Main Menu

വിവാഹത്തിന് മുന്‍പൊരു ഫസ്റ്റ് നൈറ്റ് ആയാലോ; ഈ വെറൈറ്റി കല്യാണം വിളി വൈറലായില്ലെങ്കിലേ അത്ഭുതമുള്ളൂ (വീഡിയോ)

തിരുവനന്തപുരം: ‘നവവധു കസവു സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടി കൈയ്യില്‍ പാല്‍ ഗ്ലാസുമായി പതുക്കെ വരനടുത്തേക്ക് നടന്നു വരുന്നു. കിടപ്പറ അലങ്കരിച്ചൊരുക്കിയിട്ടും മതിവരാതെ പിന്നെയും  മിനുക്കിക്കൊണ്ടിരിക്കുന്ന വരന്‍ വധുവിനെ കണ്ടപ്പോള്‍ ഗ്ലാസ് വാങ്ങി വയ്ക്കുന്നു.  ടെന്‍ഷനടിച്ചു നിന്ന വരന്റെ കൈ വധു പിടിച്ച് പതുക്കെ വരന്റെ കട്ടിലില്‍ ഇരുത്തിയ ശേഷം മുഖം ഇരു കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിക്കുന്നു. പെട്ടെന്നാണ് വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടത്.’

ഇത്രയും കണ്ട് കോരിത്തരിച്ച് ഇരിക്കുന്നവര്‍ക്ക് ഇടിമിന്നല്‍ എന്നോണം പെട്ടെന്നാണ് അത് സംഭവിക്കുന്നത്. മുന്‍പ് കണ്ട വരന്‍ ബാത്ത്‌റൂമില്‍ നിന്ന് ഞെട്ടലോടെ പുറത്തേക്ക് വരമ്പോള്‍ പുറത്ത് നില്‍ക്കുന്ന പ്രായം ചെന്ന വ്യക്തി ‘കല്യാണം ഉറപ്പിച്ചപ്പഴേ സ്വപ്‌നം കാണുവാണോ?’ വിവാഹത്തിന് മുന്‍പേ ഫസ്റ്റ് നൈറ്റോ എന്ന് നെറ്റി ചുളിച്ചവര്‍ക്ക് ഉത്തരവുമായി ‘സേവ് ദ ഡേറ്റ്’ എന്ന് കൂടി എഴുതികാണിച്ചപ്പോഴാണ് സംഗതിയുടെ മുഴുവന്‍ കിടപ്പുവശം മനസ്സിലാകുന്നത്.

ഇതൊരു പ്രീ വെഡ്ഡിങ് ഷൂട്ടാണ്. ചുരുക്കി പറഞ്ഞാല്‍ കല്യാണം വിളി. പല വെറൈറ്റി കല്യാണം വിളികള്‍ സോഷ്യല്‍ മീഡിയ കണ്ടു കഴിഞ്ഞു. പക്ഷെ ഇത് വല്ലാത്ത വെറൈറ്റി ആയി പോയെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയ സ്വാഗതം ചെയ്തത്.

ക്യാമറാമാന്റെ തലയില്‍ വിരിഞ്ഞ ഐഡിയയും കല്യാണ ചെക്കന്റെ സ്വപ്നവും സമന്വയിക്കുന്നിടത്താണ് ഈ ഒന്നാന്തരമൊരു സേവ് ദ് ഡേറ്റ് വീഡിയോ പിറക്കുന്നത്. ഡിസംബര്‍ 29ന് വിവാഹിതരാകുന്ന അര്‍ജുന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹത്തിനു വേണ്ടിയാണ് ടീ ക്ലബ് വെഡ്ഡിങ് കമ്പനി ഈ കിടിലന്‍ സേവ് ദ് ഡേറ്റ് വീഡിയോ തയാറാക്കിയത്. കല്യാണ ചെക്കന്റെ സങ്കല്‍പ്പത്തിലെ ആദ്യരാത്രിയില്‍ നിന്നുമാണ് വെറൈറ്റി കല്യാണക്കുറിമാനത്തിനുള്ള ഐഡിയ തെളിഞ്ഞത്. കല്യാണ പെണ്ണ് ശ്രീലക്ഷ്മിയുടെ ഗംഭീര പ്രകടനമാണ് ഈ വിഡിയോയുടെ പ്രത്യേകത. ഡബ്‌സ്മാഷ്, മ്യൂസിക്കലി ആരാധകര്‍ക്ക് സുപരിചിത കൂടിയാണ് ശ്രീലക്ഷ്മി.

മലപ്പുറത്തുള്ള ശ്രീലക്ഷ്മിയുടെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിഡിയോയുടെ ഷൂട്ട്. നാല് പേരുടെ സംഘമാണ് വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോയുടെ ഡിഒപി നിര്‍വഹിച്ചിരിക്കുന്നത് ജോണ്‍ പോള്‍ മാത്യുവാണ്. അസിസ്റ്റന്റ് ക്യാമറമാന്‍ നിതീഷ് വിദ്യാധര്‍, എഡിറ്റിങ്ങ് അഭിജിത്ത് ജോസഫ്, കളറിംഗ് ബിബിന്‍ പോള്‍ സാമുവല്‍.
ഇനി വിവാഹം എന്ത് വെറൈറ്റിയിലാകും നടക്കുക എന്ന ആകാംക്ഷയിലാണ് ഈ വെറൈറ്റി സേവ് ദി ഡേറ്റ് വീഡിയോ കണ്ടവര്‍.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്