Main Menu

ശബരിമല വിധി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയെന്ന് മന്ത്രി എ.കെ.ബാലന്‍

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയെന്ന് മന്ത്രി എ.കെ ബാലന്‍. കോടതിവിധിയിലുള്ള വസ്തുതാപരമായ പിഴവ് ചൂണ്ടിക്കാണിക്കാന്‍ സാധിച്ചാല്‍ മാത്രമാണ് പുനപ്പരിശോധനാ ഹര്‍ജിയില്‍ എന്തെങ്കിലും സാധ്യതയുള്ളത്. എന്നാല്‍ സുപ്രീം കോടതി വിധിയില്‍ വസ്തുതാപരമായ ഒരു പിഴവും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കോടതിവിധിയെ എതിര്‍ക്കുന്നവര്‍ കേസില്‍ മികച്ച അഭിഭാഷകരെയാണ് നിയോഗിച്ചിരുന്നത്. പറയാനുള്ളതെല്ലാം അവര്‍ കോടതിയില്‍ പറഞ്ഞു കഴിഞ്ഞിട്ടുള്ളതുമാണ്. ആ നിലയ്ക്ക് പുനപ്പരിശോധനാ ഹര്‍ജിയില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടാകും എന്ന് കരുതുന്നില്ലെന്നും എ.കെ.ബാലന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമപരമായി നിലനില്‍ക്കാത്ത കാര്യത്തില്‍ നിയമനിര്‍മാണം നടത്താനാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. കോടതിവിധി നടപ്പിലാക്കുന്നതില്‍ പ്രായോഗികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ അഭിഭാഷകനുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്‍കറന്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസ്സാക്കിയാലേ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പറ്റൂ എന്ന നിലപാടില്‍ അടിസ്ഥാനമില്ല. മൗലികാവകാശവുമായി ബന്ധപ്പെട്ട വിഷയമാണ് വിധിയില്‍ കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് നിയമനിര്‍മാണം നടത്താനാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും മന്ത്രി ബാലന്‍ പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്