Main Menu

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ല, കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് ഈ സമരം: പിഎസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്‍റ് അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള. കമ്മ്യൂണിസ്റ്റുകള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു അതിനെതിരെയാണ്. ഇതിനെതിരെ കോടിക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിക്കാന്‍ അവരുടെ വീടുകളില്‍ പോകും. അല്ലാതെ സ്ത്രീകള്‍ വരുന്നോ പോന്നോയെന്ന് നോക്കാന്‍ വേണ്ടിയല്ല ഈ സമരമെന്നും അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ ഞങ്ങളവരെ പിന്തുണയ്ക്കും അത്രേയുള്ളൂവെന്നും അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആര്‍എസ്എസുകാര്‍ക്കും ബിജെപികാര്‍ക്കും സംഘപരിവാരുകാര്‍ക്കും എല്ലാവര്‍ക്കും ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  ശബരിമലയില്‍ ഇന്നലെ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിഎസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

ഏഴ് കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ക്ക് അറസ്റ്റ് ഒഴിവാക്കണമെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. നോണ്‍ബൈലബിള്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ അതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വിവേചനാധികാരം ഉപയോഗിക്കാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. അറസ്റ്റ് എന്തിനെന്ന് രേഖപ്പെടുത്തണം. അറസ്റ്റ് കഴിയുന്നത്ര ഒഴിവാക്കണം എന്നാണ് സുപ്രീംകോടതിയുടെ ഒടുവിലത്തെ നിര്‍ദ്ദേശം. അത് ലംഘിച്ച് എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പിഎസ് ശ്രീധരന്‍ പിള്ള ചോദിച്ചു.

ഐപിസിയിലെ നിയമങ്ങള്‍ പൊലീസ് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍, പൊലീസല്ല അന്തിമ വിധികര്‍ത്താവ്. പൊലീസിനെ വിശ്വസിച്ചല്ല ഇന്ത്യയിലെ ശിക്ഷാ സമ്പ്രദായവും ഇന്ത്യയിലെ ക്രിമിനല്‍ നടപടി ക്രമവും നിലനില്‍ക്കുന്നത്. അതുകൊണ്ട് പൊലീസിന് എന്തധികാരമാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്യാനായിട്ടുള്ളത്. ഇന്നലെ അവിടെ ആരെങ്കിലും പൊലീസിനെ അക്രമിച്ചോ എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.

ഒരാള്‍ നിരോധനാജ്ഞ ലംഘിച്ചാല്‍ എടുക്കേണ്ടത് പെറ്റീ കേസല്ലേയെന്നും നിരോധനാജ്ഞ ലംഘിക്കാന്‍ അവകാശമില്ലേയെന്നും അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപി ഈ സംഭവം പഠിക്കുകയാണ്. നൂറുകണക്കിന് കേസുകളില്‍ പൊലീസിനെ പ്രതി ചേര്‍ത്ത് കേസ് കൊടുക്കുന്ന കാര്യം ബിജെപി തീരുമാനിച്ചെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ കേസ് നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സര്‍ക്കാര്‍ പറയുന്നത് അതുപോലെ നടപ്പാക്കാനുള്ളതല്ല എക്സിക്യൂട്ടീവ് മജിസ്ട്രേറ്റെന്നും താന്‍ ജുഡീഷ്യല്‍ കോടതിയെ കുറിച്ചല്ല പറയുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ അധികാരം ഉപയോഗിക്കുമ്പോള്‍ സര്‍ക്കാറിന്‍റെ ചട്ടുകമാകരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം അതുപോലെ പാലിക്കേണ്ടവരല്ലെന്നും അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ പറയുന്നതിന് മേല്‍ ഒപ്പ് വെക്കുന്ന തരത്തിലേക്ക് ക്രിമിനല്‍ നടപടി ക്രമത്തിലെ പ്രത്യേക അധികാരമുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ മാറിയിരിക്കുന്നെന്നും ആകെ അപകടകരമായ സ്ഥിതിയാണെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രേതഭൂമിയായി ശബരിമല മാറിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

താന്‍ ആരുടെയും ജാതി നോക്കുകയല്ലെന്നും എങ്കിലും കടകംപള്ളിയും സുരേന്ദ്രനും ശ്രീനാരായണ ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരാണ്. മരണത്തിന് ശേഷം 11 ദിവസം കൊണ്ട് ഒരു കുടുംബത്തിലെ പുല ഇല്ലാതാകുമെന്ന് ഗുരുദേവന്‍ എഴുതിയിട്ടുണ്ട്. ആ വിശ്വാസ കുടുംബത്തില്‍ പിറന്ന സുരേന്ദ്രന്‍ ശബരിമല ദര്‍ശനത്തിന് പോയതില്‍ തെറ്റില്ലെന്നും സുരേന്ദ്രനെതിരെ സംസാരിച്ച ദേവസ്വം മന്ത്രി പ്രസ്ഥാവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്