Main Menu

സൗദിയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം; 10 പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍  നിര്‍മാണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. 10 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ടു പേര്‍ ഇന്ത്യാക്കാരാണെന്ന് സംശയിക്കുന്നു. ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. റിയാദിലെ ഷിഫയില്‍ ബദര്‍സ്ട്രീറ്റിലാണ് അഗ്നിബാധ ഉണ്ടായത്. രണ്ട് ബംഗ്ളാദേശികളും രണ്ട് പാകിസ്താനികളുമാണ് മരിച്ച മറ്റുള്ളവര്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. പ്രദേശം പൊലീസിന്റെ നിയന്ത്രണത്തിലാണ്.

ഇന്ത്യാക്കാര്‍ ഏത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ബദര്‍ ജില്ലയിൽ ഷിഫ സനാഇയയിലാണ് സംഭവം. ഫര്‍ണീച്ചറുകള്‍ക്കുള്ള മര ഉരുപ്പടികള്‍ തയാര്‍ ചെയ്തെടുക്കുന്ന കമ്പനിയാണിത്. മരപ്പടികള്‍ക്ക് പെയിന്‍റടിക്കലാണ് പ്രധാന ജോലി. മലയാളികളാരും ഇവിടെ ജോലി ചെയ്യുന്നില്ല. ഞായറാഴ്ച പുലര്‍ച്ചെ 4.17ഓടെയാണ് സംഭവമെന്ന് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഫാക്ടറിയില്‍ നിറയെ തീ ആളിക്കത്താന്‍ സഹായിക്കുന്ന പെയിന്‍റും പോളിമര്‍ വസ്തുക്കളും മര ഉരുപ്പടികളുമാണുണ്ടായിരുന്നത്. തകരം കൊണ്ടുള്ള മേല്‍ക്കൂരയാണ് ഫാക്ടറിയുടേത്. ഇതെല്ലാമാണ് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്.

തൊഴിലാളികള്‍ താമസിച്ചിരുന്നത് ഫാക്ടറിക്കുള്ളിലാണ്. തീപിടിത്തമുണ്ടായ ഉടനെ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയും പൊലീസ്, റെഡ് ക്രസന്റ്‌  വിഭാഗം സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനം നടത്തി. ഫാക്ടറിയുടെ ഉള്ളിലാണ് മൃതദേഹങ്ങള്‍ കിടന്നത്.

പരിക്കേറ്റവർ ഫാക്ടറിക്ക് പുറത്താണ് കിടന്നത്. പുക ശ്വസിച്ച് ശ്വാസം മുട്ടിയ അവസ്ഥയിലായിരുന്ന ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും സമീപത്തെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിരവധി പണിശാലകളുള്ള പ്രദേശത്താണ് സംഭവം. മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാന്‍ സുരക്ഷാവിഭാഗം നടത്തിയ പരിശ്രമം വിജയം കണ്ടത് വലിയ ദുരന്തത്തില്‍ നിന്ന് മേഖലയെ രക്ഷപ്പെടുത്തി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്