Main Menu

ഹെയ്തിയില്‍ ഭൂകമ്പം; 11 പേര്‍ മരിച്ചു; നൂറോളം പേര്‍ക്ക് പരിക്ക്

പോര്‍ട്ട് ഓഫ് പ്രിന്‍സ്: എട്ട് വര്‍ഷത്തിന് ശേഷം കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്തിയില്‍ ഭൂകമ്പം. 11 പേര്‍ മരിച്ചു, നൂറോളം പേര്‍ക്കു പരുക്കേറ്റു. ഒരു കുട്ടി കെട്ടിടങ്ങള്‍ക്കിടയില്‍പ്പെട്ടാണു മരിച്ചത്. ഓഡിറ്റോറിയം തകര്‍ന്നും ഒരാള്‍ മരിച്ചിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.10നായിരുന്നു 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് അനുഭവപ്പെട്ട ഭൂകമ്പത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. ജയിലിനും കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്നു ചിലയിടത്തു തടവുകാരെ മാറ്റി. പോര്‍ട്ട് ഓഫ് പൈക്‌സ് നഗരത്തിനു 19 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഭൂമിക്കടിയില്‍ ഏകദേശം 11.7 കിലോമീറ്റര്‍ ആഴത്തിലാണിത്.

ദ്വീപില്‍ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓഫ് പ്രിന്‍സിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളെത്തി. 2010ല്‍ ഹെയ്തിയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ രണ്ടു ലക്ഷത്തോളം പേരാണു മരിച്ചത്. മൂന്നു ലക്ഷത്തോളം പേര്‍ക്കു പരുക്കേറ്റു.

എന്നാല്‍ നിലവില്‍ ഭയക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ജോവനെല്‍ മോയ്‌സ് ട്വീറ്റ് ചെയ്തു. നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഭൂകമ്പത്തെത്തുടര്‍ന്ന് പരിഭ്രാന്തരായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരാണു പരുക്കേറ്റവരിലേറെയും.

2010ല്‍ പോര്‍ട്ട് ഓഫ് പ്രിന്‍സില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. അതിനു ശേഷമുണ്ടായ ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്. പോര്‍ട്ട് ഓഫ് പൈക്‌സ്, ഗ്രോസ്-മോണ്‍, ടോര്‍ട്ടുഗ ഐലന്റ് എന്നിവിടങ്ങളിലാണ് ഇത്തവണ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്