Main Menu

4000 പശുക്കളെ ഇറക്കുമതി ചെയ്യുന്നു; പശുക്കളെ വിമാന മാര്‍ഗ്ഗം ഖത്തറിലെത്തിക്കും

ദോഹ: സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും ഒറ്റയടിക്ക് വിഛേദിച്ചത് ഖത്തറിനെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു. ഭക്ഷ്യ വസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും ഇറക്കുമതിയെ ആശ്രയിക്കുന്ന ഖത്തറിന്റെ എല്ലാ അതിര്‍ത്തികളും കൊട്ടിയടക്കപ്പെട്ടു. ഇത് പെട്ടെന്നുള്ള തളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തു. പാലിന്റെ കാര്യത്തിലാണ് ഖത്തര്‍ ഏറ്റവും അധികം കുഴങ്ങിയത്. സൗദിയില്‍ നിന്നായിരുന്നു പാല്‍ ഇറക്കുമതി. നിരോധനം വന്നതോടെ ഖത്തറിന്റെ പാലുകുടി തന്നെ മുട്ടുന്ന അവസ്ഥയില്‍ ആയി. ആ പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ വ്യവസായി ചെയ്യുന്ന കാര്യം കേട്ടാല്‍ ആരായാലും മൂക്കത്ത് വിരല്‍ വച്ച് പോകും.

ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതോടെ നിത്യോപയോഗത്തില്‍ ഖത്തറികള്‍ നേരിട്ടത് പാല്‍ ക്ഷാമം ആയിരുന്നു. പാല്‍ ഇറക്കുമതി ഏതാണ്ട് നിലച്ച നിലയില്‍ ആയിരുന്നു ആദ്യ ദിവസങ്ങളില്‍. സൗദി അറേബ്യയില്‍ നിന്നായിരുന്നു ഖത്തര്‍ പാലും പാല്‍ ഉത്പന്നങ്ങളും പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. കര അതിര്‍ത്തിപോലും സൗദി അടച്ചതോടെ ഖത്തറിന്റെ പാലുകുടി മുട്ടിയ അവസ്ഥയായി.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പാല്‍ കിട്ടാനില്ലാത്ത സ്ഥിതി വിശേഷം വരെ വന്നു.  നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും നിര്‍മാണ സാമഗ്രികളും എല്ലാം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. പെട്ടെന്ന് വിലക്ക് വന്നപ്പോള്‍ ആ മേഖലകളെല്ലാം സ്തംഭിക്കുന്ന അവസ്ഥയിലായി. എന്നാല്‍ ഇപ്പോള്‍ എല്ലാ മേഖലകളും വീണ്ടും സജീവമായിക്കഴിഞ്ഞു. സൗദിയില്‍ നിന്നുള്ള പാല്‍ ഇറക്കുമതിയില്ലെങ്കില്‍ ആവശ്യമായ പാല്‍ സ്വയം ഉത്പാദിപ്പിക്കും എന്നാണ് ഖത്തറിലെ ശതകോടീശ്വരനും വ്യവസായിയും ആയ മൗത്സ അല്‍ ഖയ്യാത്ത് പറയുന്നത്. അതിന് വേണ്ട പദ്ധതിയും തയ്യാറാക്കിക്കഴിഞ്ഞു.

ഖത്തറിന് പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ വേണ്ടി 4,000 പശുക്കളെയാണ് അല്‍ ഖയ്യാത്ത് ഇറക്കുമതി ചെയ്യുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ഇറക്കുമതി. വിമാനത്തിലാണ് പശുക്കളെ എത്തിക്കാനുള്ള പദ്ധതി.

തുര്‍ക്കിയില്‍ നിന്നുള്ള പാല്‍, ഇറാനില്‍ നിന്ന് പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും എത്തിയിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്ന് പാലും പാല്‍ ഉത്പന്നങ്ങളും എത്തുന്നുണ്ട്. അതുകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തില്‍ ഖത്തര്‍ ഇപ്പോള്‍ ഒരു വെല്ലുവിളിയും നേരിടുന്നില്ല എന്നതാണ് സത്യം.

ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ അല്‍ ഖയ്യത്ത് എന്ന കോടീശ്വരന്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. ഖത്തറിലെ ഏറ്റവും വലിയ മാളിന്റെ നിര്‍മാണം നടത്തുന്നത് ഇദ്ദേഹത്തിന്റെ കമ്പനിയാണ്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ഇങ്ങനെയൊക്കെയല്ലേ അതിനെ നേരിടാന്‍ കഴിയൂ എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. നിലവില്‍ ഇവിടെ ആട്ടിന്‍പാലും ഇറച്ചിയും ഉത്പാദിപ്പിക്കുന്നുണ്ട്. പശുക്കളെ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയും നേരത്തേ ഉണ്ടായിരുന്നു. അപ്പോഴാണ് ഖത്തറിന് വിലക്ക് വരുന്നത്. ഇപ്പോള്‍ ആ പദ്ധതി വേഗത്തിലാവുകയാണ്. തങ്ങള്‍ക്ക് ആവശ്യമായ പാല്‍, പാല്‍ ഉത്പന്നങ്ങളുടെ മൂന്നിലൊന്ന് ഖത്തറില്‍ തന്നെ ഉത്പാദിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തദ്ദേശീയ ഉത്പാദനത്തിന് ഖത്തര്‍ ഇപ്പോള്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്