Main Menu

സിഡ്‌നിയില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച; കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റ്

സിഡ്‌നി: സിഡ്‌നി ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിങ് തകര്‍ച്ച. ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. ആദ്യ സെഷനിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഓസ്‌ട്രേലിയയുടെ തകര്‍ച്ച. കുല്‍ദീപ് യാദവ് മൂന്നുവിക്കറ്റും രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റും നേടി. മാര്‍ക്കസ് ഹാരിസ് 79 റണ്‍സും മാര്‍നസ് ലാബുഷാന്‍ 38 റണ്‍സുമെടുത്തു. മുഹമ്മദ് ഷമി ഒരു വിക്കറ്റ് നേടി. പാറ്റ് കമ്മിന്‍സും പീറ്റര്‍ ഹാന്‍സ്‌കോമ്പുമാണ് ക്രീസില്‍.

ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഉസ്മാന്‍ ഖവാജ (27), മാര്‍കസ് ഹാരിസ് (79), ഷോണ്‍ മാര്‍ഷ് (8), മര്‍നസ് ലബുഷാഗ്‌നെ (22), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരാണ് പുറത്തായത്. ഖവാജയുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. കുല്‍ദീപിനെതിരെ വലിയ ഷോട്ടിന് മുതിര്‍ന്ന ഖവാജയ്ക്ക് പിഴച്ചു. മിഡ് വിക്കറ്റില്‍ പൂജാരയുടെ കൈകളിലേക്ക്. 72 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നാലെ എത്തിയത് ലബുഷാഗ്‌നെ. ഹാരിസും ലബുഷാഗ്‌നെയും പതിയെ ഓസീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹാരിസിന്റെ വിക്കറ്റ് തെറിപ്പിച്ച ജഡേജ വീണ്ടും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ജഡേജയുടെ സ്‌ക്വയര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ബൗള്‍ഡാവുകയായിരുന്നു. ഷോണ്‍ മാര്‍ഷിനെ ജഡേജയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ രഹാനെ പിടികൂടി. ലബുഷാഗ്‌നെ അല്‍പനേരം പിടിച്ചു നിന്നെങ്കിലും ഷമിയുടെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ രഹാനെയ്ക്ക് ക്യാച്ച് നല്‍കി. ട്രാവിസ് ഹെഡ് കുല്‍ദീപിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. പെയ്‌നാവട്ടെ കുല്‍ദീപിന്റെ പന്തില്‍ കുറ്റി തെറിക്കുകയായിരുന്നു.

Embedded video

Telegraph Sport

@telegraph_sport

WICKET! Kuldeep catches Head (20) off his own bowling. A rash shot from the Aussie off a full toss and it’s 5-192 http://bit.ly/2Fehox4 

See Telegraph Sport’s other Tweets

പന്തിന്റെ അതിവേഗ സെഞ്ചുറിയും പൂജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടവുമായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ഹൈലൈറ്റസ്. നാലിന് 303 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. രവീന്ദ്ര ജഡേജയും (81) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. നേരത്തെ മായങ്ക് അഗര്‍വാളും (77), ഹനുമ വിഹാരി (42)യും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി. വിഹാരിയുടെ വിക്കറ്റാണ് രണ്ടാം ദിവസം ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന പന്ത് പൂജാര സഖ്യം 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അധികനേരം ഈ കൂട്ടുക്കെട്ട് മുന്നോട്ട് പോയില്ല. ഇരട്ട സെഞ്ചുറിക്ക് തൊട്ടടുത്ത് പൂജാര വീണു. 193 റണ്‍സെടുത്ത പൂജാരയെ സ്വന്തം പന്തില്‍ നഥാന്‍ ലിയോണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഓസീസിനെതിരെ മാത്രം മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടാനുള്ള അവസരമാണ് പൂജാരയ്ക്ക് നഷ്ടമായത്. 373 പന്തില്‍ 22 ബൗണ്ടറി ഉള്‍പ്പെടെയാണ് പൂജാര 193 റണ്‍സെടുത്തത്.

ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ട സെഞ്ചുറി നഷ്ടമായെങ്കിലും ഋഷഭ് പന്ത് വൈകാതെ സെഞ്ചുറി പൂര്‍ത്തിയാക്കി. 189 പന്തില്‍ 15 ഫോറും ഒരു സ്‌കിസും ഉള്‍പ്പെടുന്നതാണ് പന്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. പന്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. നേരത്തെ ഇംഗ്ലണ്ട് പരമ്പരയിലും പന്ത് സെഞ്ചുറി നേടിയിരുന്നു. മാത്രമല്ല, രണ്ട് രാജ്യങ്ങളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനെ തേടിയെത്തി. പന്തിന് കൂട്ടുണ്ടായിരുന്ന രവീന്ദ്ര ജഡേജയും മികച്ച പ്രകടനം പുറത്തെടുത്തു. 114 പന്തുകള്‍ നേരിട്ട താരം ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്ന ജഡേജയുടെ ഇന്നിങ്‌സ്. ഇരുവരും 204 റണ്‍സാണ് ഇരുവരും ചേര്‍ന്നുള്ള സഖ്യം കൂട്ടിച്ചേര്‍ത്തത്.

നേരത്തെ, സിഡ്‌നിയിലും ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കെ എല്‍ രാഹുലാണ് മായങ്കിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഒരിക്കല്‍ കൂടി രാഹുല്‍(9)തുടക്കത്തിലേ മടങ്ങി. 10 റണ്‍സെ അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു. എന്നാല്‍ വണ്‍ഡൗണായി എത്തിയ പൂജാരക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ട മായങ്ക് നഥാന്‍ ലിയോണിനെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ 77 റണ്‍സെടുത്ത് പുറത്തായി.

126/2 എന്ന സ്‌കോറില്‍ പൂജാരയ്ക്ക് കൂട്ടായി വിരാട് കോലി ക്രീസിലെത്തി. മികച്ച തുടക്കമിട്ട കോലിയെ(23) ലെഗ് സ്റ്റംപിന് പുറത്തുപോയൊരു പന്തില്‍ ഹേസല്‍വുഡ്, ടിം പെയ്‌നിന്റെ കൈകകളിലെത്തിച്ചു. 180 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍. രഹാനെയും(18) നല്ല തുടക്കമിട്ടെങ്കിലും സ്റ്റാര്‍ക്കിന്റെ അതിവേഗ ബൗണ്‍സറില്‍ വീണു. പിന്നാലെ എത്തിയ ഹനുമാ വിഹാരിയില്‍ പൂജാര മികച്ച പങ്കാളിയെ കണ്ടെത്തിയതോടെ ഇന്ത്യ സുരക്ഷിത തീരത്തേക്ക് നീങ്ങി. ഇരുവരും 101 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ പരമ്പരയിലെ മൂന്നാമത്തെയും ടെസ്റ്റ് കരിയറിലെ പതിനെട്ടാമത്തെയും സെഞ്ചുറിയും പൂജാര സ്വന്തം പേരില്‍ കുറിച്ചു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്