Main Menu

സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തലയും ശ്രീധരന്‍ പിള്ളയും;  സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗത്തില്‍ അറിയിച്ചു.  എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചത്.കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള സാഹചര്യവും വിവരിച്ചു.  എല്ലാ കക്ഷി നേതാക്കളും യോഗത്തിന് എത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, പി.സി.ജോർജ്, മുസ്‌ലിം ലീഗ് നേതാക്കൾ, മന്ത്രിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച നിയമ മന്ത്രി എ.കെ.ബാലനെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. യോഗത്തിലെ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കുമെന്ന സൂചനയാണിതെന്നു കരുതപ്പെടുന്നു.

സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. വിശ്വാസികളെ സര്‍ക്കാര്‍ അപമാനിക്കുന്നതായി ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയിലെ അസൗകര്യങ്ങള്‍ ചെന്നിത്തല യോഗത്തില്‍ വിശദീകരിച്ചു. പമ്പയിലും നിലയ്ക്കലിലും സൗകര്യങ്ങളില്ല. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സാവകാശം തേടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് യുഡിഎഫ് വ്യക്തമാക്കി. സമവായത്തിന് സര്‍ക്കാരില്ലെങ്കില്‍ യുഡിഎഫ് സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചേക്കുമെന്നുമാണ് നിലപാട്. സര്‍വകക്ഷിയോഗം നേരത്തെ വിളിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിലപാടില്‍ മാറ്റമില്ല. സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർവകക്ഷി യോഗത്തിൽ ശുഭപ്രതീക്ഷയുണ്ടെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. സാവകാശഹർജി സർക്കാരിന് സമർപ്പിക്കാനാകില്ല. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സാവകാശ ഹർജി നൽകുന്ന കാര്യം വ്യക്തമായ കൂടിയാലോചനയ്ക്കുശേഷം മാത്രമേ ആലോചിക്കുകയുള്ളൂവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞിരുന്നു. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. സർക്കാർ മുൻപ് ശ്രമിച്ചിട്ടും നടക്കാതെ പോയ നിർണായക കൂടിക്കാഴ്ചയാണ് ഇന്നു വൈകിട്ട് 3നു മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്