Main Menu

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പെണ്‍സുഹൃത്തിനെ ഇടിച്ചു കൊന്ന സംഭവം; പുതിയ വെളിപ്പെടുത്തലുകളുമായി ലെബനീസ് മാധ്യമങ്ങള്‍

ദുബൈ: കാമുകിയെ ഇടിച്ചു കൊലപ്പെടുത്തിയതിന് കഴിഞ്ഞ ദിവസം ദുബൈയില്‍ അറസ്റ്റിലായ ലെബനീസ് പൗരന്റെ കേസിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ലെബനീസ് മാധ്യമങ്ങള്‍. ഇയാള്‍ കാമുകിയെ മര്‍ദ്ദിക്കുവാനും കൊലപ്പെടുത്തുവാനും ഉണ്ടായ കാരണങ്ങളാണ് ലെബനീസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍കാമുകി ഫെയ്‌സ്ബുക്കില്‍ എഴുതിയ വിവാദ പോസ്റ്റിനെ തുടര്‍ന്നാണ് ലെബനന്‍ പൗരനും യുവതിയും തമ്മില്‍ പ്രശ്‌നമുണ്ടായതെന്നും ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വളരെ അടുപ്പമുള്ള ആരോ തന്നെ ചതിച്ചുവെന്നും പിന്നില്‍ നിന്നു കുത്തിയെന്നും സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് യുവതി കഴിഞ്ഞ ദിവസം ഇട്ടതെന്ന് ലെബനനിലെ അല്‍ ജദീത് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം പ്രതിയെ പ്രകോപിപ്പിച്ചു എന്നും അതാണ് ആക്രമണത്തിന് കാരണമായത് എന്നുമാണ് മാധ്യമങ്ങള്‍ പറയുന്നത്.

എന്നാല്‍ ചോദ്യം ചെയ്യലില്‍ യുവതിയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചല്ല ആക്രമിച്ചതെന്നും മദ്യത്തിന്റെ ലഹരിയില്‍ ചെയ്തുപോയതാണെന്നും പ്രതി പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. ദുബൈയിലെ മരീനയിലെ ഫ്ലാറ്റില്‍ വച്ച് യുവതിയുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മുഖത്ത് ശക്തമായി ഇടിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടത്.

മറ്റൊരു എമിറേറ്റില്‍ താമസിക്കുന്ന പ്രതി അവധി ആഘോഷിക്കാനാണ് ദുബൈയിലെ മുന്‍കാമുകിയുടെ അപാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. പ്രതിയായ ലെബനീസ് പൗരന്‍ യുവതിയുടെ മുഖത്ത് ഇടിച്ചു. മൂക്കിന് ഏറ്റശക്തമായ ഇടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും യുവതി മരിക്കുകയുമായിരുന്നു. യുവതി മരിച്ചുവെന്ന് മനസിലായ പ്രതി സംഭവ സ്ഥലം വൃത്തിയാക്കുകയും തിരികെ തന്റെ അപാര്‍ട്ട്‌മെന്റിലേക്ക് പോവുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. അടുത്ത ദിവസം യുവതി ഓഫിസില്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് അപാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന് ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കേവലം 18 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്