Main Menu

ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ലെന്ന് പൊലീസ്; ബിഷപ്പിന്റെ അറസ്റ്റിന് മുമ്പ് ഡിജിപിയുടെ അഭിപ്രായം ആരായും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ലെന്ന് പൊലീസ്. അറസ്റ്റിന് മുമ്പ് ഡിജിപിയുടെ അഭിപ്രായം ആരായും.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൊലീസ് തുടങ്ങിയതായാണ് സൂചന. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐജിയുടെ യോഗത്തില്‍ വിലയിരുത്തിയത്. അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണസംഘം യോഗത്തില്‍ അറിയിച്ചത്.

ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ തങ്ങുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍.

ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തില്‍ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയില്‍ യോഗം ചേര്‍ന്നു. ആദ്യ ദിവസം നല്‍കിയ മൊഴികള്‍ വിശകലനം ചെയ്താകും രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടക്കുക. ബിഷപ്പിനോട് ചോദിക്കുവാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണെന്നും ബിഷപ്പിന്റെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആരോപണങ്ങളെ പരമാവധി പ്രതിരോധിക്കുന്ന നിലപാടാണ് ബിഷപ്പ് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചതെന്നാണ് പൊലീസ് നല്കുന്ന സൂചന. എന്നാല്‍ ബിഷപ്പിന്റെ വാദം പൊലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല.

ചില പൊരുത്തക്കേടുകള്‍ ഇപ്പോഴുമുണ്ട്. ഇതിന്റെ ചുവട് പിടിച്ചാകും ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യല്‍. ബലാത്സംഗ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നാണ് ഇന്നലെ നടന്ന ഏഴുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്. വാദങ്ങള്‍ നിരത്തുന്നതിന് ഫോണ്‍ റെക്കോര്‍ഡുകളും, വീഡിയോകളും ഉള്‍പ്പടെ ബിഷപ്പ് ഫ്രാങ്കോ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.

ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ നിന്ന് കൊച്ചി മരടിലെ ആഡംബര ഹോട്ടലിലേക്കാണ് ബിഷപ്പ് പോയത്. ഹോട്ടല്‍ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്