Main Menu

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 10 പേര്‍ മരിച്ചു; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ലാംബാക്ക് ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പത്തു പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പരുക്കേറ്റ നാല്‍പതോളം പേരെ ആശുപത്രികളിലേക്കു മാറ്റി. മരിച്ചവരില്‍ മലേഷ്യയില്‍ നിന്നുള്ള വിദേശ ടൂറിസ്റ്റുമുണ്ട്. സുനാമി മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ല.

People gather on the streets following an earthquake measuring 6.4

പുലര്‍ച്ചെ 6.47നായിരുന്നു ഭൂചലനമുണ്ടായത്. 20-30 സെക്കന്‍ഡ് നേരമാണു ഭൂകമ്പം തുടര്‍ന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. ലാംബാക്ക് ദ്വീപിന്റെ വടക്കുള്ള മത്താരം നഗരത്തിന്റെ വടക്കുകിഴക്ക് 50 കി.മീ. മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏഴു കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവകേന്ദ്രമെന്നതും ഭൂകമ്പത്തിന്റെ ആഘാതം കൂട്ടി. നീന്തല്‍ക്കുളങ്ങളില്‍ ഉള്‍പ്പെടെ തിരമാലയടിക്കുന്നതു പോലെ വെള്ളം ഉയര്‍ന്നതോടെ പലരും റിസോര്‍ട്ടുകള്‍ വിട്ടും ഇറങ്ങിയോടി.

A woman stands near an injured person outside of a hospital after an earthquake hit Sembalun Selong village in Lombok Timur

ആരംഭത്തില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ 66 ചെറുപ്രകമ്പനങ്ങളുമുണ്ടായി. ഇതില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായിരുന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം തൊട്ടടുത്ത ദ്വീപായ ബാലിയിലും എത്തി. ഇന്തൊനീഷ്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ബാലി. ലാംബാക്കിലെ മൗണ്ട് റിന്‍ജാനി ദേശീയോദ്യാനം അടച്ചു. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ റിന്‍ജാനി പര്‍വതത്തിലേക്കുള്ള ട്രക്കിങ്ങും താല്‍ക്കാലികമായി നിര്‍ത്തി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്