Main Menu

വനിതാ ലോകകപ്പ്: ഓസീസിനോട് ഇന്ത്യക്ക് തോല്‍വി

വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് തോല്‍വി. നിര്‍ണായക മത്സരത്തില്‍ ആസ്ട്രേലിയയോട് കീഴടങ്ങിയ ഇന്ത്യന്‍ ടീമിന് ഇനി സെമിയിലെത്തണമെങ്കില്‍ ന്യൂസിലന്‍ഡിനോട് വിജയം ഉറപ്പാക്കണം. എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്‍റെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി. ഓപ്പണര്‍ പൂനം റൌത്തിന്‍റെ ശതകത്തിന്‍റെയും നായിക മിഥാലി രാജിന്‍റെ അര്‍ധ ശതകത്തിന്‍റെയും മികവിലായിരുന്നു ഇന്ത്യ മോശമല്ലാത്ത സ്‍കോറിലെത്തിയത്. അര്‍ധ ശതകത്തോടെ ഏകദിനത്തില്‍ 6000 റണ്‍സ് പിന്നിടുന്ന ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡും മിഥാലി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ഇവരൊഴികെ ഹര്‍മന്‍പ്രീത് കൌറിനും കൂടി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാന്‍ കഴിഞ്ഞത്. മധ്യനിര പാടേ തകര്‍ന്ന മത്സരത്തില്‍ ടീം ഇന്ത്യക്ക് ലഭിച്ച മികച്ച തുടക്കം മുതലാക്കാനായില്ല.

മറുപടി ബാറ്റിങിനിറങ്ങിയ ഓസീസിന്‍റെ തുടക്കം ആദ്യ കേമമായിരുന്നില്ല. 36 റണ്‍സടുത്ത നിക്കോള്‍ ബള്‍ട്ടനെ വീഴ്‍ത്തി പൂനം യാദവ് ഇന്ത്യക്ക് ബ്രേക്ക് നല്‍കി. ഓസീസ് സ്‍കോര്‍ 103 റണ്‍സിലെത്തി നില്‍ക്കേ 45 റണ്‍സെടുത്ത ബെത്ത് മൂണിയും വീണു. എന്നാല്‍ ഇരുവര്‍ക്കും പിന്‍ഗാമികളായെത്തിയ മെഗ് ലെന്നിങും എല്ലിസ് പെറിയും ചേര്‍ന്ന് ഓസീസിനെ അമിതാവേശത്തിന് അടിമപ്പെടാതെ വിജയതീരത്ത് എത്തിച്ചു. നായിക ലെന്നിങ് 88 പന്തില്‍ നിന്നു വിക്കറ്റ് നഷ്ടപ്പെടുത്താതെ 76 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ കൂട്ടുകാരി പെറി 67 പന്തില്‍ നിന്ന് 60 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അതോടെ നിശ്ചിത ഓവര്‍ അവസാനിക്കാന്‍ 29 പന്തുകള്‍ ശേഷിക്കെ ഓസീസ് വിജയം പിടിച്ചടക്കി.

ഇന്ന് ഓസീസിനോട് ജയിച്ചിരുന്നെങ്കില്‍ സെമി ഉറപ്പിച്ച് അടുത്ത മത്സരത്തില്‍ കിവീസിനെ സമര്‍ദമില്ലാതെ ടീം ഇന്ത്യക്ക് നേരിടാമായിരുന്നു. ഇന്ത്യന്‍ ടീമിന് ഇനി സെമിയിലെത്തണമെങ്കില്‍ ന്യൂസിലന്‍ഡിനോട് വിജയം ഉറപ്പാക്കണം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്