പരിഷ്‍കൃത സമൂഹമെന്ന് അഭിമാനിക്കുന്ന ഇന്നത്തെ സമൂഹം വൃദ്ധരായ മാതാപിതാക്കള്‍ക്ക് നേരെ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ ദിവസേനയെന്നോണം വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ ഈയൊരു വാര്‍ത്ത പതിവ് ക്രൂരതകളെക്കുറിച്ചല്ല. മറിച്ച്, വൃദ്ധരായ മാതാപിതാക്കളെ കടുവകള്‍ക്ക് ഭക്ഷണമായി ഇട്ടുനല്‍കുന്ന ഗ്രാമവാസികളെ കുറിച്ചുള്ളതാണ്. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ അത്യാര്‍ത്തി പിടികൂടിയ ചിലരാണ് സ്വന്തം മാതാപിതാക്കളെ വാര്‍ധക്യകാലത്ത് എത്തുമ്പോള്‍ വനത്തിലേക്ക് പറഞ്ഞയക്കുന്നത്.

പ്രായമായവരെ കടുവ സങ്കേതത്തിനുള്ളിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയാണ് ഇവര്‍ ചെയ്യുകയെന്ന് അധികൃതര്‍ പറയുന്നു. കടുവ കൊന്ന് ഭക്ഷണമാക്കിയ ശേഷം ബാക്കി വരുന്ന മൃതദേഹ അവശിഷ്ടം അവര്‍ തേടിക്കണ്ടുപിടിച്ച് തിരികെ കൊണ്ടുവരും. എന്നിട്ട് കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു ഉദ്ദേശമുണ്ട്. പ്രായമായ മാതാപിതാക്കളെ ഒഴിവാക്കുക എന്നതിനൊപ്പം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന നഷ്ടപരിഹാരം സ്വന്തമാക്കുക എന്നതുമാണ് ഗൂഡഉദ്ദേശം.

കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടാല്‍ നഷ്ടപരിഹാരം കിട്ടില്ല. അതുകൊണ്ടാണ് വനത്തിനുള്ളില്‍ കടന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ തിരികെ ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നത്. കടുവകളുടെ ആക്രമണത്തില്‍ തുടര്‍ച്ചയായി വൃദ്ധര്‍ മരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ മനപൂര്‍വമുള്ള കൊലപാതകങ്ങളാണിതെന്ന് സംശയിച്ചു തുടങ്ങിയത്. പിലിഭിത്തിലെ മാല വനമേഖലയില്‍ ഫെബ്രുവരി മുതല്‍ ഏഴ് പേരാണ് കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഗ്രാമീണര്‍ അവകാശപ്പെടുന്നത്. ഇതില്‍ മുഴുവന്‍ പേരും പ്രായമേറിയവരാണ്.

ഉദ്യോഗസ്ഥരുടെ വാദത്തെ ചിലര്‍ തള്ളിക്കളയുന്നുണ്ടെങ്കിലും മറ്റു ചിലര്‍ ഇത് രഹസ്യമായി സമ്മതിക്കുന്നുണ്ട്. പട്ടിണി മാറ്റാന്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ സ്വന്തം തീരുമാനപ്രകാരം വനത്തിനുള്ളില്‍ കടന്ന് കടുവക്ക് ഭക്ഷണമാകുകയാണെന്നാണ് ഇവരുടെ വാദം. ഇത്തരത്തിലെങ്കിലും കുടുംബത്തിലേക്ക് സര്‍ക്കാര്‍ സഹായം എത്തട്ടേയെന്നാണ് ആത്മഹത്യക്ക് തയാറാകുന്നവരുടെ ചിന്തയെന്നും ഇവര്‍ പറയുന്നു.