Main Menu

സര്‍ക്കാരിന്റെ ഓണാഘോഷം ഉപേക്ഷിച്ചു; പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി; കേന്ദ്രം സ്വീകരിച്ചത് അനുകൂല നിലപാട്

തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം വിവിധ ജില്ലകളിൽ സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഉപേക്ഷിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തുണ്ടായ കാലവർഷക്കെടുതിയിൽ ജനങ്ങള്‍  ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ആഘോഷങ്ങൾക്ക് ചെലവിടുന്ന തുക ദുരിതാശ്വാസത്തിനായി ഉപയോഗിക്കും.  ഓണാഘോഷം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിവിധ ജില്ലകളിലെ ഓണാഘോഷപരിപാടികൾക്ക് 35 കോടിയോളം രൂപ വിനോദസഞ്ചാര വകുപ്പ് ചെലവിടുന്നുണ്ട്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ദുരിതവും കണക്കിലെടുത്ത് ആലപ്പുഴയിൽ നടക്കേണ്ടിയിരുന്ന നെഹ്‌റുട്രോഫി വള്ളം കളി മാറ്റിവച്ചിരുന്നു.  എന്നാൽ, വള്ളംകളി പൂർണമായി മാറ്റിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം മെച്ചപ്പെട്ട ശേഷം വള്ളംകളി നടത്തുന്ന കാര്യം ആലോചിക്കുമെന്നും പിണറായി പറഞ്ഞു. നെഹ്‌റുട്രോഫി അടക്കം സംസ്ഥാനത്തെ വള്ളംകളികൾ ഉൾപ്പെടുത്തി പ്രത്യേക ലീഗ് മത്സരം നടത്താനായിരുന്നു വിനോദസഞ്ചാരവകുപ്പ് തീരുമാനിച്ചിരുന്നത്. കുട്ടനാട് സാധാരണ നിലയിലാകുന്നതോടെ അടുത്തമാസം വള്ളംകളി നടത്താനുള്ള ആലോചനകളുണ്ട്.

അതേസമയം പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 8,316 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. 38 പേര്‍ മരിച്ചു. നാല് പേരെ കാണാതായി. ഇപ്പോഴത്തേത് ഏറ്റവും വലിയ കാലര്‍ഷക്കെടുതിയാണ്. 10,000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരാതികളില്ലാതെ നടത്താന്‍ സാധിച്ചു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇടപെട്ടു. സഹായിച്ചു.  മഴക്കെടുതി വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍, സ്വകാര്യ കമ്പനി ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതു സഹകരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന കമ്മീഷന്‍ ഒഴിവാക്കാനും ആവശ്യപ്പെടട്ടിണ്ട്. ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസമായി നല്‍കുന്ന തുക ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന പൂര്‍ണമായും ഒഴിവാക്കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകരുത്. ഫീസ് ഈടാക്കരുത്. അതിനായി അദാലത്തുകള്‍ നടത്തും. ഫീസ് കൂടാതെ പുതിയ രേഖകള്‍ അനുവദിക്കുന്നതിന് സെപ്തംബര്‍ 30 വരെ സമയം അനുവദിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെയും സെക്രട്ടറി തല ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തും. അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി സ്വീകരിക്കണം. അക്ഷയ കേന്ദ്രങ്ങൾക്കുള്ള ഫീസ് സര്‍ക്കാർ നല്‍കും.

പ്രളയബാധിത പ്രദേശങ്ങളില്‍ വായ്പകള്‍ക്ക് മൊറൊട്ടോറിയം ബാധകമാക്കും. യുപിഐ അധിഷ്ഠിതമായും സര്‍ക്കാര്‍ വെബ്‌സൈറ്റും വഴി സംഭാവനകള്‍ നല്‍കാം. റസീപ്റ്റും ആദായനികുതി ഇളവിനുള്ള സര്‍ട്ടിഫിക്കറ്റും നല്‍കും. മാധ്യമങ്ങള്‍ സഹായം ലഭ്യമാക്കുന്നതിനുള്ള അറിയിപ്പുകള്‍ നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കളക്ടര്‍മാരുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ നല്‍കുന്നതാണ് നല്ലത്. അതിന് ജില്ലാ തലത്തില്‍ സംവിധാനമുണ്ട്.

കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആഭ്യന്തരമന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ മനസ്സിലാക്കി. 100 കോടി നല്‍കിയത് നല്ല നടപടിയാണ്. അഭിനന്ദനാര്‍ഹമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തില്‍ ഒന്നിച്ചനില്‍ക്കാന്‍ കഴിയും എന്ന സന്ദേശം നല്‍കാന്‍ കഴിയുന്നത് ദുരിത ബാധിതര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടത്തിന്റെ തീവ്രതയ്ക്കനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയവര്‍ക്ക് നന്ദി അറിയിച്ചു.

മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ:

1924നുശേഷം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് ഇത്തവണ നാം അഭിമുഖീകരിക്കേണ്ടി വന്നത്. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സംസ്ഥാനം കരകയറിവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ദുരന്തത്തെ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്.

നാശനഷ്ടങ്ങള്‍

പ്രാഥമിക വിലയിരുത്തലനുസരിച്ച് ഏകദേശം 8,316 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 38 പേര്‍ മരണപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20,000ത്തോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. 439 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. പതിനായിരത്തോളം കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്നുകഴിഞ്ഞു. പ്രാദേശിക റോഡുകള്‍ക്കും പാലങ്ങള്‍ക്കും പുറമേയാണ് ഈ കണക്ക്. പല പാലങ്ങളും പുനര്‍നിര്‍മ്മിക്കുകയോ ബലപ്പെടുത്തേണ്ടണ്‍തായോ വരും. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുപോയി.

കാര്‍ഷികവിഭവങ്ങളും വന്‍ തോതില്‍ നശിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഉരുള്‍പ്പൊട്ടല്‍ പോലുള്ള മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇതിന്റെ ഫലമായി ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തിലെ 27 ഡാമുകള്‍ ഇതിന്റെ ഭാഗമായി തുറന്നുവിടേണ്ടിയും വന്നിട്ടുണ്ട്. നദികള്‍ പലയിടത്തും ഗതിമാറി കരകവിഞ്ഞൊഴുകി. 215 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്‍ണ്ടായി. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഏക വരുമാനമാര്‍ഗ്ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടുപോയ കുടുംബങ്ങളുമുണ്ട്. നഗരങ്ങളില്‍ കുടിവെള്ളം തടസ്സപ്പെടുന്ന നിലയുണ്ടായി. ജലസംഭരണികള്‍ മലിനമാകുന്ന പ്രശ്‌നവും ഉയര്‍ന്നുവന്നു.

നിരവധിപേര്‍ വീടുകളില്‍ വെള്ളം കയറിയും വീട് തകര്‍ന്നും കഴിയുകയാണ്. രണ്ടാംഘട്ട പ്രളയക്കെടുതിയെത്തുടര്‍ന്ന് ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്ന 60,000ത്തോളം പേരില്‍ 30,000ത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവിടങ്ങളില്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാന്‍ ഒട്ടേറെ സമയമെടുക്കും. കിടപ്പാടവും, കൃഷിഭൂമിയും, കടകളും, വീട്ടുപകരണങ്ങളും, ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. വെള്ളം ഒഴുകിപ്പോകുന്ന താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഇപ്പോഴും വെള്ളവും ചെളിയും കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

രക്ഷാ പ്രവര്‍ത്തനം

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. മന്ത്രിമാര്‍ അവര്‍ക്ക് ചുമതലയുള്ള ജില്ലകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നു. ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ഭക്ഷണം, വസ്ത്രം, വെള്ളം, ശുചിമുറി എന്നിവ പരാതിക്കിടനല്‍കാത്തവിധം സജ്ജീകരിക്കുന്നതിന് കഴിഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായിത്തന്നെ പ്രവര്‍ത്തിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ജില്ലകളിലും തലസ്ഥാനത്തും പ്രവര്‍ത്തനമാരംഭിച്ചു. മഴ കനത്തതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തനിവാരണസേനയുടെയും കര, വ്യോമ, നാവിക സേനകളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനം ഏവരും ശ്ലാഘിച്ചിട്ടുള്ളതാണ്. സന്നദ്ധപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ജില്ലാ കളക്ടര്‍മാരുടെയും എറണാകുളം, വയനാട് ജില്ലകളിലേക്ക് പ്രത്യേകം ചുമതലപ്പെടുത്തി അയച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും പങ്ക് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിനിധി സംഘമാണ് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള ചര്‍ച്ച നടത്തിയതും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയമൊന്നും സര്‍ക്കാര്‍ കാണുന്നില്ല. നാടിന്റെയും ജനങ്ങളുടെയും താല്‍പ്പര്യമാണ് പ്രധാനം.

സംസ്ഥാന കേന്ദ്രത്തില്‍ നടത്തിയ ഏകോപനവും കൂട്ടായ്മയുമാണ് രക്ഷാപ്രവര്‍ത്തനം കുറ്റമറ്റതാക്കാനും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും സഹായിച്ചത്. സമാനതകളില്ലാത്ത ദുരിതം നേരിടാന്‍ കൈയും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവരോടും സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഈ സഹകരണമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേന്ദ്രത്തിന്റെ ഇടപെടല്‍

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തില്‍ ഇടപെടുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആദരണീയനായ ഗവര്‍ണ്ണര്‍ നല്‍കിയ പങ്കും സംഭാവനയും മാതൃകാപരമാണ്. നമ്മുടെ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം സന്ദര്‍ശനം പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ പുതിയ സാഹചര്യം മനസ്സിലാക്കിയിരുന്നു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ‘കേരളത്തില്‍ ഇപ്പോള്‍ ഉണ്‍ണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന്’ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വാര്‍ത്താമാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. 100 കോടി രൂപയുടെ അടിയന്തരസഹായവും അദ്ദേഹം വാഗ്ദാനം നല്‍കി.

1220 കോടി രൂപ അടിയന്തര കേന്ദ്രസഹായം നല്‍കണമെന്ന ആവശ്യം സംസ്ഥാനം രാജ്‌നാഥ് സിംഗിന്റെ മുമ്പില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രാഥമികമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള ആവശ്യമാണ് ഉന്നയിച്ചത്. വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമേ കൃത്യമായ നഷ്ടം കണക്കാക്കാനാവൂ എന്നതിനാല്‍ വീണ്ടും കേന്ദ്ര സംഘത്തെ അയക്കണമെന്ന കാര്യവും സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണഫണ്‍ണ്ടിന്റെ മാര്‍ഗ്ഗരേഖയിലെ പരിമിതി കണക്കിലെടുത്ത് നഷ്ടത്തിന്റെ തീവ്രതയ്ക്കും വ്യാപ്തിക്കുമനുസൃതമായി നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട് എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

മറ്റു സഹായങ്ങള്‍

അയല്‍സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കുകയുണ്‍ണ്ടായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി വ്യക്തികളും സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ലോകത്തെങ്ങുമുള്ള മലയാളികള്‍ അവരുടേതായ സഹായങ്ങള്‍ നല്‍കുന്നതിന് സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. നാടിന്റെ ദുരിതം എന്ന നിലയില്‍ ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നതിന് വാര്‍ത്താമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരും പങ്കുവഹിച്ചിട്ടുണ്ട്.

റെസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹ്യസംഘടനകള്‍ എന്നിവരും സഹായം എത്തിച്ചവരില്‍ ഉള്‍പ്പെടുന്നു. ഐ.ടി കമ്പനികളും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്‍ണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് കരുതിവച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയവര്‍, വില്‍ക്കാന്‍ വച്ച കമ്പിളിപ്പുതപ്പ് ദുരിതാശ്വാസക്യാമ്പില്‍ വിതരണം ചെയ്ത ഇതര സംസ്ഥാനക്കാരന്‍, ആദ്യശമ്പളം സംഭാവന നല്‍കിയവര്‍, എല്ലാറ്റിനുമുപരി അണ്ണാന്‍കുഞ്ഞും തന്നാലായതുപോലെ കുട്ടികള്‍ പോലും തങ്ങളുടെ സമ്പാദ്യക്കുടുക്കകളിലെ പണം മുഖ്യമന്ത്രിക്ക് അയച്ചുതന്നതും കൃതജ്ഞതയോടെ ഓര്‍ക്കുന്നു.

തീരുമാനങ്ങള്‍

ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും നമ്മുടെ നാട് പുനര്‍നിര്‍മ്മിക്കുന്നതിനും താഴെ പറയുന്ന തീരുമാനങ്ങള്‍ മന്ത്രിസഭായോഗം എടുത്തിട്ടുണ്ട്.

1. പ്രളയത്തിന്റെ തീവ്രതയും ദുരിതത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച 193 വില്ലേജുകള്‍ക്കു പുറമെ, പുതുതായി 251 വില്ലേജുകള്‍ കൂടി (ആകെ 444 വില്ലേജുകള്‍) പ്രളയബാധിത പ്രദേശങ്ങളായി, പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.

2.രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനില്‍ക്കുകയോ, മണ്ണിടിച്ചലില്‍ വീട് വാസയോഗ്യമല്ലാതാവുകയുമായ ചെയ്ത ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10,000 രൂപ നല്‍കാന്‍ തീരുമാനിച്ചു.

3. പൂര്‍ണ്ണമായും തകര്‍ന്നതോ പൂര്‍ണ്ണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് 4 ലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഇതിനു പുറമെ 3 മുതല്‍ 5 വരെ സെന്റ് സ്ഥലം വാങ്ങുന്നതിനായി പരമാവധി 6 ലക്ഷം രൂപയും മാനദണ്ഡപ്രകാരം നല്‍കാന്‍ തീരുമാനിച്ചു.

4.(a) സര്‍ക്കാര്‍, പൊതുമേഖല, കമ്പനി ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന് ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്.

(b) പൊതുമേഖലാസഹകരണ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍/ പൊതുഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

5. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതുമേഖലാസഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മീഷനുകള്‍, എക്‌സ്‌ചേഞ്ച് ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കിംഗ് സമിതിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. യു.എ.ഇ എക്‌സ്‌ചേഞ്ച് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് കമ്മീഷന്‍ ഒഴിവാക്കാമെന്ന് ബന്ധപ്പെട്ടവര്‍ സമ്മതിച്ചിട്ടുണ്ട്.

6. ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

7. നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഒരു തരത്തിലുള്ള കാലതാമസം വരാതെയും ഫീസ് ഇടാക്കാതെയും സമയബന്ധിതമായി നല്‍കുന്നതിന് അദാലത്തുകള്‍ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഫീസ് കൂടാതെ പുതിയ രേഖകള്‍ അനുവദിക്കുന്നതിന് 2018 സെപ്റ്റംബര്‍ 30 വരെ സമയം അനുവദിക്കും. അതോടൊപ്പം സെപ്റ്റംബര്‍ 3 മുതല്‍ 15 വരെയുള്ള തീയതികളില്‍ പ്രത്യേക അദാലത്തുകള്‍ നടത്തും.

8. അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ ചുമതലയുള്ള മന്ത്രിമാരെയും ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥനെയും പ്രത്യേകം ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. രേഖകള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി സ്വീകരിക്കേണ്ടതും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കേണ്ട ഫീസ് സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു.

9. സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ഒരു മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. ശ്രീ. ഇ.പി. ജയരാജന്‍, ശ്രീ. ഇ. ചന്ദ്രശേഖരന്‍, ശ്രീ. മാത്യു. ടി. തോമസ്, ശ്രീ. എ.കെ. ശശീന്ദ്രന്‍, ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതി അംഗങ്ങള്‍.

10.മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും കൃഷിനാശം സംഭവിച്ചവര്‍ക്ക് മറ്റ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കു പുറമെ വിത്തും നല്‍കും.

11. ഒന്നാംഘട്ട പ്രളയബാധ സമയത്ത് ബാങ്ക് വായ്പകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രളയബാധിത പ്രദേശങ്ങള്‍ക്കു കൂടി ബാധകമാക്കും.

12. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്താറുള്ള ഓണാഘോഷ പരിപാടികള്‍ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഓണാഘോഷ പരിപാടികള്‍ക്കായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

ഓണ്‍ലൈന്‍ സംവിധാനം

1. വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ്/കമ്മീഷന്‍ ഒഴിവാക്കാന്‍ UAE എക്‌സ്‌ചേഞ്ച്/ LULU എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

2. കേന്ദ്ര സര്‍ക്കാരിന്റെ Unified Payment Interface (UPI) അധിഷ്ഠിതമായി സംഭാവനകള്‍ ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരിന്റെ www.kerala.gov.in വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

3. ഇത്തരത്തിലുള്ള സംഭാവനകള്‍ക്കുള്ള രസീതും ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റും തത്സമയം തന്നെ നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

4. ബാങ്ക് കൗണ്ടറുകളില്‍ നല്‍കുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.

5. ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ 155300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്