശ്വാസമായത്. ധനബില്ലായി അവതരിപ്പിക്കുന്നതോടെ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ പടി കടക്കാതെ തന്നെ ആധാർ നിയമത്തിനു സാധുതയായി. ആധാർ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബിൽ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.

ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്നാണ് സുപ്രീംകോടതി ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരിൽ പൗരാവകാശം നിഷേധിക്കരുത്. ആധാർ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെ​ഞ്ചാണ് ഹർജികൾ കേട്ടത്. മൂന്നു ജസ്റ്റിസുമാര്‍ ആധാർ വിഷയത്തിൽ ഒരേ നിലപാട് രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാൻവിൽക്കറും എ.കെ.സിക്രിയും ആധാറിന് അനുകൂലമായി നിലകൊണ്ടപ്പോൾ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തി. ആധാർ കേസുമായി ബന്ധപ്പെട്ട നിയമം ധനബില്ലായി പരിഗണിക്കരുതെന്ന് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.

40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്. ആധാർ കൃത്രിമമായി നിർമിക്കാനാകില്ല. ഇതിനായി ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമാണ്. സർക്കാർ പദ്ധതികളിലെ നേട്ടങ്ങൾ ആധാറിലൂടെ അർഹരായവർക്ക് നൽകാനാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസം വിരലടയാളത്തിൽ നിന്ന് ഒപ്പിലേക്ക് വഴിമാറ്റിയെങ്കിൽ സാങ്കേതികവിദ്യ ഒപ്പിൽ നിന്ന് വിരലടയാളത്തിലേക്ക് മടക്കിയെത്തിച്ചെന്ന് വിധിപ്രസ്താവനയിൽ ജസ്റ്റിസ് സിക്രി സൂചിപ്പിച്ചു.

ആധാർ നിയമത്തിലെ 33(2), 57, 47 വകുപ്പുകൾ കോടതി റദ്ദാക്കി. ദേശസുരക്ഷയുടെ പേരിൽ ആവശ്യമെങ്കിൽ ആധാർ വിവരങ്ങൾ കൈമാറാനുള്ള ഇളവാണ് 33(2) വകുപ്പ് റദ്ദാക്കിയതിലൂടെ ഇല്ലാതായത്. വകുപ്പ് 57 റദ്ദായതോടെ വ്യക്തിവിവരങ്ങൾ ഉറപ്പിക്കാനായി സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ഉപയോഗിക്കാമെന്ന പഴുതടഞ്ഞു. വകുപ്പ് 47 റദ്ദാക്കിയതോടെ ആധാർ സംബന്ധിച്ച് വ്യക്തികൾക്കും ഇനി പരാതി നൽകാനാകും. ആധാർ വിവരചോർച്ചയുണ്ടായാൽ ക്രിമിനൽ ഹർജി നൽകാൻ ആധാർ നടപ്പാക്കുന്ന യുഐഡിഎഐയ്ക്കു മാത്രമേ കഴിയൂ എന്ന വകുപ്പായിരുന്നു ഇത്.

ആധാറുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ നാലു മാസങ്ങളിലായി 38 ദിവസത്തോളമാണ് വാദം നടന്നത്. ആധാര്‍ പദ്ധതി പൗരന്‍റെ സ്വകാര്യതയ്ക്ക് നേരേയുളള കടന്നുകയറ്റമാണെന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജികളിലെ പ്രധാനവാദം. എന്നാല്‍, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പൗരന്‍റെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണോ, സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുളള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാര്‍ നിര്‍ബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് പരിശോധിച്ചത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്