Main Menu

ശബരിമല; സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍

 

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചര്‍ച്ചയും നാളെ നടക്കും. നാളെ സര്‍വ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബ പ്രതിനിധികള്‍ പറഞ്ഞു. തന്ത്രി കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്. കണ്ഠരര് രാജീവരര് , മോഹനരര്, മഹേഷ് മോഹനരര് എന്നിവര്‍ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗങ്ങള്‍ അറിയിച്ചു.

എന്നാല്‍ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് പന്തളം കുടുംബം ആവശ്യപ്പെടും. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വഴങ്ങാന്‍ സാദ്ധ്യതയില്ല. ഇന്നലെ യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന സുപ്രീം കോടതി വിധി ശബരിമല ഉന്നതതലയോഗത്തില്‍ മൂന്ന് തവണയാണ് മുഖ്യമന്ത്രി വായിച്ചത്.

മാത്രമല്ല ഭരണഘടനാ പ്രകാരം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്നും പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍ പിന്‍മാറിയിരുന്നു. എന്നാല്‍ മണ്ഡലകാലം കഴിയുന്നത് വരെ സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലെന്ന ഉത്തരവ് വന്നതോടെ ഇരു വിഭാഗവും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാകുകയായിരുന്നു.

സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനിടയില്ല. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലാണെങ്കിലും വിധി നടപ്പാക്കാനുള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സന്ദേശമാണ് പിണറായി വിജയന്‍ നല്‍കിയത്.

അതേസമയം പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലും സര്‍ക്കാരിന് മുന്നിലുണ്ട്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കാനാണ് സര്‍വ്വകക്ഷിയോഗം. തന്ത്രി-പന്തളം കുടുംബങ്ങളുമായി സര്‍വ്വകക്ഷിയോഗത്തിന് ശേഷം ചര്‍ച്ച നടത്തും.

എന്‍എസ്എസിനെ ചര്‍ച്ചക്ക് എത്തിക്കാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന. മണ്ഡല മകര വിളക്ക് കാലവും ശബരിമല പ്രതിരോധിക്കുമെന്ന് ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ രണ്ട് മാസത്തോളം നീളുന്ന തീര്‍ത്ഥാടന കാലമാണ് സര്‍ക്കാറിനും പ്രതിഷേധക്കാര്‍ക്കും മുന്നിലെ വെല്ലുവിളി.

അതിനിടെ പഴുതടച്ചുള്ള സുരക്ഷാപദ്ധതിക്ക് പോലീസ് രൂപം നല്‍കി. മേല്‍നോട്ടത്തിന് രണ്ട് എഡിജിപിമാര്‍, പന്പയിലും സന്നിധാനത്തും രണ്ട് ഐജിമാര്‍ക്ക് കീഴില്‍ എട്ട് എസ്പിമാര്‍, ആകെ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വനിതാ ബറ്റാലിയന്‍ അടക്കം എത്തും. ആവശ്യമെങ്കില്‍ സന്നിധാനത്തും വനിതാ ബറ്റാലിയനെ നിയോഗിക്കാനും ആലോചനയുണ്ട്. വിശദമായ പോലീസ് വിന്യാസത്തെക്കുറിച്ച് ഇന്ന് തീരുമാനിക്കും.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്