Main Menu

റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് തള്ളി ശശി തരൂര്‍; രാജ്യത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം നിറഞ്ഞ രാജ്യം ഇന്ത്യയാണെന്ന റിപ്പോര്‍ട്ട് വിശ്വസനീയമല്ല

ബ്രിട്ടനിലെ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ കഴിഞ്ഞ ദിവസം ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. രാജ്യത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം നിറഞ്ഞ രാജ്യം ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാകിസ്താന്‍, സിറിയ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ സ്ത്രീകളുടെ അവസ്ഥ ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന മെച്ചമാണെന്നും പറയുന്നുണ്ട്. ഇത് വിശ്വസനീയമല്ലെന്നും തരൂര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ അടുത്തിടെ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഭയാശങ്കകളോടെയാണ് കാണുന്നത്. ഓരോ ഭാരതീയനെയും ലജ്ജിപ്പിക്കുന്നതാണ് ചില സംഭവങ്ങളെന്നും ശശി തരൂര്‍ പറഞ്ഞു.

യുദ്ധം നടക്കുന്ന അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളെക്കാളും അരക്ഷിതാവസ്ഥ ഇന്ത്യയിലെന്നാണ് സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും അടിമപ്പണികളും സ്ത്രീ സുരക്ഷയ്ക്കായി കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലാ എന്നതുമാണ് ഇതിനു കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ വളരുന്ന സമ്പത്ത് വ്യവസ്ഥയും ബഹിരാകാശ രംഗത്ത് മികച്ച നേട്ടങ്ങളുമുള്ള രാജ്യത്ത് ഇത്തരം അതിക്രമങ്ങള്‍ നാണക്കേടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാറിന്റെ കണക്കനുസരിച്ച് 2007 മുതല്‍ 2016 വരെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 83 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരോ മണിക്കൂറിലും രാജ്യത്ത് നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്