Main Menu

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി; കുട്ടനാട്ടിലെ ജനജീവിതത്തെ സാരമായി ബാധിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഹര്‍ത്താല്‍ തുടങ്ങി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . പാല്‍ , പത്രം , എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും ഹര്‍ത്താലെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട് . ഇരുമുന്നണികളുടേയും നേതൃത്വത്തില്‍ ഏജീസ് ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം ഹര്‍ത്താല്‍ കുട്ടനാട്ടിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലേക്ക് വാഹനം ഓടുന്നതിന് തടസമില്ലെന്ന് നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ ഓടാത്തത് ജനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ വിവിധ ബോട്ട് സര്‍വീസുകളും ഹര്‍ത്താല്‍ കാരണം മുടങ്ങി. ആലപ്പുഴ ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ എത്തുന്നതിനും ഹര്‍ത്താല്‍ തടസമായി.

നേരത്തെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് മൂന്ന് വരെയായിരുന്നു ബന്ദ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയുള്ള ഹര്‍ത്താലായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങും മുന്‍പെ ഇന്നലെ രാത്രി രണ്ടിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മലപ്പുറം പടിക്കലില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. മൂന്നാറില്‍ നിന്ന് ബംഗളൂരിവിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. തിരുവനന്തപുരം പാറശാലയില്‍ തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് അടിച്ചു തകര്‍ക്കുകയായിരുന്നു. കൊല്ലങ്കോട് നിന്നും മാര്‍ത്തണ്ഡത്തേക്ക് പോവുകയായിരുന്നു ബസ്.

ഇന്ധന വിലവര്‍ധനയിലും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് ദേശീയ തലത്തില്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.

കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍, ആരോഗ്യ സര്‍വകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല എന്നിവ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള, എംജി സര്‍വകലാശാലകള്‍ 15 വരെയുള്ള പരീക്ഷകള്‍ നേരത്തേ മാറ്റിവച്ചിരുന്നു.

ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ ദേശവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സര്‍ക്കാര്‍ എന്നതിനേക്കാളും ജനങ്ങളെ കൊള്ളയടിക്കുന്ന, ലാഭം മാത്രമുള്ള കമ്പനിയാണു നരേന്ദ്രമോദി നയിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാജ്യത്തെ ജനങ്ങളില്‍ നിന്നു മാത്രം 11 ലക്ഷം കോടി രൂപയാണ് മോദി കൊള്ളയടിച്ചത്.

ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നത് കര്‍ഷകര്‍ക്കുള്‍പ്പെടെ ഇരുട്ടടിയായി. പെട്രോള്‍-ഡീസല്‍ വിലയും ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരണം. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാതെ ഒളിച്ചോടുകയാണ് മോദി സര്‍ക്കാര്‍. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമിതി യോഗം ഇന്ധനവില ചര്‍ച്ച ചെയ്യാത്തത് ഇതിനുള്ള തെളിവാണെന്നും സുര്‍ജേവാല പറഞ്ഞു.

ഇന്ധന വിലവര്‍ധനയ്ക്കു പരിഹാരം നിര്‍ദേശിക്കാനോ അതേക്കുറിച്ചു ചര്‍ച്ച ചെയ്യാനോ പോലും ബിജെപി മുതിരാത്തതില്‍ വേദനയുണ്ടെന്നു കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് 21 രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ അസോസിയേഷനുകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു.

എന്നാല്‍ ഹര്‍ത്താലിന്റെ പേരില്‍ അക്രമത്തിനു മുതിരരുതെന്നു കോണ്‍ഗ്രസ് അനുയായികളോട് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തു പെട്രോള്‍-ഡീസല്‍ വില കുതിച്ചു കയറുകയാണ്. ഞായറാഴ്ച പെട്രോള്‍ ലീറ്ററിനു 12 പൈസയും ഡീസല്‍ 10 പൈസയുമാണു വര്‍ധിച്ചതെന്നും മാക്കന്‍ പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനൊപ്പം ഭരണകക്ഷിയായ ജെഡിഎസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ബന്ദ് ജനജീവിതത്തെ ബാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ബന്ദിനോടു സഹകരിക്കേണ്ടെന്നാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ബന്ദിനു കാരണമായ വിഷയങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തു സമരങ്ങള്‍ വേണ്ടെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നയപ്രകാരമാണു വിട്ടു നില്‍ക്കുന്നത്.

ഒഡിഷയില്‍ ബിജെഡി സര്‍ക്കാരും ബന്ദിനെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ വേണ്ടെന്ന നിലപാടിലാണ്. മഹാരാഷ്ട്രയില്‍ ശിവസേന സമരത്തെ അനുകൂലിക്കുന്നില്ല. എന്നാല്‍ എസ്പിയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും പിന്തുണയ്ക്കുന്നുണ്ട്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്