Main Menu

ശബരിമല യുവതീപ്രവേശന വിധിക്ക് സ്‌റ്റേ ഇല്ല; സെപ്തംബര്‍ 28ലെ വിധി നിലനില്‍ക്കും; പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയിലേക്ക് മാറ്റി; ജനുവരി 22ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിക്ക് സ്‌റ്റേ ഇല്ല.  പുനഃപരിശോധനാ, റിട്ട് ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക് വിട്ടു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. ജനുവരി 22നാണ് വാദം കേള്‍ക്കുന്നത്. അതായത് ഈ മണ്ഡലകാലം കഴിഞ്ഞ ശേഷമാണ് വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുക.

ശബരിമല വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട നാല് റിട്ട് ഹര്‍ജികളും പുന:പരിശോധനാ ഹര്‍ജിക്കൊപ്പം വാദം കേള്‍ക്കും.

സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അടക്കം എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കും. സുപ്രീംകോടതി രജിസ്ട്രാര്‍ മാധ്യമപ്രവര്‍ത്തകരെ ഈ വിവരങ്ങള്‍ നേരിട്ട് അറിയിക്കുകയായിരുന്നു.

50 പുനഃപരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് കോടതി മുന്നാകെ എത്തിയിരുന്നത്. ശബരിമല മുഖ്യതന്ത്രി, ശബരിമല തന്ത്രിമാരില്‍ ഒരാളായ കണ്ഠരര് രാജീവര്, നായര്‍ സര്‍വീസ് സൊസൈറ്റിക്കു വേണ്ടി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, പന്തളം കൊട്ടാരം നിര്‍വാഹക സമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവ സമാജം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി സി ജോര്‍ജ് എംഎല്‍എ, യോഗ ക്ഷേമ സഭ എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയവരില്‍ പ്രമുഖര്‍. പതിനഞ്ചോളം സ്വകാര്യവ്യക്തികളും പുനഃപരിശോധന ഹര്‍ജി നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. ജി വിജയകുമാര്‍, എസ് ജയാ രാജ് കുമാര്‍, ശൈലജ വിജയന്‍ ആന്‍ഡ് അദേഴ്‌സ്, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്.

2018 സെപ്തംബര്‍ 28 ന് ആണ് ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന ചരിത്ര വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബഞ്ച് പുറപ്പെടുവിക്കുന്നത്. 1965 ലെ കേരള ക്ഷേത്രപ്രവേശന നിയമം അനുശാസിക്കുന്ന 3(ബി) ചട്ടം ഭരണഘടന വിരുദ്ധം എന്നായിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് സുപ്രീംകോടതി പറഞ്ഞത്. ഭരണഘടനയുടെ 25 ആം വകുപ്പ് പ്രകാരം മതാചാരം പാലിക്കാനുള്ള ഹിന്ദു സ്ത്രീയുടെ അവകാശം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നതാണ് കേരള സര്‍ക്കാര്‍ പാസാക്കിയ 3(ബി ) ചട്ടം എന്നും കോടതി ചൂണ്ടിക്കാണിച്ചു. അഞ്ചംഗ ഭരണഘടന ബഞ്ചില്‍ അഞ്ചില്‍ നാലുപേരുടെ പിന്തുണയോടെയായിരുന്നു വിധി ഉണ്ടായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജ. ആര്‍ എഫ് നരിമാന്‍, ജ. എഎം ഖാന്‍വില്‍ക്കര്‍, ജ. ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അനുകൂലമായി വിധിയെഴുതിയപ്പോള്‍ ജ. ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ച് വിധിയെഴുതി.

അഞ്ചംഗ ഭരണഘടന ബെഞ്ചിലെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിന്യായത്തിലൂടെ, പ്രത്യേക സമയങ്ങളില്‍, നിലനില്‍ക്കുന്ന ആചാരത്തിന്റെയോ കീഴ്‌വഴക്കങ്ങളുടെയോ ഭാഗമായി സ്ത്രീകള്‍ പൊതു ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത് എന്ന് നിഷ്‌ക്കര്‍ഷിക്കുന്ന Kerala Hindu Places of Public Worship (authorization of etnry) Rule 1965 sâ dqÄ 3(b) അസാധുവാക്കപ്പെടുകയും ഉണ്ടായി. എല്ലാ ജനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കിടയില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാം എന്ന Kerala Hindu Places of Public Worship (authorization of etnry) Act 1965 വകുപ്പ് 3 ന്റെയും, യാതൊരു തരത്തിലുള്ള ഒഴിവാക്കലോ, വിവേചനമോ കൂടാതെ ആക്ടിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ഗവണ്‍മെന്റിനെ ചുമതലപ്പെടുത്തുന്ന 4(1) വകുപ്പിന്റെയും അതോടൊപ്പം ഭരണഘടന ആര്‍ട്ടിക്കിള്‍ 25(1) ഉറപ്പ് നല്‍കുന്ന മതവിശ്വാസത്തിനുള്ള സ്വാതന്ത്രത്തിന്റെയും ആര്‍ട്ടിക്കിള്‍ 15(1) ന്റേയും ലംഘനമാണ് റൂള്‍ 3(ബി) എന്ന് സുപ്രീം കോടതിയുടെ തന്നെ Union of India and others V. Sreenivasan (20127SCC683) State of Tamil Nadu V.P. Krishna Moorthi & Others (2006) 4SCC 517) എന്നീ കേസുകളുടെ വിധിന്യായങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ കോടതി നിരീക്ഷിക്കുകയുണ്ടായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(1) ല്‍ പറയുന്ന ധാര്‍മ്മികത ഭരണഘടനയുടെ ആമുഖത്തില്‍ സൂചിപ്പിക്കുന്ന തത്വങ്ങളില്‍ നിന്ന് രൂപം കൊള്ളുന്ന ഭരണഘടനാ ധാര്‍മ്മികതയെയാണ് വിവക്ഷിക്കുന്നതെന്നു കോടതിയുടെ വിലയിരുത്തുണ്ടായി. ഭരണഘടനയില്‍ ഉള്‍ചേര്‍ന്നിട്ടുള്ള ധാര്‍മ്മികത മതവിശ്വാസങ്ങളുടേയും ധാര്‍മ്മികതക്ക് മുകളില്‍ ആണെന്നാണ് കോടതി സൂചിപ്പിച്ചത്. ഒരു മതവിഭാഗത്തിന്റെ ഒഴിവാക്കാനാവാത്ത ആചാര സവിശേഷതയായി ശബരമലയിലെ സ്ത്രീ വിലക്കിനെ കാണണമെന്ന വാദവും കോടതി നിരാകരിച്ചിരുന്നു.

സെപ്തംബര്‍ 28ന് വന്ന ഈ വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന പുനഃപരിശോധന ഹര്‍ജികളാണ് സുപ്രിം കോടതി ഇന്ന് പരിശോധനയ്‌ക്കെടുത്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരുടെ ബഞ്ച് ആണ് റിട്ട് ഹര്‍ജികള്‍ പരിഗണിച്ചത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്