Main Menu

ശബരിമല വിഷയത്തില്‍ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു; ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്‌പോര്; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭ നാലാംദിവസവും സ്തംഭിച്ചു. ഭരണ–പ്രതിപക്ഷങ്ങള്‍ വാക്പോരുമായി നേര്‍ക്കുനേര്‍ രംഗത്തെത്തി. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഭരണപക്ഷവും രംഗത്തിറങ്ങി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബാനര്‍ കൊണ്ട് സ്പീക്കറുടെ ഡയസ് മറച്ചു. ചോദ്യോത്തരവേളയും തുട‍ര്‍ നടപടികളും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ റദ്ദാക്കി. സഭാനടപടികള്‍ തടസപ്പെടുത്തിയതിന് ഭരണപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ ശാസിച്ചു.  21 മിനിറ്റുകൾ മാത്രം ചേർന്ന് സഭ പിരിഞ്ഞു.

അതേസമയം, ശബരിമല യുവതീപ്രവേശം വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മൂന്നു പ്രതിപക്ഷ എംഎൽഎമാർ നടത്തുന്ന സത്യഗ്രഹം നിയമസഭാ കവാടത്തിനു മുന്നിൽ തുടങ്ങി. പാറക്കല്‍ അബ്ദുല്ല, എന്‍.ജയരാജ്, വി.എസ് ശിവകുമാര്‍ എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. സമരം യുഡിഎഫ് ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ആർഎസ്എസ് ബാന്ധവം പരസ്പരം ആരോപിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ കൊമ്പുകോർത്തു.

രാവിലെ സഭ ആരംഭിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തങ്ങൾ സഭാ നടപടികളുമായി സഹകരിക്കുമെന്ന് അറിയിച്ചു. യുഡിഎഫിന്റെ മൂന്ന് എംഎൽഎമാർ നിയമസഭാ കവാടത്തിനുമുന്നില്‍ സത്യഗ്രഹമിരിക്കുന്നതായും ചെന്നിത്തല അറിയിച്ചു. ഇതോടെ കോൺഗ്രസും ആർഎസ്എസും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. രാഹുൽ ഗാന്ധിയുടേതല്ല, അമിത് ഷായുടെ നിലപാടാണു യുഡിഎഫ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയുമായി എഴുന്നേറ്റ രമേശ് ചെന്നിത്തലയ്ക്കു മൈക്ക് കൊടുക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.

ഇതിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസ് ബാനറുയർത്തി മറച്ചു. ഇതോടെ ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. മുതിർന്ന നേതാക്കളെത്തിയാണ് നടുത്തളത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയ എൽദോസ് എബ്രഹാമടക്കമുള്ളവരെ പിന്തിരിച്ചത്. എല്ലാ ദിവസവും സഭ പെട്ടെന്നു പിരിയേണ്ടിവരുന്ന സാഹചര്യം ശരിയല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. തുടർച്ചയായി സഭ തടസ്സപ്പെടുന്നത് അനുവദിക്കാനാകില്ല. സഭാ നടപടികളുമായി സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

തുടർന്ന് ചോദ്യോത്തരവേളയും സബ്മിഷനും റദ്ദാക്കി നടപടികൾ പൂർത്തിയാക്കി സഭ പെട്ടെന്ന് പിരിഞ്ഞു. അതേസമയം,സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി സ്പീക്കർക്ക് കുറിപ്പു കൊടുത്തയച്ചാണു സഭ തടസ്സപ്പെടുത്തിയത്. സഭാ നേതാവ് തന്നെ കുറിപ്പ് കൊടുത്തയച്ച് സഭ തടസ്സപ്പെടുത്തുന്നതു ചരിത്രത്തിൽ ആദ്യമാണെന്നും ചെന്നിത്തല പറഞ്ഞു



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്