Main Menu

രണ്ടാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സില്‍ പുതിയ തന്ത്രങ്ങള്‍: വിജയ പ്രതീക്ഷയുമായി ആരാധകര്‍

തങ്ങളുടെ ആദ്യ പ്രീ സീസണ്‍ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ക്ലബ്ബ് മെല്‍ബണ്‍ സിറ്റിയോട് പരാജയമേറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ്, ജിറോണ എഫ്‌സിയുമായുള്ള അടുത്ത പോരാട്ടത്തിന് മുന്നോടിയായി കടുത്ത പരിശീലനമാണ് നടത്തുന്നത്. പ്രീ സീസണ്‍ മത്സരമാണെങ്കിലും ജിറോണയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ കൈയ്യും മെയ്യും മറന്ന് പോരാടാനായിരിക്കും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളും ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളത്തിന് നിര്‍ണായകമാകും.

മധ്യനിരയിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രശ്‌നങ്ങള്‍ നേരിടുന്നത്. ടീമിലെ വിദേശ ശക്തികളായ കെസിറോണ്‍ കിസിറ്റോയേയും, കറേജ് പെക്കൂസണേയും ഒരുമിച്ച് കളിപ്പിക്കുന്നതിലൂടെ ആ പ്രശ്‌നത്തിന് ഒരുപരിധി വരെ പരിഹാരം കാണാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞേക്കും. കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലില്‍ പരിക്കേറ്റ് പുറത്താകുന്നതിന് മുമ്പ് നാല് മത്സരങ്ങളാണ് ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസിറ്റോ കളിച്ചത്. ഈ മത്സരങ്ങളില്‍ മികച്ച ഒത്തൊരുമയായിരുന്നു കിസിറ്റോ-പെക്കൂസണ്‍ കൂട്ടുകെട്ട് കേരളത്തിന്റെ മധ്യനിരയില്‍ കാഴ്ച വെച്ചത്. എതിരാളികള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കാന്‍ കഴിഞ്ഞ ഇരുവരുടേയും കൂട്ടുകെട്ട് കിസിറ്റോയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നായിരുന്നു തകര്‍ന്നത്. ഉഗാണ്ടന്‍ താരത്തിന് സീസണിന്റെ പാതിവഴിയില്‍ പരിക്ക് പറ്റിയത് സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളേയും തകിടംമറിച്ചു.

മെല്‍ബണ്‍ സിറ്റിക്കെതിരായ ആദ്യ മത്സരത്തില്‍ കിസിറ്റോയെ പരിശീലകന്‍ ഡേവിഡ് ജെയിംസ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പെക്കൂസണ് ആദ്യ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. പരീക്ഷണങ്ങള്‍ നടത്താന്‍ ജെയിംസ് ആദ്യ മത്സരം ഉപയോഗിച്ചതാണ് പെക്കൂസണ്‍ പുറത്തിരിക്കാന്‍ കാരണം. നാളെ ജിറോണ എഫ്‌സിക്കെതിരായ തങ്ങളുടെ രണ്ടാം മത്സരവും പരീക്ഷണങ്ങള്‍ക്ക് പറ്റിയ വലിയ വേദിയാണെങ്കിലും, ഒരു മത്സരം കൂടി പരാജയപ്പെടാന്‍ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നുണ്ടാകില്ല എന്നതാണ് സത്യം.

പ്രീ സീസണ്‍ മത്സരമാണെങ്കില്‍ക്കൂടി കരുത്തരായ ജിറോണയോട് ഒന്ന് പൊരുതിനോക്കാനുറച്ചാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങുക. കിസിറ്റോയേയും പെക്കൂസണേയും ആദ്യ ഇലവനില്‍ ഒരുമിച്ച് കളിപ്പിക്കുന്നത് വഴി ടീമിന്റെ മധ്യനിര കൂടുതല്‍ ശക്തമാക്കാനും അത് വഴി മുന്നേറ്റക്കാര്‍ക്ക് കൂടുതല്‍ പന്തുകള്‍ എത്തിക്കാനും കഴിയുമെന്ന് മറ്റാരേക്കാളും നന്നായി ഡേവിഡ് ജെയിംസിനറിയാം. എങ്കിലും മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സില്‍ എന്തെല്ലാം തന്ത്രങ്ങളാണ് പുറത്തിറക്കുക എന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്