Main Menu

റഫാലില്‍ കേന്ദ്ര സര്‍ക്കാരിനെ കുരുക്കുന്ന നാല് ചോദ്യങ്ങളുമായി സുപ്രീംകോടതി; പ്രതിരോധ സമാഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനെന്ന് കോടതി; എയര്‍ മാര്‍ഷലും, എയര്‍ വൈസ് മാര്‍ഷലും കോടതിയില്‍ ഹാജരായി; കേസ് വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: റഫാല്‍ കേസ് സുപ്രീംകോടതി വിധിപറയാന്‍ മാറ്റി. കേന്ദ്ര സര്‍ക്കാരിനെ കുരുക്കുന്ന നാല് ചോദ്യങ്ങളാണ് സുപ്രീംകോടതി ചോദിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ഒന്നാം നമ്പര്‍ കോടതിമുറിയില്‍ നാലു മണിക്കൂറിലേറെ നീണ്ട വാദത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രത്തിനുവേണ്ടി വാദിച്ചു. എജിയുടെ വാദങ്ങളോടു ശക്തമായ ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഉയര്‍ത്തിയത്.

സുപ്രീംകോടതിയുടെ നിര്‍ണായക നാല് ചോദ്യങ്ങള്‍ ഇവയാണ്:

1. ഓഫ് സെറ്റ് കരാറില്‍ മാറ്റം വരുത്തിയതെന്തിന്?
2. ഓഫ് സെറ്റ് കരാറും മുഖ്യകരാറും ഒന്നിച്ചല്ലേ പോകേണ്ടത്?
3. ഏതെല്ലാം രാജ്യങ്ങള്‍ റഫാല്‍ വിമാനം വാങ്ങിയിട്ടുണ്ട്?
4. ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യമുള്ള വിമാനങ്ങളുടെ എണ്ണവും ഇനവും ഏതെല്ലാം?

ഉടന്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി രാവിലെ ആവശ്യപ്പെട്ടതിനനുസരിച്ച് എയര്‍ വൈസ് മാര്‍ഷല്‍ ടി.ചലപതിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയില്‍ ഹാജരായി. റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുമാണ് കോടതി അന്വേഷിച്ചത്. 1985ന് ശേഷം പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് എയര്‍ ഫോഴ്‌സ് വൈസ് മാര്‍ഷല്‍ അറിയിച്ചു. വ്യോമസേനയില്‍ പുതിയതായി ചേര്‍ത്തവ എന്തൊക്കെയാണെന്ന് കോടതി ചലപതിയോട് ചോദിച്ചു. സുഖോയ് – 30 ആണ് ഏറ്റവും പുതിയതായി സേനയില്‍ ചേര്‍ത്തിരിക്കുന്നത്. ഇനി 4+ തലമുറയില്‍പ്പെട്ട ഫൈറ്റര്‍ ജെറ്റുകളാണ് ഇന്ത്യയ്ക്ക് ആവശ്യം. അതാണ് റഫാല്‍ ജെറ്റുകള്‍ തെരഞ്ഞെടുത്തതെന്നും ചലപതി കോടതിയെ അറിയിച്ചു.ഡിഫന്‍സ് പ്രോക്യുര്‍മെന്റ് പോളിസിയില്‍ 72 ല്‍ വരുത്തിയിട്ടുള്ള മാറ്റം എന്തിനായിരുന്നെന്നും ഏത് സാഹചര്യത്തിലാണ് അത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും അഡി. ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് സുപ്രീംകോടതി വിശദാംശങ്ങള്‍ തേടി.

കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ചോദിച്ചു. അക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു ഉറപ്പില്ലെന്ന് എജി വ്യക്തമാക്കി.

അതേസമയം, റഫാല്‍ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. വില വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാല്‍ മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റഫാല്‍ ഇടപാടു കോടതി വിലയിരുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഇടപാടു വിലയിരുത്തേണ്ടതു വിദഗ്ധരാണെന്നും കോടതി അല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നീക്കം കോടതി തടഞ്ഞു. വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ടു കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇടപാടിന്റെ നടപടിക്രമങ്ങളില്‍ പെട്ടെന്നൊരു വ്യതിയാനമാണ് ഉണ്ടായിരിക്കുന്നതെന്ന് അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറില്‍ ഇത്തരം പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ നീതീകരിക്കാനാകില്ല. കേന്ദ്രസര്‍ക്കാരും ഡാസോ ഏവിയേഷനും തമ്മിലുള്ള കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറായി കണക്കാക്കാനാകില്ല. സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ വാണിജ്യ കരാര്‍ മാത്രമാണെന്നും ഹെഗ്‌ഡെ വാദിച്ചു.

റഫാല്‍ ഇടപാട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ അല്ലെന്ന് കോണ്‍ഗ്രസ് കോടതിയില്‍ വാദിച്ചു. ദസോയും പ്രതിരോധ മന്ത്രാലയവും തമ്മിലാണ് കരാര്‍ ഒപ്പിട്ടതെന്നും ഫ്രഞ്ച് സര്‍ക്കാര്‍ സമ്മതപത്രം നല്‍കുക മാത്രമാണ് ചെയ്തതെന്ന് കപില്‍ സിബല്‍ വാദിച്ചു. എറിക് ട്രാപ്പിയര്‍ പറയുന്നത് കള്ളമാണ്. എച്ച്.എഎല്ലിന് ഭൂമിയില്ലാത്തതിനാല്‍ ഒഴിവാക്കിയെന്ന ട്രാപ്പിയറിന്റെ വാദവും കള്ളമാണെന്നും ഭൂമിയുള്ളതിനാല്‍ റിലയന്‍സിനെ പങ്കാളിയാക്കിയെന്ന വാദവും കള്ളമെന്നും കപില്‍ സിബല്‍ വാദിച്ചു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്