Main Menu

റൊണാള്‍ഡോയ്ക്ക് ആശ്വാസം: വിവാദങ്ങള്‍ക്ക് അവസാനം കുറിച്ച് കേസില്‍ ഒത്തുതീര്‍പ്പ്‌

ബാഴ്‌സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക് പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്റെ നികുതി വെട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നത്. 2011-14 കാലയളവില്‍ റൊണാള്‍ഡോ 57 കോടി രൂപ നികുതി ഇനത്തില്‍ വെട്ടിച്ചെന്നാണ് സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്നാല്‍, റൊണോയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒടുവില്‍ അവസാനമായിരിക്കുകയാണ്.

18.8 മില്യണ്‍ യൂറോ നല്‍കുമെന്ന കാര്യം ശരിവെച്ചതോടെ പബ്ലിക് പ്രോസിക്യൂട്ടറും റൊണാള്‍ഡോയും തമ്മിലുള്ള ഒത്തുതീര്‍പ്പ് സ്പാനിഷ് ട്രഷറി അംഗീകരിച്ചു. ഇതോടെയാണ് വിവദങ്ങള്‍ക്ക് അവസാനമായത്. യുവന്റസിലേക്ക് കൂടുമാറിയ പോര്‍ച്ചുഗല്‍ താരത്തിന് രണ്ടു വര്‍ഷം വരെ തടവു കിട്ടാമായിരുന്ന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. ഒത്തുതീര്‍പ്പിലെത്തിയ കാര്യം റൊണാള്‍ഡോ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

2011 മുതല്‍ 2014 വരെ പിക്ച്ചര്‍ റൈറ്റസിലൂടെ നേടിയ വരുമാനത്തിന്റെ നികുതി വെട്ടിച്ചുവെന്നാണ് പോര്‍ച്ചുഗല്‍ താരത്തിനെതിരെയുള്ള കുറ്റാരോപണം. 14 മില്യണ്‍ യൂറോയോളം വിര്‍ജിന്‍ ഐലന്‍ഡില്‍ ഒരു ഷെല്‍ കമ്പനിയുണ്ടാക്കി വെട്ടിപ്പ് നടത്തിയെന്നാണ് പ്രോസിക്കൂട്ടര്‍മാര്‍ ആരോപിച്ചിരുന്നത്. നികുതി വെട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി റൊണാള്‍ഡോ തടവുശിക്ഷയും പിഴയും ഏറ്റുവാങ്ങാന്‍ സമ്മതിച്ചതായാണ് ഒരു സ്പാനിഷ് പത്രം റിപ്പോട്ട് ചെയ്തിരുന്നത്.

ആദ്യം നികുതി വെട്ടിച്ചുവെന്ന ആരോപണം നിഷേധിച്ചിരുന്ന റൊണാള്‍ഡോ പിന്നീട് രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഡഡ് തടവുശിക്ഷയ്ക്കും പിഴയടയ്ക്കാനും തയ്യാറായി നികുതി വകുപ്പുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത പുറത്ത് വന്നത്. എല്‍ മണ്ടോ ആണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടു വര്‍ഷത്തെ തടവുശിക്ഷയും 18.8 മില്യണ്‍ യൂറോ പിഴയുമാണ് റൊണാള്‍ഡോ സ്വീകരിച്ചിരുന്നത്.

എന്നാല്‍, സ്‌പെയിനിലെ നിയമം അനുസരിച്ച് നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്തവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കുറവ് തടവുശിക്ഷ വിധിക്കപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടതില്ല. എന്നാല്‍, വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും തടയിട്ടുകൊണ്ടാണ് 18.8 മില്യണ്‍ യൂറോ പിഴ നല്‍കി ഒത്തുതീര്‍പ്പാകാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നത്. റോണോ ആരാധകര്‍ക്ക് ഏറ്റവും ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇത്. ലോകകപ്പില്‍ സ്‌പെയിനെതിരെ റൊണോള്‍ഡോയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ ബലത്തിലാണ് പോര്‍ച്ചുഗല്‍ സമനില പിടിച്ചത്. ആദ്യ ലോകകപ്പ് ഹാട്രിക്, 18 മില്യണ്‍ യൂറോ പിഴ, രണ്ടു വര്‍ഷം തടവ് എല്ലാം ഒരേ ദിവസം സംഭവിച്ചതും യാദൃശ്ചികമാകാം എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

അതേസമയം, 2009 മുതല്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായിരുന്ന ക്രിസ്റ്റ്യാനോയെ പത്തു കോടി യൂറോ (ഏകദേശം 805 കോടി രൂപ) മുടക്കിയാണ് ഇറ്റാലിയന്‍ ക്ലബ് യുവെന്റ്‌സ് സ്വന്തമാക്കിയത്. ഏകദേശം 242 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ നാലു വര്‍ഷത്തേക്കാണു കരാറെന്നു സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴു സീസണുകളിലായി യുവെന്റസാണ് ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍മാര്‍. കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ റൊണാള്‍ഡോയുമായി അവസാനഘട്ട കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം, പകരക്കാരനായി റയലിലേക്ക് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറുടെയും കിലിയന്‍ എംബപെയുടെയും പേരുകള്‍ ഇപ്പോള്‍ സജീവമാണ്.

കഴിഞ്ഞ സീസണില്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ യുവെന്റസിനെതിരെ അവരുടെ മൈതാനത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക്. ഈ മല്‍സരത്തില്‍ റയല്‍ 3-0നു ജയിച്ചു. ഇപ്പോള്‍ അതേ മൈതാനത്തേക്കാണ് മുപ്പത്തിമൂന്നുകാരന്‍ ക്രിസ്റ്റ്യാനോ എത്തുന്നത്.

പോര്‍ച്ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിങ് സിപിയില്‍നിന്ന് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയതോടെയാണു ക്രിസ്റ്റ്യാനോയ്ക്കു സൂപ്പര്‍താര പരിവേഷം ലഭിച്ചത്. യുണൈറ്റഡ് കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കീഴില്‍ ആറു വര്‍ഷം ഇംഗ്ലണ്ടില്‍ തുടര്‍ന്ന ക്രിസ്റ്റ്യാനോ 2009ല്‍ അന്നത്തെ റെക്കോര്‍ഡ് തുകയായ എട്ടു കോടി പൗണ്ടിനാണ് (ഏകദേശം 728 കോടി രൂപ) സ്പാനിഷ് ക്ലബ് റയലില്‍ ചേര്‍ന്നത്.

റയലിനൊപ്പം നാലുതവണ ചാംപ്യന്‍സ് ലീഗ്, രണ്ടു തവണ ലാ ലിഗ, സ്പാനിഷ് കപ്പ്, മൂന്നു തവണ ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. റയലിനുവേണ്ടി 451 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ ക്ലബ്ബിന്റെ ടോപ് സ്‌കോററുമാണ്. പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റനായ റൊണാള്‍ഡോ 2016ലെ യൂറോ കപ്പ് കിരീടനേട്ടത്തിലേക്കു ടീമിനെ നയിച്ചു. ഇത്തവണത്തെ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ യുറഗ്വായോടു പരാജയപ്പെട്ടു. അഞ്ചു തവണ ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

റയലിനു വേണ്ടി ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം കാണാനെത്തിയത് 85, 000 ആരാധകരാണ്. തുടര്‍ന്ന് പിന്നിട്ട ഒന്‍പതു സീസണുകളില്‍ എട്ടെണ്ണത്തിലും നാല്‍പതിലധികം ഗോളുകള്‍ വീതം നേടി ക്രിസ്റ്റ്യാനോ ക്ലബിന്റെ വീരനായകനായി. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റയല്‍ ചാംപ്യന്‍സ് ലീഗ് കിരീടം 2014ല്‍ നേടിയതും ക്രിസ്റ്റ്യാനോയുടെ മികവിന്റെ കരുത്തിലാണ്. തുടര്‍ന്ന് മൂന്നുതവണ കൂടി ക്ലബ് യൂറോപ്പിന്റെ ചാംപ്യന്‍മാരായതിലും സൂപ്പര്‍താരത്തിന്റെ പ്രതിഭയാണ് നിര്‍ണായകമായത്. ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് ഫൈനലി!ല്‍ റയല്‍ വിജയികളായതിനു പിന്നാലെ ക്ലബ് വിട്ടേക്കുമെന്നു സൂചിപ്പിച്ച ക്രിസ്റ്റ്യാനോ പിന്നീട് ഇതു തിരുത്തിയിരുന്നു. എന്നാല്‍, കുറേ ആഴ്ചകളായി ക്ലബ് മാറ്റത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു.

ക്രിസ്റ്റ്യാനോയുടെ വിടവാങ്ങലോടെ റയല്‍ മഡ്രിഡിന്റെ സുവര്‍ണ കാലഘട്ടത്തിലെ ഒരു അധ്യായത്തിനാണു തിരശ്ശീല വീഴുന്നത്. ഒരു പതിറ്റാണ്ടായി റയല്‍ മഡ്രിഡ് – ബാര്‍സിലോന പോരാട്ടത്തെക്കാള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത് ഇരു ടീമുകളുടെയും പ്രധാന താരങ്ങളായ ക്രിസ്റ്റ്യാനോയുടെയും ലയണല്‍ മെസ്സിയുടെയും കൊമ്പുകോര്‍ക്കലുകളായിരുന്നു. ഇനി ഇവര്‍ തമ്മില്‍ പൊരുതുന്നതു യൂറോപ്യന്‍ ക്ലബ് ടൂര്‍ണമെന്റുകളുടെ പൊതുവേദിയില്‍ മാത്രമാകും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്