Main Menu

സന്നിധാനത്ത് വീണ്ടും സ്ത്രീയെ തടഞ്ഞു; പ്രായത്തില്‍ സംശയമുന്നയിച്ചാണ് തടഞ്ഞത്; നടപ്പന്തലില്‍ പ്രതിഷേധം; നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ശബരിമല: സന്നിധാനത്ത് വീണ്ടും സ്ത്രീയെ തടഞ്ഞു. പ്രായത്തില്‍ സംശയമുന്നയിച്ചാണ് തടഞ്ഞത്. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധമാണ്. ആന്ധ്ര സ്വദേശി ബാലമ്മയാണ് ദര്‍ശനത്തിനായി നടപ്പന്തല്‍ വരെ എത്തിയത്. പ്രായം തെളിയിക്കുന്ന രേഖ കാണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.ഇവര്‍ക്ക് 50 വയസിന് താഴെ മാത്രം പ്രായമാണെന്നാണ് രേഖകളിലുള്ളത്. ബാലമ്മയെ ദേവസ്വം ബോര്‍ഡിന്റെ വാഹനത്തില്‍ പമ്പയിലേക്ക് തിരിച്ചയച്ചു.

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പി.എം.വേലായുധന്റെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചത്.

ഇന്നലെയും പൊലീസിന്റെ കണ്ണുവെട്ടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണന്റെയും ജെ ആർ പത്മകുമാറിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ നിലയ്ക്കലിലെത്തി പ്രതിഷേധിച്ചിരുന്നു. ഇരുമുടി കെട്ടുകളുമായി അയ്യപ്പവേഷം ധരിച്ച് കാറിലെത്തിയ നേതാക്കളെ പൊലീസ് പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല. നിലയ്ക്കലിലെത്തിയയുടൻ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ പ്രസംഗിച്ച് നിരോധനാജ്ഞ ലംഘിക്കുന്നതായി പ്രഖ്യാപിച്ചു. അധികം വൈകാതെ സമരക്കാരെ അറസ്റ്റ് ചെയ്ത് നിലയ്ക്കൽ സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിടുകയ‌‌ായിരുന്നു. ഇതേ തുടർന്ന് നിലയ്ക്കലിലെ പൊലീസ് വിന്യാസം കൂടുതൽ ശക്തമാക്കിയിരുന്നു.

ശബരിമല കയറാനായി  ആന്ധ്രാ ഗുണ്ടൂർ സ്വദേശികളായ യുവതികൾ പുരുഷൻമാരടങ്ങുന്ന വലിയൊരു സംഘത്തിനൊപ്പം ഇന്ന് എത്തിയിരുന്നു. ആദ്യത്തെ നടപ്പന്തലിൽവച്ചുതന്നെ മറ്റ് അയ്യപ്പഭക്തന്മാർ ഇവരെ കണ്ട് പ്രതിഷേധിച്ചു. ശരണം വിളികളോടെ റോഡിൽ കിടന്നു പ്രതിഷേധിച്ചപ്പോൾ പൊലീസെത്തി യുവതികളെ തിരികെയിറക്കുകയായിരുന്നു. ഇവർക്കൊപ്പമെത്തിയ പുരുഷൻമാർ ദർശനത്തിനായി മല കയറി. പൊലീസ് അകമ്പടിയില്ലാതെ മലകയറിയ ഇവരെ തിരികെ പമ്പയിലെ ഗാർഡ് റൂമിൽ എത്തിച്ചു.

അതേസമയം, വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന വലിയ സംഘമാണ് തങ്ങളുടേതെന്നും ശബരിമലയിലെ പ്രശ്നങ്ങൾ അറിഞ്ഞിട്ടു വന്നതല്ലെന്നും യുവതികൾ പൊലീസിനോടു പറഞ്ഞു. സ്ഥിതിഗതികൾ പൊലീസ് ഇവരെ അറിയിച്ചതിനെത്തുടർന്ന് പ്രശ്നങ്ങൾക്കില്ലെന്നും തിരികെ നിലയ്ക്കലിലെ തങ്ങളുടെ വാഹനത്തിൽ എത്തിച്ചാൽ മതിയെന്നും യുവതികൾ അറിയിച്ചു. ഇതേത്തുടർന്ന് പൊലീസിന്റെ വാഹനത്തിൽ ഇവരെ നിലയ്ക്കലിൽ എത്തിച്ചു.

ഇന്നലെയും ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തയെ പ്രായം സംശയിച്ച് പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു. തിരുച്ചിറപ്പള്ളി സ്വദേശിനി ലത കുമരനാണ് നടപ്പന്തലിൽ ദുരനുഭവം ഉണ്ടായത്. എന്നാല്‍ ഇവര്‍ക്ക് അമ്പത് വയസ്സ് പിന്നിട്ടിരുന്നു. കൂക്കിവിളി കൈയ്യടിയുമായി നടപന്തലിൽ അഞ്ഞൂറിലേറെ പ്രതിഷേധക്കാർ സംഘടിച്ചതോടെ പൊലീസ് സുരക്ഷയിലാണ് ലത പതിനെട്ടാം പടി കയറി ദർശനം നടത്തിയത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്