സൗദിയില്‍ തൊഴില്‍ വിസ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി ചുരുക്കി. സര്‍ക്കാര്‍ മേഖലയിലും വീട്ടുവേലക്കാര്‍ക്കും മാത്രമാണ് ഇനി രണ്ട് വര്‍ഷത്തെ വിസ അനുവദിക്കുക. വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്.

സൗദി സ്വകാര്യ മേഖലയിലേക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളുടെ കാലാവധിയാണ് ഒരു വര്‍ഷമാക്കിയത്. സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റേതാണ് തീരുമാനം. സര്‍ക്കാര്‍ വിസ, വീട്ടുവേലക്കാര്‍ക്കുള്ള വിസ എന്നിവക്ക് മാത്രമാണ് ഇനി രണ്ടു വര്‍ഷം വിസാകാലാവധി ഉണ്ടാവുക. ഒഴിച്ചുള്ളതിനെല്ലാം കാലാവധി ഒരു വര്‍ഷമായി ചുരുക്കാന്‍ തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അംഗീകാരം നല്‍കിയതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ കാലാവധി വിഷയത്തില്‍ ഇതിനോട് എതിരാവുന്ന എല്ലാ നിയമങ്ങളും ദുര്‍ബലപ്പെടുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. തൊഴില്‍ വിപണിയുടെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ വിദേശ റിക്രൂട്ടിങിനെയാണ് കാര്യമായി ആശ്രയിക്കുന്നത്. ഇത് കുറച്ചുകൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവില്‍ വിദേശത്തേക്ക് അനുവദിച്ച വിസയുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 29 ശതമാനം കുറവുണ്ടായി.