Main Menu

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം; പലയിടങ്ങളിലും അക്രമം; കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടയുകയും തകര്‍ക്കുകയും ചെയ്തു; പാലക്കാട് ബസ് കത്തിക്കാന്‍ ശ്രമം; സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞതോടെ പുറത്തിറങ്ങാനാകാതെ ജനം വലഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടയുകയും തകര്‍ക്കുകയും ചെയ്തു. സമരാകനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞതോടെ പുറത്തിറങ്ങാനാകാതെ ജനം വലഞ്ഞു. ഹര്‍ത്താലിനോടനുബന്ധിച്ച് ഏറ്റവും അധികം അക്രമങ്ങള്‍ അരങ്ങേറിയത് വടക്കന്‍ കേരളത്തിലാണ്. കോഴിക്കോട്ടും, മലപ്പുറത്തും നിരവധി വാഹനങ്ങള്‍ എറിഞ്ഞ് തകര്‍ത്തു. തമിഴ്‌നാട്ടില്‍ നിന്നും, കര്‍ണ്ണാടകയില്‍ നിന്നും വന്ന സര്‍ക്കാര്‍ ബസുകള്‍ ഓടാന്‍ അനുവദിച്ചില്ല. പൊലീസ് സംയമനം പാലിച്ചതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. മലപ്പുറം താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലിസിനെ ആക്രമിച്ചു.

താനൂരില്‍ വാഹനം തടഞ്ഞവരെ പിരിച്ചുവിടാന്‍ ശ്രമിക്കവെയാണ് പൊലീസിന് നേരെയും അക്രമം ഉണ്ടായത്. പൊലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പരിക്കേറ്റ രണ്ട് പൊലീസുകാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കത്തും തൃശ്ശൂരിലും ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞവരെ പിരിച്ചുവിടാനെത്തിയ പൊലീസിന് നേരെ താനൂര്‍ ശോഭാപറമ്പിലാണ് അക്രമമുണ്ടായത്. രൂക്ഷമായ കല്ലേറില്‍ താനൂര്‍ സ്റ്റേഷനിലെ ഷൈജു, റാഷിദ് എന്നിവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ മിനി പമ്പയ്ക്ക് സമീപം ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞു. വയനാട്, കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കാസര്‍കോടും പാലക്കാടും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ കുടുങ്ങികിടക്കുകയാണ്.

കോഴിക്കോട് കുന്നമംഗലത്തും തിരുവനന്തപുരത്തും മലപ്പുറം എടക്കരയിലും കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ത്തു. അര്‍ദ്ധ രാത്രിയാണ് കുന്ദമംഗലത്ത് ഇരുചക്രവാഹനത്തിലെത്തിയവര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. ബിയര്‍ കുപ്പികളടക്കമുള്ള ഉപയോഗിച്ചായിരുന്നു ആക്രമണം. കുന്നമംഗലത്ത് ബംഗളുരു സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകള്‍ക്കുനേരെയാണ് അക്രമമുണ്ടായത്. ബംഗളുരു സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകളടക്കമുള്ള നാലു ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു.വ്യാപകകമായി അക്രമുണ്ടായതോടെ കോണ്‍വോയ് അടിസ്ഥാനത്തില്‍ നടത്തിയ സര്‍വീസുകള്‍ പോലും കെഎസ്ആര്‍ടിസി നിര്‍ത്തി.പാലക്കാട് ബസ് കത്തിക്കാനും ശ്രമമുണ്ടായി.

മുക്കത്തും കുണ്ടായിത്തോടും മലപ്പുറം എടക്കരയിലും സമാനരീതില്‍ കല്ലേറുണ്ടായി.സ്വകാര്യ വാഹനങ്ങള്‍ വരെ തടഞ്ഞതോടെ ട്രെയ്‌നുകളിലും ദീര്‍ഘദൂര ബസുകളിലും വന്നിറങ്ങിയവര്‍ യാത്രയ്ക്ക് വഴിയില്ലാതെ വലഞ്ഞു. ബിജെപി ശക്തി കേന്ദ്രങ്ങളിലൂടെ കടന്നുപോകേണ്ടതിനാല്‍ റയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷകള്‍ പോലും ഓട്ടം പോകാന്‍ മടിക്കുകയായിരുന്നു. ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഗര്‍ഭിണിക്ക് തുടര്‍യാത്രക്കായി ഏറെ കാത്തിരിക്കേണ്ടിവന്നു. കാറുകളും ഇരുചക്രവാഹനങ്ങളും വ്യാപകമായി തടയാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ദുരിതത്തിലായി.

മധ്യകേരളത്തില്‍ തൃശൂരില്‍ ഒഴികെ മറ്റിടങ്ങളില്‍ എല്ലാം സ്ഥിതി ശാന്തമാണ്. രാവിലെ ദീര്‍ഘദൂര ബസുകളും കെഎസ്ആര്‍ടിസി ബസുകളും ഓടിയത് ഒഴിച്ചാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിരത്തിലിറങ്ങിയില്ല. പൊലീസ് അകമ്പടിയോടെ എട്ടുമണിവരെ ഏതാനും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ ഉണ്ടായതോടെ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെ മറ്റ് കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. തൃശൂര്‍ ചേലക്കരയില്‍ പ്രകടനത്തിനിടെ പൊലീസ് ജീപ്പ് തട്ടി ബിജെപി പ്രവര്‍ത്തകന് പരുക്ക് പറ്റി. ഇതോടെ് പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തടഞ്ഞു. തൃശൂര്‍ പുത്തൂരില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തൃക്കൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ യുവാവിനെ മര്‍ദിച്ചു. എറണാകുളം മൂവാറ്റുപുഴയിലും കാലടിയിലും പാലാരിവട്ടത്തും വടക്കന്‍ പറവൂരിലും പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു.

കോട്ടയം വൈക്കത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇടുക്കി ജില്ലയില്‍ തൊടുപുഴ, കട്ടപ്പന, മൂന്നാര്‍, വണ്ടിപ്പെരിയാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആലപ്പുഴ അമ്പലപ്പുഴയിലും എടത്വയിലും വയലാറിലും പ്രതിഷേധക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ പോലും കടത്തിവിട്ടില്ല. ഹര്‍ത്താലിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു. തെക്കന്‍ കേരളത്തില്‍ പൂര്‍ണം. രാവിലെ കെഎസ്ആര്‍ടിസി ബസിന് നേര്‍ക്ക് തിരുവനന്തപുരം കല്ലമ്പലത്തു കല്ലേറുണ്ടായി. തുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. പലയിടങ്ങളിലും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. മെഡിക്കല്‍ കോളെജ്, ആര്‍സിസി എന്നിവിടങ്ങളിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറിങ്ങിയവരെ സഹായിക്കാനായി പൊലീസ് വാഹനങ്ങളേര്‍പ്പെടുത്തി.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്