Main Menu

ശ്വേതയെ പുറത്താക്കി; അഞ്ജലി അമീര്‍ ബിഗ്‌ബോസ് ഹൗസിലെത്തി; തന്റെ വഴിക്ക് വിട്ടില്ലെങ്കില്‍ വയലന്റ് ആകുമെന്ന് അനൂപിന് മുന്നറിയിപ്പ് നല്‍കി അഞ്ജലി

ബിഗ് ബോസില്‍ നിന്ന് ശ്വേത മേനോന്‍ പുറത്ത്. ഈയാഴ്ച മറ്റ് മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് ഇരുവരേയും ആണ് പുറത്തേക്ക് നോമിനേറ്റ് ചെയ്തത്. ഇവരില്‍ ഒരാളെയാണ് ബിഗ് ബോസ് ഇന്ന് പറഞ്ഞയക്കുക. രാത്രിയോടെ മോഹന്‍ലാല്‍ പ്രഖ്യാപനം നടത്തും. 16 പേരുമായി തുടങ്ങിയ പരിപാടിയില്‍ ഇപ്പോള്‍ 12 പേരാണ് ബാക്കിയുളളത്. ആദ്യം പുറത്തുപോയത് മനോജ് വര്‍മ്മയായിരുന്നു. ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹത്തെ ബിഗ് ബോസ് പറഞ്ഞയച്ചത്. ഇതിന് പിന്നാലെ ഡേവിഡ് ജോണ്‍, ഹിമ ശങ്കര്‍, ശ്രീലക്ഷ്മി, ദീപന്‍ എന്നിവരും പുറത്തായി.

രഞ്ജിനി ഹരിദാസ്, ശ്വേത മേനോന്‍, തരികിട സാബു, അനൂപ് ചന്ദ്രന്‍, അതിഥി റായ്, ശ്രീനീഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ഷിയാസ് കരീം എന്നിവരാണ് ഇപ്പോള്‍ മത്സരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി തുടങ്ങിയ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കപ്പെട്ടത് മുതിര്‍ന്ന താരങ്ങളായ ശ്വേത, രഞ്ജിനി എന്നിവര്‍ക്കായിരുന്നു. ഇരുവരുടേയും അനുഭവസമ്പത്ത് ബിഗ് ബോസ് ഹൗസില്‍ മുതല്‍ കൂട്ടാകുമെന്നാണ് കണക്കുകൂട്ടപ്പെട്ടത്. എന്നാല്‍ 100 ദിവസങ്ങള്‍ അതിജീവിക്കേണ്ടുന്ന മത്സരത്തില്‍ വെറും 35 ദിവസങ്ങള്‍ കഴിയുമ്പോഴാണ് ഇവരില്‍ ഒരാള്‍ പുറത്താക്കപ്പെടുന്നത്.

എലിമിനേഷന്‍ നടപടികള്‍ അറിയിക്കാനായി മോഹന്‍ലാല്‍ തിരിച്ചെത്തി. പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സാബുവിനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. മണ്ണും ചാരി നിന്ന സാബു പെണ്ണും കൊണ്ടു പോയ അവസ്ഥയാണ് നടന്നതെന്ന് അനൂപ് പറഞ്ഞു. തന്നെ കൊണ്ട് പറ്റുന്നത്രയും ശ്രമിച്ചെന്ന് ദിയ സന പറഞ്ഞു. പേളി ക്യാപ്റ്റനായിരുന്നപ്പോള്‍ നായകനില്ലാത്ത അവസ്ഥയായിരുന്നെന്ന് സാബു പറഞ്ഞു. തേരാളിയായി നിന്ന് എല്ലാവരേയും മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാബുവിനെ കുറിച്ച് എല്ലാ മത്സരാര്‍ത്ഥികളോടും അഭിപ്രായം ചോദിച്ചു. താന്‍ വീട്ടില്‍ തുടര്‍ന്നാല്‍ സാബുവിന്റെ കളികള്‍ സമ്മതിക്കില്ലെന്ന് രഞ്ജിനി പറഞ്ഞു. സാബുവിന്റെ നായകത്വത്തെ കുറിച്ച് ഓരോരുത്തരും പ്രതീക്ഷ പ്രകടിപ്പിച്ചു.

താനൊരു ശക്തയായ എതിരാളിയായത് കൊണ്ടാണ് നോമിനേറ്റ് ചെയ്തതെന്ന ഷിയാസിന്റേയും സാബുവിന്റേയും നിലപാട് മനസ്സിലാക്കാന്‍ പറ്റുമെന്ന് രഞ്ജിനി പറഞ്ഞു. എന്നാല്‍ അരിസ്റ്റോ സുരേഷ് തന്നെ നോമിനേറ്റ് ചെയ്തതിന്റെ കാരണം ബാലിഷമാണെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് സുരേഷ് മറുപടി പറഞ്ഞു.

തുടര്‍ന്ന് രഞ്ജിനിക്കും ശ്വേതയ്ക്കും മറ്റ് മത്സരാര്‍ത്ഥികളോട് സംസാരിക്കാന്‍ അവസരം നല്‍കി. ആദ്യം ശ്വേതയാണ് സംസാരിക്കാനെത്തിയത്. പേളിക്ക് തന്നോട് എന്താണ് പ്രശ്‌നമെന്ന് അറിയില്ലെന്ന് ശ്വേത പറഞ്ഞു. തന്നോട് ആദ്യമായാണ് ഒരാള്‍ ഇതുപോലെ ഷട്ടപ്പ് പറഞ്ഞതെന്നും ശ്വേത കുറ്റപ്പെടുത്തി. ‘നെഗറ്റീവ് ആയ ഒരു വ്യക്തിത്വമാണ് പേളിയില്‍ കണ്ടത്. പലപ്പോഴും എന്നെ ധിക്കരിച്ചു. ബഹുമാനമില്ല. പേളിയെ കുറിച്ച് ഇങ്ങനെയല്ല കരുതിയത്’, ശ്വേത കൂട്ടിച്ചേര്‍ത്തു. തന്റെ നിഴല്‍ പോലെ നടന്ന രഞ്ജിനിക്ക് നന്ദി പറയുന്നതായും ശ്വേത വ്യക്തമാക്കി.

ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാണ് ബിഗ് ബോസില്‍ വന്നതെന്ന് രഞ്ജിനി പറഞ്ഞു. ‘ഇവിടുന്ന് പോയാലും ഞാന്‍ മാറില്ല. ഇതുപോലെ തന്നെയായിരിക്കും പെരുമാറുക. ഏപ്രില്‍ 23ന് ജനിച്ച രണ്ട് പേരാണ് ഞാനും ശ്വേതയും. രണ്ട് പേരുമാണ് ഇന്ന് എലിമിനേഷനില്‍ നില്‍ക്കുന്നത്. നമ്മള്‍ രണ്ട് പേരും ചേര്‍ന്ന് മറ്റുളളവരെ പുറത്താക്കാന്‍ പദ്ധതി തയ്യാറാക്കിയതായി മറ്റുളളവര്‍ വിചാരിക്കുന്നുണ്ട്, എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് നമുക്ക് അറിയാം’, രഞ്ജിനി പറഞ്ഞു. പേളിക്ക് രണ്ട് മുഖം ഉള്ളപ്പോള്‍ അതില്‍ ഒന്ന് ഗെയിം കളിക്കാനുളള മുഖമാണെന്ന് തനിക്ക് മാത്രമാണ് അറിയാവുന്നതെന്ന് രഞ്ജിനി കൂട്ടിച്ചേര്‍ത്തു. തന്നെ ഏറ്റവും കൂടുതല്‍ ഉത്തേജിപ്പിച്ച കഥാപാത്രം സാബുവാണെന്ന് രഞ്ജിനി പറഞ്ഞു. രഞ്ജിനിയോടും ശ്വേതയോടും പെട്ടി എടുത്ത് പുറത്തേക്ക് വരാന്‍ മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരേയും മത്സരാര്‍ത്ഥികള്‍ യാത്രയാക്കി.

എന്നാല്‍ രണ്ട് പേരും പുറത്താകുമെന്ന് മത്സരാര്‍ത്ഥികളാരും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴും ഇരുവര്‍ക്കും സാധ്യതയുണ്ടെന്ന വിശ്വാസമായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക്. രഞ്ജിനി തിരിച്ച് വരാന്‍ സാധ്യതയുണ്ടെന്ന് പേളി പ്രതീക്ഷ പ്രകടിപ്പിച്ചു. വലിയൊരു എതിരാളികളായ രണ്ട് പേര്‍ കണ്ണടച്ചു തുറക്കും മുമ്പ് പോയതില്‍ വിഷമമുണ്ടെന്ന് സാബു പറഞ്ഞു. ഇരുവരും പോയതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ് അര്‍ച്ചന കരഞ്ഞു. ഒന്നുകില്‍ രണ്ട് പേരും ഇവിടെ വേണമെന്നും ഇല്ലെങ്കില്‍ രണ്ട് പേരും പോണമെന്നും അനൂപ് പറഞ്ഞു. ഇല്ലെങ്കില്‍ പുറത്തു പോവുന്നയാള്‍ക്കുളള ആഘാതം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രഞ്ജിനി ഇല്ലെങ്കില്‍ ശൂന്യതയായിരിക്കുമെന്ന് പേളി പറഞ്ഞു. ഇരുവരും പുറത്തുപോവണമെന്നും സങ്കടമില്ലെന്നും സുരേഷ് പറഞ്ഞു.

അകത്തുളളവര്‍ തനിക്ക് മത്സരാര്‍ത്ഥികള്‍ മാത്രമാണെന്ന് രഞ്ജിനി മോഹന്‍ലാലിനോട് പറഞ്ഞു. തന്നെ ബിഗ് ബോസില്‍ പലരും ആക്രമിച്ചെന്നും സുരേഷാണ് ആദ്യമായി വ്യക്തിപരമായി ആക്രമിച്ചതെന്നും ശ്വേത പറഞ്ഞു. ആവശ്യമുളള സമയത്ത് താന്‍ തിരിച്ചടിക്കാത്തത് കൊണ്ടാണ് പുറത്തേക്ക് പോകുന്നതെന്ന് ശ്വേത പറഞ്ഞു. താന്‍ മത്സരത്തിലേക്ക് തിരികെ വന്നാലും മാറിക്കളിക്കില്ലെന്ന് രഞ്ജിനി വ്യക്തമാക്കി. ‘സാബുവുമായി പുറത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഗെയിം എനിക്ക് ഇഷ്ടമാണ്. അങ്ങനെ ഒരു ബന്ധമുണ്ട് അദ്ദേഹവുമായി’, രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെ ശ്വേതയാണ് പുറത്തുപോവുന്നതെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. രഞ്ജിനിക്ക് അകത്തേക്ക് പോയി മത്സരം തുടരാമെന്നും അദ്ദേഹം അറിയിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ശ്വേത പുറത്തായ വിവരം രഞ്ജിനി കേട്ടിരുന്നത്. ശ്വേതയെ തനിക്ക് അറിയാമെന്നും മറ്റാരും മനസ്സിലാക്കിയിട്ടില്ലെന്നും രഞ്ജിനി ശ്വേതയോട് പറഞ്ഞു. കരഞ്ഞ രഞ്ജിനിയെ ശ്വേത സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് ശ്വേത പറഞ്ഞു. ‘സ്വയം രക്ഷയ്ക്ക് കള്ളം പറഞ്ഞപ്പോഴാണ് കള്ളിയെന്ന പേര് വീണത്. ഞാനൊരു കള്ളിയല്ല. വ്യക്തിപരമായ ആക്രമണം നടന്നപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. എല്ലാവരുടേയും കാഴ്ചപ്പാട് വ്യത്യസ്തമാണ്. മനുഷ്യത്വം കാണിക്കരുതെന്ന് പഠിച്ചു’, ശ്വേത പറഞ്ഞു.

തുടര്‍ന്ന് മോഹന്‍ലാല്‍ ഒരു ടാസ്‌ക് കൊടുത്തു. 11 മത്സരാര്‍ത്ഥികളുടെ കട്ടൗട്ടുകള്‍ നിരത്തി വച്ചിരുന്നു. ഇതില്‍ വിജയിക്കുന്നവരുടെ കട്ടൗട്ടില്‍ തിലകം ചാര്‍ത്താമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അര്‍ച്ചന മത്സരത്തില്‍ വിജയിക്കുമെന്ന് ശ്വേത പ്രവചിച്ചു. പേളിയുടെ കട്ടൗട്ട് ഇടിച്ച് തെറിപ്പിച്ച് ശ്വേത ദേഷ്യം കാണിച്ചു. അരിസ്റ്റോ സുരേഷിനെയാണ് ശ്വേത പ്രതീകാത്മകമായി വെടിവച്ചു കൊന്നത്. ഇനിയെങ്കിലും നന്നായി കളിക്കണമെന്ന് സുരേഷിനോടായി ശ്വേത പറഞ്ഞു. കട്ടൗട്ടില്‍ ഇഷ്ടമുളളവരെ കെട്ടിപ്പിടിക്കാമെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാലിനെയാണ് ശ്വേത കെട്ടിപ്പിടിച്ചത്.

ഇതിന് പിന്നാലെ പുതിയ മത്സരാര്‍ത്ഥിയെ മോഹന്‍ലാല്‍ ബിഗ് ബോസില്‍ അവതരിപ്പിച്ചു. അഞ്ജലി അമീറാണ് ബിഗ് ബോസിലെത്തിയത്. ട്രാന്‍സ് വുമണായ അഞ്ജലി മമ്മൂട്ടിയുടെ പേരന്‍പ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് ചെയ്തിരുന്ന അഞ്ജലി അടുത്തിടെ ചില ടെലിവിഷന്‍ ഷോകള്‍ ചെയ്തിരുന്നു. അത് കണ്ടാണ് മമ്മൂക്ക തന്നെ പേരന്‍പിലെ ഹീറോയിനായി സജസ്റ്റ് ചെയ്തത്.

കോഴിക്കോട് താമരശേരി കാരാടിലെ അമീറിന്റെയും ജമീലയുടെയും ‘മകനാ’യാണ് അഞ്ജലിയുടെ ജനനം. രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ തന്റെയുള്ളിലെ സ്ത്രീത്വം തിരിച്ചറിഞ്ഞതായി അവകാശപ്പെടുന്ന അഞ്ജലിക്കു പഴയ ‘ആണ്‍പേര്’ ഓര്‍മിക്കാനോ വെളിപ്പെടുത്താനോ ഇഷ്ടമില്ല. അഞ്ജലിക്ക് ഒരു വയസുള്ളപ്പോള്‍ മാതാവ് മരിച്ചു. എന്നാല്‍, അമ്മവീട്ടില്‍ തന്നെ താമസം തുടര്‍ന്നു. പിതാവ് മറ്റൊരു വിവാഹം കഴിച്ചു. ചെറുപ്രായത്തിലേ അനുഭവിച്ച കഠിനവേദനകള്‍ ജീവിതത്തില്‍ മുന്നേറാന്‍ കരുത്തേകി.

10ാം ക്ലാസ് കഴിഞ്ഞപ്പോള്‍തന്നെ കോയമ്പത്തൂരിലും ചെന്നൈയിലും ബെംഗളൂരുവിലും ജോലി തേടി അലഞ്ഞു. കോയമ്പത്തൂരില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സിനൊപ്പം പ്ലസ്ടു പഠനവും തുടര്‍ന്നു. 20ാംവയസില്‍ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. മോഡലിങ്ങിലും ടിവി ഷോകളിലും സജീവമായിരുന്നെങ്കിലും സിനിമയില്‍ അഭിനയിക്കണമെന്നതു ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. സാക്ഷാല്‍ മമ്മൂട്ടിക്കൊപ്പം സ്വപ്‌ന സദൃശമായ തുടക്കം ലഭിച്ചതില്‍ ഈ കലാകാരി ഏറെ അഭിമാനിക്കുന്നു. ഒരു ടിവി സീരിയലില്‍ അഞ്ജലി മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ട്രാന്‍സ് വുമണ്‍ എന്നു വെളിപ്പെടുത്തി തന്നെയാണ് അഭിനയരംഗത്തെത്തിയത്. അഞ്ജലിയെ ഇരുകൈയ്യും നീട്ടി മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസിലേക്ക് സ്വാഗതം ചെയ്തു. വന്നതിന് പിന്നാലെ അഞ്ജലി തന്റെ നിലപാടുകള്‍ വ്യക്തമാക്കി. തന്റെ സ്വഭാവം അനുസരിച്ച് അടുക്കും തോറും അകല്‍ച്ചയുണ്ടാവുമെന്ന് അഞ്ജലി അനൂപിനോട് പറഞ്ഞു. തന്നെ തന്റെ വഴിക്ക് വിടണമെന്നും അല്ലാത്ത പക്ഷം താന്‍ വയലന്റ് ആയിരിക്കുമെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്