ഹജ്ജ് തീര്‍ഥാടനം: രണ്ടാം ഗഡു അടയ്ക്കേണ്ട തീയതി ജൂലൈ 10 വരെ നീട്ടി

കൊച്ചി: ഹജ്ജ് തീര്‍ഥാടനത്തിനുള്ള രണ്ടാംഗഡു തുക അടക്കേണ്ട തീയതി നീട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ അവസരം ലഭിച്ചവരുടെ രണ്ടാംഗഡു അടയ്ക്കാനുള്ള തീയതിയാണ് നീട്ടിയത്. ജൂലൈ 10 വരെയാണ് തീയതി നീട്ടിയിട്ടുള്ളത്. നേരത്തെ ജൂണ്‍ 19ന് മുമ്പ് രണ്ടാംഗഡു അടക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ റംസാന് മുന്‍നിര്‍ത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി തീയതി നീട്ടുകയായിരുന്നു.
തീയതി നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ആദ്യഗഡുവായ 81,000 രൂപക്ക് പുറമെയാണ് രണ്ടാം ഗഡു താമസ കാറ്റഗറിക്ക് അനുസൃതമായി അടയ്ക്കേണ്ടത്. ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 1,54,150 രൂപയും, അസീസിയ കാറ്റഗറിയിലുള്ളവര്‍ 1,20,750 രൂപയുമാണ് അടയ്ക്കേണ്ടത്.
കൂടാതെ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8,000 രൂപ കൂടി അധികം അടയ്ക്കണം. വിമാനടിക്കറ്റിന് മുഴുവന്‍ തുകയും അടയ്ക്കേണ്ടവര്‍ 10,750 രൂപ അധികമായും രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 11,850 രൂപയുമാണ് അടയ്ക്കേണ്ടത്.