Main Menu

വിമാനത്തിനായുള്ള എയര്‍പോര്‍ട്ടിലെ കാത്തിരിപ്പ് ആഘോഷമാക്കി അമേരിക്കന്‍ യുവതി(വീഡിയോ)

ചില സന്ദര്‍ഭങ്ങളില്‍ ക്ഷമയോടെ പിടിച്ചുനില്‍ക്കുന്നത് എന്നത് പ്രയാസകരമാണ്. എത്രയൊക്കെ ആ നിമിഷത്തെ അതിജീവിച്ചാലും അവസാന നിമിഷം കൈവിട്ടു പോകും. എന്നാല്‍ നമ്മുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ലെന്നു വിശ്വസിക്കുന്ന ഒരു യുവതി ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മഷ്ജിദ് മസൂജി എന്ന യുവതിയാണ് പെട്ടന്നു വന്ന ഒരു പ്രതിസന്ധിയെ വളരെ കൂളായി അതിജീവിച്ചത്. ഷാര്‍ലറ്റ് ഡഗ്ലസിലെ വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴേക്കും അവര്‍ക്കു യാത്രചെയ്യാനുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്തിരുന്നു. അടുത്ത വിമാനം പിറ്റേന്ന് രാവിലെ മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കിയ യുവതി സ്വയം പഴിച്ചും ദേഷ്യം പിടിച്ചും മുഖം വീര്‍പ്പിച്ചും സമയം കളയാന്‍  തയ്യാറായില്ല. പകരം സ്വന്തം മനസിനും മറ്റുള്ളവരുടെ മനസിനും സന്തോഷം പകരാന്‍ അവര്‍ ആ രാത്രിയില്‍ നൃത്തം ചെയ്തു.

മഷ്ജിദിന്റെ സന്തോഷം നിറഞ്ഞ നൃത്തപ്രകടനം കണ്ട് എയര്‍പോര്‍ട്ട് ജീവനക്കാരും യാത്രക്കാരുമൊക്കെ അവരുടെ ഒപ്പം നൃത്തം ചെയ്യാന്‍ ആരംഭിച്ചു. വിരസമായ നീണ്ട കാത്തിരിപ്പിനു തങ്ങളെ വിട്ടുകൊടുക്കാതെ ഒരു രാത്രിമുഴുവന്‍ പോസിറ്റീവ് എനര്‍ജി നിറച്ച് എയര്‍പോര്‍ട്ട് നിറഞ്ഞ് നൃത്തമാടിയ യുവതിയെ എയര്‍പോര്‍ട്ട് ജീവനക്കാരും യാത്രക്കാരും അഭിനന്ദിച്ചു. യുവതി തന്നെയാണ് പിന്നീട് നൃത്തത്തിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് യൂട്യൂബിലൂടെ വീഡിയോ കണ്ടത്. സ്വയം ദേഷ്യപ്പെട്ട് ഇരിക്കാനോ സമയം വെറുതെ പാഴാക്കാനോ തനിക്ക് താത്പര്യമില്ലെന്നും ജീവിതം ആഘോഷമാക്കാനാണ് തനിക്ക് ഇഷ്ടമെന്നും മഷ്ജിദ് പോസ്റ്റിനൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോ കണ്ട എല്ലാവര്‍ക്കും പറയാനുള്ളത് ഒന്നു മാത്രം. ജീവിതത്തില്‍ വലുതും ചെറുതുമായ വിഷമകരമായ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. നമ്മള്‍ അതിനോട് പ്രതികരിക്കുന്ന രീതിയനുസരിച്ചിരിക്കും നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും നിര്‍ണ്ണയിക്കപ്പെടുക. പോസിറ്റീവായ പ്രതികരണംകൊണ്ട് ആ യുവതി തുടച്ചു കളഞ്ഞത് സ്വന്തം മനസ്സിലെ നിരാശ മാത്രമല്ല മറ്റുള്ളവരുടെ വിരസത നിറഞ്ഞ കാത്തിരിപ്പിനെക്കൂടിയാണ്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്