Main Menu

ശബരിമല പ്രശ്ന പരിഹാരം; സര്‍വ്വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമല പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയും ഇന്ന് നടക്കും. യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കും. സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും.

നാളെ മണ്ഡല- മകര വിളക്ക് തീര്‍ത്ഥാടനകാലം തുടങ്ങാനിരിക്കെ സര്‍ക്കാര്‍ യുവതീ പ്രവേശനത്തില്‍ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും നോക്കുന്നത്. യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വീണ്ടും വിസമ്മതിച്ചതോടെ സര്‍ക്കാറിന് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷെ ശക്തമായ പ്രതിഷേധം ഉയരുമെന്ന വിവിധ സംഘടനകളുടെ മുന്നറിയിപ്പും സര്‍ക്കാറിന് മുന്നിലുണ്ട്.

യുവതികളെ നിര്‍ബന്ധപൂര്‍വ്വം കൊണ്ട് വരില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കും. എന്നാല്‍ യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാറിന് നല്‍കാതിരിക്കാനാകില്ല. പുന:പരിശോധനാ ഹര്‍ജികള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതാകും വിധിയെ എതിര്‍ക്കുന്നവര്‍ പിടിവള്ളിയാക്കുക.

ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനം മണ്ഡല- മകരവിളക്ക് കാലത്ത് അനുവദിക്കരുതെന്നാകും കോണ്‍ഗ്രസ്സും ബിജെപിയും പന്തളം കുടുംബവുമെല്ലാം ആവശ്യപ്പെടുക. യുവതികള്‍ എത്തിയാല്‍ നട അടച്ചിടുമെന്ന നിലപാടെടുത്ത തന്തി കുടുംബത്തിന്റെ അഭിപ്രായങ്ങള്‍ക്കും പ്രാധാന്യമുണ്ട്. സര്‍ക്കാറും വിധിയെ എതിര്‍ക്കുന്നവരും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ ചര്‍ച്ചകളില്‍ സമവായത്തിനുള്ള സാധ്യത കുറവാണ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്