ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന വില്ലന്റെ ട്രയിലര്‍ പുറത്തിറങ്ങി. ലാലിന്റെ ആക്ഷന്‍ രംഗങ്ങളും കുറെയേറെ ദുരുഹതകളും കോര്‍ത്തിണക്കിയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. തമിഴ്താരങ്ങളായ വിശാല്‍, ഹന്‍സിക എന്നിവര്‍ക്കൊപ്പം സിദ്ധിഖ്, ഇര്‍ഷാദ്, അജു വര്‍ഗീസ് എന്നിവരെയും ട്രയിലറില്‍ കാണാം. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വില്ലനിലെ ലാല്‍.

മഞ്ജു വാര്യരാണ് ലാലിന്റെ നായിക. ലാല്‍ അവതരിപ്പിക്കുന്ന മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് മഞ്ജുവെത്തുന്നത്. രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ശ്രീകാന്ത്, ഇടവേള ബാബു, കോട്ടയം നസീര്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വില്ലന്‍. 8 കെ റസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമ പൂര്‍ണ്ണമായും 8 കെ റസല്യൂഷനില്‍ ചിത്രീകരിക്കുന്നത്. പ്രശസ്ത തമിഴ് സിനിമാറ്റോഗ്രാഫര്‍ മനോജ് പരമഹംസയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഉണ്ണികൃഷ്ണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, റോക്ക്ലൈന്‍ വെങ്കിടേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ മ്യൂസിക് ആണ് സംഗീതം.