Main Menu

സെര്‍ബിയന്‍ പ്രേമം വിടാതെ കേരള ബ്ലാസ്റ്റേഴ്‌സ്; മറ്റൊരു താരം കൂടി ടീമിലേക്ക് എത്തുന്നു

ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ട്രാന്‍സ്ഫര്‍ വിപണിയില്‍ പുതിയ താരങ്ങളെ കൊണ്ടു വന്ന് ടീമിനെ ശക്തമാക്കുന്നു. സെര്‍ബിയന്‍ മിഡ്ഫീല്‍ഡറായ നിക്കോള ക്രമാറെവിച്ചാണ് ബ്ലാസ്റ്റേഴ്‌സുമായി ഉടന്‍ കരാര്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാവുന്നതിനു വേണ്ടി 26കാരനായ താരം ഇന്ത്യയിലെത്തിക്കഴിഞ്ഞു.

ക്രമാറെവിച്ചിന്റെ വരവോടെ ബ്ലാസ്റ്റേഴ്‌സിലെ സെര്‍ബിയന്‍ താരങ്ങളുടെ സാന്നിധ്യം മൂന്നായി ഉയരും. നെമഞ്ജ ലാക്കിച്ച് പെസിച്ച്, സ്ലാവിസ സ്റ്റൊയാനോവിച്ച് എന്നിവരാണ് നേരത്തേ ബ്ലാസ്റ്റേഴ്‌സിലുള്ള സെര്‍ബിയന്‍ താരങ്ങള്‍. ക്രമാറെവിച്ച് എത്തുന്നതോടെ ടീമിലെ വിദേശ താരങ്ങളുടെ ക്വാട്ടയും പൂര്‍ത്തിയാവും. കറേജ് പെക്ക്യൂസന്‍, മത്തെയ് പോപ്ലാറ്റ്‌നിക്, സിറില്‍ കാളി, കെസിറോണ്‍ കിസീത്തോ എന്നീ വിദേശതാരങ്ങള്‍ നേരത്തേ ടീമിലുണ്ട്.

അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ താരങ്ങളായ സെയ്മിന്‍ലെന്‍ ഡൊംഗെല്‍, ഹാളിചരണ്‍ നര്‍സറെ, മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടിക എന്നിവരെയും അടുത്തിടെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നിരുന്നു. കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ മഞ്ഞപ്പട ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം എഡിഷന്‍ സെപ്റ്റംബര്‍ അവസാനത്തോടെ തുടങ്ങും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല.

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്.

അതെസമയം, ഐഎസ്എല്‍ അഞ്ചാം സീസണായി വിവിധ ക്ലബുകള്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രീസീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് പര്യടനം നടത്തുന്ന ബെംഗളൂരു എഫ്‌സിയുമാണ് വലിയ മുന്നൊരുക്കം നടത്തുന്നത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്