Main Menu

സന്നിധാനത്ത് യുവതി എത്തിയെന്ന് സംശയം; ശബരിമല നടപ്പന്തലില്‍ പ്രതിഷേധം; 55 വയസ്സുണ്ടെന്ന് ദര്‍ശനത്തിന് എത്തിയ സ്ത്രീ; പൊലീസ് സംരക്ഷണത്തില്‍ ദര്‍ശനം നടത്തി

പന്തളം: സന്നിധാനത്ത് എത്തിയ സ്ത്രീക്കെതിരെ പ്രായത്തിന്റെ സംശയത്തില്‍ ശബരിമല നടപ്പന്തലില്‍ പ്രതിഷേധം. ശരണം വിളികളുമായാണ് തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചത്.  55 വയസ്സുണ്ടെന്ന് ദര്‍ശനത്തിന് എത്തിയ സ്ത്രീ അറിയിച്ചു.

പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ നിറഞ്ഞു നിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീ പതിനെട്ടാംപടി കയറി ദര്‍ശനം നടത്തി. സ്ത്രീക്ക് 55 വയസുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിനിയായ ഇവർ രണ്ടാം തവണയാണ് ശബരിമല ദർശനത്തിനെത്തുന്നത്.

പതിനെട്ടാംപടിക്ക്  വളരെ അടുത്ത് വരെ അവര്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശരണം വിളികള്‍ മുഴക്കി ഒരുകൂട്ടം ഭക്തര്‍ സംഘടിച്ചതും പ്രതിഷേധിച്ചതും. ഒരു യുവതി വലിയ നടപ്പന്തലില്‍ എത്തിയെന്ന സംശയത്തെത്തുടര്‍ന്നാണ് ഭക്തര്‍ പ്രതിഷേധിച്ചത്.സ്ത്രീക്ക് അമ്പത് വയസിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് പറയുകയും അവര്‍ ഐഡി കാര്‍ഡ് കാണിച്ചതോടെ പ്രായം സ്ഥിരീകരിക്കുകയും ചെയ്തതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. പൊലീസ് സുരക്ഷയോടെ മാത്രമാണ് അവര്‍ക്ക് പതിനെട്ടാം പടി കയറാനായത്. പ്രകോപന സാധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണവലയം തീര്‍ത്തിരുന്നു.

യുവതികളായ പത്തിലധികം പേര്‍ ഇന്ന് ക്ഷേത്രദര്‍ശനത്തിനെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് വ്യാപക പ്രചാരണമാണ് ശബരിമലയില്‍ നടക്കുന്നത്. ഏതു സമയത്തും പ്രതിഷേധത്തിന് തയ്യാറായാണ് ഭക്തര്‍ എന്ന സൂചനയും സന്നിധാനത്ത് നിന്ന് ലഭിക്കുന്നു.

നിരോധനാജ്ഞ ശബരിമല നടയടക്കും വരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്.  പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണവും ശക്തമാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പമ്പ കടന്ന് മലകയറാൻ ഇനിയും യുവതികൾ എത്തിയേക്കുമെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

പ്രതിഷേധക്കാർ തീർത്ത പ്രതിരോധം മറികടക്കാൻ ഇന്നലെ യുവതികളുമായെത്തിയ പൊലീസ് സംഘത്തിന് കഴിയാതെ വന്നതോടെ, ശബരിലേക്ക് പോകാൻ തയാറായി വരുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ശബരിമലയിലെ പരികർമികൾ വരെ പ്രത്യക്ഷ പ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിൽ ഇനിയും പ്രകോപനമുണ്ടായാൽ കാര്യങ്ങൾ ഗുരുതരമാകുമെന്ന നിലയിലെത്തി. പതിനെട്ടാം പടിക്ക് സമീപം യുവതികളെത്തിയാൽ നടയടച്ച് പടിയിറങ്ങുമെന്ന തന്ത്രിയുടെ പ്രഖ്യാപനം സർക്കാരിനേയും ദേവസ്വം ബോർഡിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിൽ പരികർമികളുടെ വിവരവും, എണ്ണവും ചോദിച്ച് ദേവസ്വം ബോർഡ് ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് നോട്ടീസ് നൽകിയത് നീരസത്തിന് ഇടയാക്കിയിട്ടുണ്ട്. നിരോധനാജ്ഞ മറികടന്ന്  പ്രതിഷേധക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, റാന്നി, വടശേരിക്കര മേഖലകളിലും പ്രതിഷേധം വ്യാപകമായുണ്ട്. സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ 22 വരെ നീട്ടിയത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്