Main Menu

ശബരിമലയെ സര്‍ക്കാര്‍ യുദ്ധക്കളമാക്കുകയാണെന്ന് പി.എസ് ശ്രീധരന്‍പിള്ള; കയ്യും കെട്ടി നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ശബരിമലയെ യുദ്ധക്കളമാക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. എസ്ഡിപിഐ അനുഭാവികളായ പൊലീസുകാരുടെ സഹായത്തോടെയാണു യുവതികള്‍ മല കയറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസികളായ പൊലീസുകാരുടെ മനസ്സ് ഉണരണം. പൊലീസ് വേഷത്തില്‍ കൊണ്ടുപോകാന്‍ കോടതി ഉത്തരവുണ്ടോ? സ്ത്രീകള്‍ക്കു സുരക്ഷ ഒരുക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്ന സര്‍ക്കാര്‍ വാദം തട്ടിപ്പാണ്.

ആരെയും ബലംപ്രയോഗിച്ചു കയറ്റണമെന്നു കോടതി പറഞ്ഞിട്ടില്ല. യുവതിയെ പൊലീസ് വേഷം ധരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം. ആള്‍മാറാട്ടത്തിനു കേസെടുക്കണം. അവിടെ നടക്കുന്നതു നിരീശ്വരവാദികളുടെ യുദ്ധപ്രഖ്യാപനമാണ്. സ്വസ്ഥമായി ഇരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണം. തന്ത്രിമാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. യുവതികള്‍ 18-ാം പടി കയറിയാല്‍ തന്ത്രിമാര്‍ വേണ്ടതു ചെയ്യണം. സര്‍ക്കാര്‍ കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്. വിശ്വാസികളുടെ ശാപം പിണറായിയുടെ തലമുറകളെ പിന്തുടരും. നിരോധനാജ്ഞ ലംഘിക്കാനുള്ളതുകൂടിയാണ്. അതിനു സ്വാതന്ത്ര്യമുള്ള നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ കാഴ്ചകളാണ് ഇന്ന് ശബരിമലയില്‍ നടന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് സര്‍ക്കാരിന് കനത്ത വില നല്‍കേണ്ടി വരും. ഹിന്ദു സമൂഹത്തെയും ആചാരങ്ങളെയും വിശ്വാസികളെയും വെല്ലുവിളിക്കാനാണ് പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നതങ്കില്‍ കയ്യും കെട്ടി നോക്കിയിരിക്കാന്‍ ബിജെപി തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടി നിയമം കയ്യിലെടുക്കാനും തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് വേഷത്തില്‍ യുവതികളെ കയറ്റാന്‍ നടത്തിയ നീക്കത്തെയും ശക്തമായ രീതിയില്‍ അദ്ദേഹം വിമര്‍ശിച്ചു.

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹന ഫാത്തിമയുടേയും മേരി സ്വീറ്റിയുടേയും വീടുകളിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. രഹന ഫാത്തിമയുടെ കൊച്ചിയിലെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. രഹനയുടെ വീടിനുമുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ വഴിയാത്രക്കാരില്‍ ഒരാള്‍ ബിജെപി സമരത്തെ ചോദ്യം ചെയ്തതാണ് ബഹളത്തിനിടയാക്കിയത്. മേരി സ്വീറ്റിയുടെ കുടുംബവീട്ടിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ കസേരകള്‍ എടുത്തെറിഞ്ഞു.

സുപ്രീംകോടതി വിധിക്കുശേഷം മൂന്നാംതവണയാണ് സന്നിധാനത്തേക്ക് പോകാന്‍ യുവതികള്‍ ശ്രമിച്ചത്. കൊച്ചി സ്വദേശി രഹന ഫാത്തിമ ഇരുമുടിക്കെട്ടുമായെത്തിയപ്പോള്‍ ഹൈദരാബാദിലെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിത റിപ്പോര്‍ട്ടിങ്ങിനാണ് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത്. രാത്രി പമ്പ പൊലീസിന്റെ പിന്തുണ തേടിയ ഇവരോട് പുലര്‍ച്ചെ എത്താന്‍ ഐജി ശ്രീജിത്ത് നിര്‍ദേശിച്ചു. രാവിലെ ആറരയ്ക്ക് സര്‍വസജ്ജരായ പൊലീസ് സംഘത്തിന്റെ അകമ്പടിയില്‍ മലകയറ്റം.

അപ്പാച്ചിമേടുപിന്നിട്ട് ശബരീപീഠത്തിനരികിലെത്തിയപ്പോള്‍ ഒരാള്‍ യുവതികള്‍ക്കുനേരെ കല്ലെറിഞ്ഞു. ഇയാളെ പൊലീസ് ഉടന്‍ നീക്കി. സന്നിധാനത്തെ നടപ്പന്തല്‍ വരെ വീണ്ടും സുഗമമായ യാത്ര. എന്നാല്‍ നടപ്പന്തലിലേക്ക് കടന്നതോടെ അറുപതോളം പേര്‍ പ്രതിഷേധവുമായെത്തി.

ഐജിയുടെ അഭ്യര്‍ഥന തള്ളിയ പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ കുത്തിയിരുന്ന് ശരണംവിളിച്ചു. ഇതോടെ ഐജി ഡിജിപിയുമായും ദേവസ്വംമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ ദേവസ്വമന്ത്രി തിരുവനന്തപുരത്ത് നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് ഐജിയുടെ നേതൃത്വത്തില്‍ രഹന ഫാത്തിമയേയും കവിതയേയും വനംവകുപ്പ് ഐബിയിലേക്ക് മാറ്റി. തിരിച്ചിറങ്ങാന്‍ പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും ഇരുവരും വിസമ്മതിച്ചു. ഈസമയം ശബരിമല ക്ഷേത്രത്തിലെ പരികര്‍മികള്‍ പതിനെട്ടാംപടിക്കുമുന്നില്‍ നാമജപപ്രതിഷേധം തുടങ്ങി.

സ്‌ഫോടനാത്മകമായ സ്ഥിതിയാണെന്ന് ബോധ്യപ്പെടുത്തിയതോടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് യുവതികള്‍ അറിയിച്ചു. അഞ്ചുമണിക്കൂര്‍ നീണ്ട സംഘര്‍ഷാന്തരീക്ഷത്തിനൊടുവില്‍ തിരിച്ചിറക്കം. കൂടുതല്‍ ശക്തമായ സുരക്ഷയില്‍. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയിലെത്തിയ യുവതികളെ തടയുന്നതില്‍ മൂന്നാംദിവസവും പ്രതിഷേധക്കാര്‍ വിജയിച്ചു. എന്നാല്‍ ഓരോദിവസവും കൂടുതല്‍ യുവതികള്‍ എത്തുന്നത് കൂടുതല്‍ വെല്ലുവിളിയാകുന്നത് പൊലീസിനാണ്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്