Main Menu

ശബരിമലയില്‍ നടക്കുന്നത് വിശ്വാസികളുടെ ധര്‍മ സമരമാണെന്ന് മാളികപ്പുറം മേല്‍ശാന്തി; മലകയറാനൊരുങ്ങുന്ന യുവതികളെ കാര്യം ബോധ്യപ്പെടുത്തി തിരിച്ചയക്കാനുള്ള ശ്രമത്തില്‍ പൊലീസ്

പമ്പ: ഓരോ നിമിഷവും പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ സമ്മര്‍ദത്തിലാണ് കഴിഞ്ഞ നാലു ദിവസമായി പമ്പയും സന്നിധാനവും. യുവതികളെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ പൊലീസിനും ഭക്തര്‍ക്കുമിടയില്‍ പ്രചരിക്കുന്നു. പക്ഷേ ഇതൊന്നും സന്നിധാനത്തെ ഭക്തജനത്തിരക്കിനെ ബാധിക്കുന്നില്ല. ഇന്നലെ ഉച്ചയ്ക്കു ശേഷം പമ്പയിലും സന്നിധാനത്തും കനത്ത മഴയായിരുന്നിട്ടുപോലും വന്‍ തിരക്ക് അനുഭവപ്പെട്ടു.

നാളെ രാത്രി പത്തിനാണു നട അടയ്ക്കുന്നത്. മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തിയാണു നട അടയ്ക്കുക. ദോഷ പരിഹാരത്തിനായി അയ്യപ്പ സന്നിധിയില്‍ മഹാമൃത്യുഞ്ജയ ഹോമം നടന്നു. ദേവപ്രശ്‌ന പരിഹാരക്രിയയുടെ ഭാഗമായാണിത്. തന്ത്രി കണ്ഠര് രാജീവര് കാര്‍മികത്വം വഹിച്ചു. ഉച്ചപൂജയോട് അനുബന്ധിച്ച് കളഭാഭിഷേകവും നടന്നു.

അതേസമയം,ശബരിമലയില്‍ വിശ്വാസികളുടെ ധര്‍മസമരമാണ് നടക്കുന്നതെന്നു മാളികപ്പുറം മേല്‍ശാന്തി എം.എന്‍. നാരായണന്‍ നമ്പൂതിരി പറഞ്ഞു. സവര്‍ണതയും ഫ്യൂഡലിസവും പറയുന്നതു വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ്. അയ്യപ്പനെ കാണാനെത്തുന്നവര്‍ ജാതിയും മതവും നോക്കി എത്തുന്നവരല്ല. ഇപ്പോള്‍ ശബരിമലയില്‍ എത്താന്‍ ശ്രമിക്കുന്നത് അടുത്തുള്ള ക്ഷേത്രങ്ങളില്‍ പോലും പോകാത്തവരാണ്. ആചാരങ്ങള്‍ മുറുകെ പിടിക്കണമെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു.

സുപ്രീംകോടതി വിധി വന്നശേഷം നട തുറന്ന നാലു ദിവസവും ശബരിമലയിലേക്ക് എത്താന്‍ ശ്രമിച്ച യുവതികള്‍ യഥാര്‍ഥ ഭക്തരല്ല എന്നാണു പൊലീസ് നിഗമനം. വിശ്വാസികള്‍ക്കു സുരക്ഷയൊരുക്കാന്‍ തയാറായി നില്‍ക്കുന്ന പൊലീസിനെ പ്രതിരോധത്തിലാക്കുന്നതാണിത്. ഓരോ അഭ്യൂഹത്തിനു പിന്നാലെയും പോയി അന്വേഷിച്ച് സംശയങ്ങള്‍ തീര്‍ക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നതും ഈ പ്രതിസന്ധിയാണ്.

സന്നിധാനത്തു നിരോധാനാജ്ഞ നടപ്പാക്കുന്നത് അസാധ്യമാണെന്നതും പൊലീസിനെ ബുദ്ധിമുട്ടിലാക്കുന്നു. സംഘംചേരല്‍ സമ്മതിക്കില്ലെന്നു കൂട്ടമായെത്തുന്ന ഭക്തരോടു പൊലീസിനു നിര്‍ദേശിക്കാനുമാകില്ല. രണ്ടാം ദിവസം നിലയ്ക്കലുണ്ടായ സംഘര്‍ഷത്തിനു ശേഷം പ്രതിഷേധക്കാര്‍ സന്നിധാനത്തു കേന്ദ്രീകരിച്ചതും പൊലീസിനെ വെട്ടിലാക്കുന്നു. അത്രയധികം ആസൂത്രണമില്ലെങ്കിലും സന്നിധാനത്തു ജാഗ്രതയോടെ അയ്യപ്പഭക്തര്‍ തന്നെ കൂടുതല്‍ സംഘടിക്കുന്നുണ്ടെന്നതും ഈ പ്രതിഷേധത്തിന്റെ ആഴം കൂട്ടുന്നു. ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ മറ്റെന്തെങ്കിലും സംശയത്തില്‍ സന്നിധാനത്തുനിന്ന് പുറത്താക്കുന്നതിനും പൊലീസിനു പരിമിതിയുണ്ട്.

മലകയറിയേ പറ്റൂവെന്നു പറഞ്ഞ് എത്തുന്ന യുവതികളെ അനുനയിപ്പിച്ച് കാര്യം ബോധ്യപ്പെടുത്തി മടക്കാനാണ് ആദ്യം ശ്രമിക്കുന്നത്. എന്നിട്ടും നിര്‍ബന്ധം പിടിക്കുന്നവരെ മുകളിലേക്കു കൊണ്ടുപോകുമെങ്കിലും ശക്തമായ പ്രതിഷേധം എവിടെവച്ചുയരുന്നോ അവിടെവച്ച് തിരിച്ചിറങ്ങുകയെന്ന നയം തന്നെയാകും പൊലീസ് ഇന്നും നാളെയും പ്രയോഗിക്കുക. ദേശീയ മാധ്യമങ്ങള്‍ വരെ തമ്പടിച്ചിട്ടുള്ളതിനാല്‍ എല്ലാം സൂക്ഷ്മതയോടെ മതിയെന്ന നിര്‍ദേശം പൊലീസിനു ലഭിച്ചിട്ടുണ്ട്.

ശനിയാഴ്ച ശബരിമല ദര്‍ശനത്തിനെത്തിയ ചാത്തന്നൂര്‍ സ്വദേശിയും കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന നേതാവുമായ മഞ്ജു പമ്പയില്‍ നിന്നു മടങ്ങിയിരുന്നു. എന്നാല്‍ ശബരിമല യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നു മഞ്ജു പറഞ്ഞു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മല കയറാന്‍ എത്തും. പമ്പയില്‍ സൗകര്യങ്ങള്‍ കുറവായതു കൊണ്ടാണ് മടങ്ങുന്നതെന്നും മഞ്ജു പറഞ്ഞു. ശനിയാഴ്ച മഞ്ജുവിനെ സന്നിധാനത്തേയ്ക്ക് കടത്തിവിടില്ലെന്നു പൊലീസ് അറിയിച്ചിരുന്നു. സുരക്ഷ, കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു പൊലീസിന്റെ തീരുമാനം.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്