Main Menu

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തുന്നു. താഴെത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ബൂത്ത് പ്രസിഡന്റുമാരും വനിതകളായ ബൂത്ത് വൈസ് പ്രസിഡന്റുമാരുമാണ് 29ന് കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാഹുല്‍ഗാന്ധിക്ക് അവരോട് നേരിട്ട് സംവദിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആദ്യമായാണ് സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.

24,970 ബൂത്ത് പ്രസിഡന്റുമാരും അത്രതന്നെ വനിതാ വൈസ് പ്രസിഡന്റുമാരുമാണ് കോണ്‍ഗ്രസിനുള്ളത്. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളുടെ പേരും ലിസ്റ്റും തയ്യാറാക്കി അവര്‍ക്ക് ബാഡ്ജും മറ്റും നേരത്തേതന്നെ നല്‍കും. സമ്മേളനം ബൂത്ത് ഭാരവാഹികള്‍ക്ക് വേണ്ടിയുള്ളതാണെങ്കിലും അതില്‍ പങ്കെടുക്കാന്‍ നേതാക്കളും പ്രവര്‍ത്തകരുമായി വലിയൊരു ജനസഞ്ചയം ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നുണ്ട്. മറ്റ് പാര്‍ട്ടിപരിപാടികളെല്ലാം മാറ്റിവെക്കാന്‍ കെ.പി.സി.സി. നേതൃത്വം ഡി.സി.സി.കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനുമുന്നോടിയായി രണ്ട് പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്. രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തിന്റെ തുടര്‍ച്ചയെന്നോണം കെ.പി.സി.സി. പ്രസിഡന്റിന്റെ കേരള പര്യടനം തുടങ്ങും. ഫെബ്രുവരി മൂന്നിന് തുടങ്ങുന്ന യാത്ര 28ന് സമാപിക്കുമ്പോഴേക്കും സ്ഥാനാര്‍ഥികളെ ഉറപ്പിക്കുകയും അവര്‍ മണ്ഡലങ്ങളില്‍ അനൗപചാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്യും. മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിക്കുന്ന വിധത്തിലാണ് പാര്‍ട്ടി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്