Main Menu

സന്നിധാനത്ത് കയറരുതെന്ന് ഭക്തരോട് പറയാന്‍ പൊലീസിന് എന്തവകാശമെന്ന് ഹൈക്കോടതി; സുപ്രീംകോടതി വിധിയുടെ മറവില്‍ പൊലീസ് അതിക്രമം കാണിക്കുന്നു; സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനാണെന്നും കോടതി

കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. സന്നിധാനത്ത് കയറരുതെന്ന് ഭക്തരോട് പറയാന്‍ പൊലീസിന് എന്തവകാശമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമര്‍ശനം. കോടതി വിധിയുടെ മറവില്‍ പൊലീസ് അതിക്രമം കാണിക്കുകയാണ്. ഞായറാഴ്ച രാത്രിയുണ്ടായ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം. ഉച്ചയ്ക്കു ശേഷം അഡ്വക്കേറ്റ് ജനറലിനോട് ഹാജരായി വിശദീകരണം നൽകാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നടപ്പന്തലില്‍ ഭക്തര്‍ വിരിവെയ്ക്കാതിരിക്കാന്‍ ആര് പറഞ്ഞിട്ടാണ് വെള്ളം തളിച്ചതെന്നും കോടതി ചോദിച്ചു. നിലയ്ക്കലിലടക്കം ഭക്തര്‍ക്ക് വെള്ളം പോലും കിട്ടാത്ത സാഹചര്യമാണ്.

ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ ഇത്ര കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടു.

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്ന പൊലീസുകാര്‍ക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനാണെന്നും ഹൈക്കോടതി ആരാഞ്ഞു. ഇപ്പോഴുള്ള പൊലീസുകാര്‍ ക്രൗഡ് മാനേജ്‌മെന്റിന് യോഗ്യരാണോ എന്ന് അറിയിക്കണം. കുടിവെള്ളവും ശുചിമുറിയും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്