Main Menu

2018ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലെ പ്രളയം; റിപ്പോര്‍ട്ടുമായി ലോക കാലാവസ്ഥാ സംഘടന

ജനീവ: 2018ല്‍ ലോകംകണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തം കേരളത്തിലുണ്ടായ മഹാപ്രളയമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ട്. മരണസംഖ്യ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പ്രളയം ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി കണക്കാക്കപ്പെടുന്നത്. സാമ്പത്തിക നഷ്ടത്തിന്റെ കണക്കെടുപ്പില്‍ 2018ലെ ആഗോളദുരന്തങ്ങളില്‍ നാലാമതാണ് ഓഗസ്റ്റിലുണ്ടായ പ്രളയം. അമേരിക്കയിലുണ്ടായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റാണ് സാമ്പത്തിക നഷ്ടത്തിന്റെ കണക്കെടുപ്പില്‍ ഒന്നാമത്.

ജപ്പാന്‍, കൊറിയ, നൈജീരിയ എന്നിവ ിടങ്ങളിലുണ്ടായ പ്രളയവും പാകിസ്താനിലുണ്ടായ ഉഷ്ണതരംഗവുമാണ് ആള്‍നാശത്തിന്റെ കാര്യത്തില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത്. സെപ്റ്റംബറില്‍ യു.എസിലുണ്ടായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റാണ് ഏറ്റവുംവലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. 35,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ആള്‍നാശത്തില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ള ജപ്പാനില്‍ ജൂണ്‍ജൂലായ് മാസങ്ങളിലുണ്ടായ പ്രളയത്തില്‍ 230 പേര്‍ മരിച്ചു. െസപ്റ്റംബറില്‍ നൈജീരിയയിലുണ്ടായ പ്രളയത്തില്‍ നൂറിലേറെപ്പേര്‍ മരിച്ചു. ഉത്തരകൊറിയയിലെ വെള്ളപ്പൊക്കത്തില്‍ 76 പേര്‍ മരിച്ചു. 75 പേരെ കാണാതായി. പാകിസ്താനിലെ ഉഷ്ണതരംഗത്തില്‍ 65 പേരാണ് മരിച്ചത്.

2017ല്‍ ഇന്ത്യയിലാകെ മഴക്കെടുതികളിലും വെള്ളപ്പൊക്കത്തിലുമുണ്ടായതിലുമേറെയാണ് കേരളത്തിലെ മഹാപ്രളയത്തിലുണ്ടായ നഷ്ടം. വീട്, കൃഷിനാശമുള്‍പ്പെടെ 18,279 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായതെന്ന് കേന്ദ്ര ജലക്കമ്മിഷന്‍ വിലയിരുത്തുന്നു. എന്നാല്‍, കേരളത്തില്‍ മഹാപ്രളയമുണ്ടാക്കിയത് 20,000 കോടിരൂപയുടെ നഷ്ടമാണെന്നാണ് ജലക്കമ്മിഷന്‍ വിലയിരുത്തല്‍.

എന്നാല്‍, നഷ്ടം ഇതിലെത്രയോ അധികമാണെന്ന് ലോകബാങ്കും യു.എന്നും സംസ്ഥാനസര്‍ക്കാരും കണക്കാക്കുന്നു. ലോകബാങ്കും യു.എന്നും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 31,000 കോടിരൂപയുടെ നഷ്ടം സൂചിപ്പിക്കുന്നു. യഥാര്‍ഥ നഷ്ടം ഇതിലുമേറെയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിക്കുന്നു.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ 33 ലക്ഷംപേരുടെ തൊഴിലവസരങ്ങളെ പ്രളയം പ്രതിസന്ധിയിലാക്കിയെന്ന് ക്ലൈമറ്റ് ട്രെന്‍ഡ്‌സ് എന്ന കാലാവസ്ഥാ ഗവേഷണസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാമാറ്റമാണ് കേരളത്തില്‍ അസാധാരണ മഴയ്ക്കിടയാക്കിയതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുചെയ്തിരുന്നു.

ലോക കാലാവസ്ഥാസംഘടനയാണ് (ഡബ്ല്യുഎംഒ) വ്യാഴാഴ്ച ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രളയത്തില്‍ 223 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ 483 പേര്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. 54 ലക്ഷംപേരെ പ്രളയം പൂര്‍ണ്ണമായും ബാധിച്ചിട്ടുണ്ട്. 14 ലക്ഷം പേര്‍ക്ക് വീടുവിട്ടുപോകേണ്ടിവന്നു. കൂടാതെ, സംസ്ഥാനത്തിന് ഏകദേശം 30,000 കോടി രൂപയുടെ (430 കോടി യു.എസ്. ഡോളര്‍) സാമ്പത്തികനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്