വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ട് ഫൈനല്‍ ഇന്ന്. ഇംഗ്ലണ്ടിനെ തകര്‍ത്ത് കന്നിലോകകപ്പ് കീരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് മിതാലി രാജും സംഘവും. ലോര്‍ഡ്സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് ഫൈനല്‍. 1983 ല്‍ ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കപില്‍ദേവും സംഘവും കപ്പുയര്‍ത്തിയപ്പോള്‍ തിരുത്തപ്പെട്ടത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ്. 34 വര്‍ഷങ്ങള്‍ക്ക് ശേഷം മിതാലി രാജിന്റെ കീഴില്‍ പെണ്‍കരുത്ത് അതേ മൈതാനത്തില്‍ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുകയാണ്. ഇംഗ്ലണ്ടിലേക്ക് വിമാനം കയറും മുന്‍പ് ക്രിക്കറ്റിലെ വിവേചനത്തെ കുറിച്ച് ആഞ്ഞടിച്ച ക്യാപ്റ്റന്‍ മിതാലി രാജിന് പുരുഷന്മാരേക്കാള്‍ മോശമല്ലെന്ന് തെളിയിക്കാനുളള സുവര്‍ണാവസരമാണ്.

ആറുതവണ ലോകകപ്പ് നേടിയ ആസ്ട്രേലിയയെ തകര്‍ത്തായിരുന്നു ഇന്ത്യന്‍ വനിതകളുടെ ഫൈനല്‍ പ്രവേശം. സന്തുലിതമാണ് ടീം ഇന്ത്യ. ഏകദിനത്തില്‍ ആറായിരം റണ്‍സ് പിന്നിട്ട നായിക മിതാലി രാജ്, സെമിയില്‍ തകര്‍ത്താടിയ ഹര്‍മന്‍പ്രീത് കൌര്‍, ഓപ്പണര്‍മാരായി സ്മൃതി മന്ദാനയും പൂനം റാവത്തും. സ്പിന്‍ മികവുമായി ദീപ്തി ശര്‍മയും പൂനം യാദവും ഏക്‌താ ബിസ്തും. 2005ല്‍ അവസാനമായി ഫൈനല്‍ കളിച്ചപ്പോള്‍ ഓസീസിനോട് കീഴടങ്ങനായിരുന്നു ഇന്ത്യയുടെ വിധി. മറുവശത്ത് ഗംഭീര ഫോമിലാണ് ആതിഥേയരായ ഇംഗ്ലീഷ് നിര.

ആദ്യതോല്‍വിക്ക് ശേഷം ഉയര്‍ത്തെഴുന്നേറ്റ ഇംഗ്ലണ്ട് തുടരെ ജയിച്ചത് ഏഴുകളികള്‍. മിതാലി രാജിനെ പോലെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റും ഫോമിലാണ്. ബാറ്റിങ്ങില്‍ ടാമിബീമൌണ്ടും നതാലിയ സിവറും ഇന്ത്യന്‍ ബൌളിങ്ങിന് വെല്ലുവിളിയായേക്കും. തുല്യശക്തികള്‍ തമ്മിലുളള ബലാബലമാകാനാണ് സാധ്യത. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയാല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഭാവിതന്നെ മാറ്റിമറിക്കുമെന്നുറപ്പാണ്.