Main Menu

വസുന്ധര ഗോ ബാക്ക്; ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷിക ദിനത്തില്‍ വസുന്ധര രാജെയ്‌ക്കെതിരെ പ്രതിഷേധം

കോട്ട: രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെയ്‌ക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ രോഷം ശക്തമാകുന്നു. രാജെയുടെ മണ്ഡലമായ ജലാവാറിലാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അവര്‍ക്കെതിരെ സമരം ചെയ്യുന്നത്.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷിക ദിനമായ ആഗസ്റ്റ് 9ന് ‘ക്വിറ്റ് വസുന്ധര ജാലാവാര്‍’, ‘വസുന്ധര ഗോ ബാക്ക്’ എന്നീ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ സമരം. അന്നേ ദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ബൈക്ക് റാലിയില്‍ 500 ബൈക്കുകളിലായി ആയിരത്തിലധികം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. മുഖ്യമന്ത്രി വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തി ജലാവാര്‍ മണ്ഡലത്തില്‍ ഉടനീളമായിരുന്നു ബൈക്ക് യാത്ര.

കഴിഞ്ഞ 30 വര്‍ഷമായി മണ്ഡലത്തില്‍ നടമാടുന്ന അഴിമതിയിലും വികസന മുരടിപ്പിലും മനംമടുത്താണ് തങ്ങള്‍ സമരത്തിനിറങ്ങിയതെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘അഞ്ച് തവണയാണ് രാജെ ഈ മണ്ഡലത്തില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് തവണ എം.എല്‍.എ ആയും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് മുഖ്യമന്ത്രിയാവുന്നത്. എന്നിട്ടും ഈ മണ്ഡലത്തിലെ സാധാരണക്കാരന് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. പാര്‍ട്ടിയെയും അവര്‍ ഇല്ലാതാക്കി. ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെ ചവിട്ടിത്താഴ്ത്തി പകരം നിക്ഷിപ്ത താല്‍പര്യക്കാരെ കുത്തി നിറച്ചു’ പ്രമോദ് ശര്‍മ എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ പറയുന്നു.

വരുന്ന തെരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വസുന്ധര രാജെയ്ക്ക് വോട്ട് ചെയ്യരുത് എന്നാണ് സമരക്കാര്‍ നാട്ടുകാരോട് അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ സമരക്കാരുടെ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്നും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി മണ്ഡലത്തില്‍ നടപ്പാക്കുന്നുണ്ടെന്നും ജലാവാര്‍ ജില്ലാ ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.

സമരം നടത്തുന്നത് ബി.ജെ.പിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന റിബല്‍ നേതാവും വസുന്ധര രാജെയുടെ എതിരാളിയുമായ ഗനഷ്യാം തിവാരിയുടെ അണികളാണെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. എന്തായാലും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പിക്ക് പുതിയ തലവേദനകള്‍ സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രിയുടെ മണ്ഡലം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 180 സീറ്റിലും വിജയിച്ച് തിരിച്ചുവരുമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ സ്വന്തം മണ്ഡലത്തില്‍ തന്നെ പ്രതിഷേധം കനക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്