Main Menu

സ്റ്റേ സമ്പാദിച്ചാല്‍ കെ.എം.ഷാജിക്ക് എംഎല്‍എ സ്ഥാനം മടക്കിക്കിട്ടും; ഇല്ലെങ്കില്‍ അഴീക്കോട് ഉപതെരഞ്ഞെടുപ്പ്; ഇതാണ് സാധ്യതകള്‍

തിരുവനന്തപുരം: ഹൈക്കോടതി വിധിയോടെ അഴീക്കോട് എംഎല്‍എ സ്ഥാനം കെ.എം.ഷാജിക്ക് നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വര്‍ഗീയമായി വോട്ടുപിടിച്ചുവെന്ന ഗുരുതരമായ കുറ്റത്തിന്റെ പേരില്‍ ആറ് വര്‍ഷത്തേക്കാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. എന്നാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന പരാതിക്കാരനും അഴീക്കോട് മണ്ഡലത്തിലെ രണ്ടാം സ്ഥാനക്കാരനുമായ എം.വി.നികേഷ്‌കുമാറിന്റെ ആവശ്യം കോടതി തള്ളി. അതുകൊണ്ട് തന്നെ നികേഷ് കുമാറിന് എംഎല്‍എ ആകാനാകില്ല. നികേഷ്‌കുമാറിനെ വിജയിയായി പ്രഖ്യാപിക്കാത്തതിനാല്‍ ഷാജിയുടെ മടങ്ങിവരവോ ഉപതെരഞ്ഞെടുപ്പോ ആണ് അടുത്ത സാധ്യത.

ഷാജിക്ക് മുന്നിലുള്ള മാര്‍ഗം ഹൈക്കോടതിയില്‍ നിന്നോ സുപ്രീംകോടതിയില്‍ നിന്നോ ഈ വിധിക്കെതിരെ സ്റ്റേ സമ്പാദിക്കുക എന്നതാണ്. സ്റ്റേ അനുവദിച്ചാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാം. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം. എന്നാല്‍ ശമ്പളം വാങ്ങാനോ സംസാരിക്കാനോ അനുവാദമുണ്ടാകില്ല. സ്‌റ്റേ ലഭിച്ചില്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ അഴീക്കോട് ഉപതെരഞ്ഞെടുപ്പ് നടക്കും.

വീണ്ടും തെരഞ്ഞെടുപ്പ് നടന്നാലും കെ.എം ഷാജിക്ക് മത്സരിക്കാനാകില്ല. ആറ് വര്‍ഷത്തേക്കാണ് അയോഗ്യത. ഷാജിയെ പോലെ ജനകീയനായ ഒരാളെ കണ്ടെത്തുക യുഡിഎഫിനും ലീഗിനും വലിയ വെല്ലുവിളിയാകും. പുതിയ സാഹചര്യത്തില്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരമായി സിപിഐഎം കാണുന്നു. കോടതിവിധിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് സിപിഐഎം പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് നടന്നാല്‍ എം.വി നികേഷ്‌കുമാര്‍ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത കൂടുതല്‍. നികേഷിനെ വടകരയില്‍ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ സിപിഐഎം സ്ഥാനാര്‍ഥി തന്നെ മത്സരിച്ചേക്കാം. സുപ്രീംകോടതിയിലും ഷാജിക്ക് തിരിച്ചടിയുണ്ടായാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ അഴീക്കോട് സീറ്റിലേക്കും ഇലക്ഷന്‍ നടക്കും.

അച്ഛന്റെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുമ്പോഴാണ് എംവി നികേഷ്‌കുമാര്‍ കോടതിയുടെ അനുകൂല വിധിവിവരം അറിയുന്നത്. ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു നികേഷിന്റെ ഹര്‍ജിയിലെ ആവശ്യം.

സിപിഐഎമ്മിന്റെ കുത്തക മണ്ഡലമായിരുന്ന അഴീക്കോട്ട് പ്രകാശന്‍ മാസ്റ്ററെ 400 വോട്ടിന് തോല്‍പിച്ചാണ് യൂത്ത് ലീഗ് നേതാവായ ഷാജി 2011 ല്‍ സീറ്റ് പിടിച്ചെടുത്തത്. അന്ന് മുതല്‍ സീറ്റ് തിരിച്ചുപിടിക്കുക സിപിഐഎമ്മിന്റെ ലക്ഷ്യമായിരുന്നു. ഷാജിക്കെതിരെ സിപിഐഎം കണ്ടെത്തിയത് എം.വി നികേഷ്‌കുമാറിനെയായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയ നികേഷിന്റെ സമാനതകളില്ലാത്ത ചില പ്രചാരണ പരിപാടികളും കേരളം കണ്ടു. കിണറ്റിലിറങ്ങി വെള്ളത്തിന്റെ ശുദ്ധി പരിശോധിച്ചതടക്കം നികേഷിന്റെ വേറിട്ട പരീക്ഷണങ്ങളായിരുന്നു അഴീക്കോട് കണ്ടത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അഴീക്കോട് മണ്ഡലത്തില്‍ കണ്ടത്. ലീഡ് പലതവണ മാറിമറിഞ്ഞ് ഒടുവില്‍ 2287 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാജിയും യുഡിഎഫും മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖയാണ് കോടതി വിധിക്ക് അടിസ്ഥാനമായ തെളിവായി മാറിയത്. കഷ്ടിച്ച് 20 ശതമാനം മാത്രം മുസ് ലിം വോട്ടര്‍മാര്‍ മാത്രമുള്ള മണ്ഡലത്തില്‍ എങ്ങനെയാണ് ഇത്തരമൊരു നോട്ടീസുകൊണ്ട് ജയിക്കാന്‍ കഴിയുക എന്നതാണ് ഷാജി ചോദിക്കുന്നത്. തന്നെ ജയിപ്പിക്കുന്നതിന് പകരം തോല്‍പിക്കാനല്ലേ ഇത്തരമൊരു നോട്ടീസുകൊണ്ട് കഴിയൂവെന്നും ഷാജി പറയുന്നു.

ബാര്‍ കോഴക്കേസില്‍ കോഴ വാങ്ങി, താന്‍ വിശ്വാസിയല്ല എന്ന് പ്രചരിപ്പിക്കാന്‍ ഇറക്കിയ ലഘുലേഖ അടക്കമുള്ളവയും വര്‍ഗീയപ്രചാരണവുമാണ് തോല്‍വിക്ക് ഇടയാക്കിയതെന്നായിരുന്നു നികേഷ് പരാതിയില്‍ ഉന്നയിച്ചത്.

കേരളത്തില്‍ ഇതിന് മുമ്പും എംഎല്‍എമാരെ അയോഗ്യരാക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1991ല്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംഎല്‍എ ആയ സിപിഐഎം നേതാവ് ഒ. ഭരതനെ 1992ല്‍ ഹൈക്കോടതി അയോഗ്യനാക്കി. പകരം കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. സുധാകരന്‍ എംഎല്‍എയായി സത്യപതി!ജ്ഞയെടുക്കുകയും ചെയ്തു. എന്നാല്‍, 1996ല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദു ചെയ്തതതോടെ ഒ. ഭരതന്‍ എംഎല്‍എയായി തിരിച്ചെത്തി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്