Main Menu

യുഎസില്‍ കാണാതായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സൂചന; പിതാവിനെ അറസ്റ്റ് ചെയ്‌തേക്കും

ഡാലസ് : വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ കാണാതായ മലയാളി ബാലിക കൊല്ലപ്പെട്ടതായി സൂചന. കുട്ടിയെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിര്‍ണായക തെളിവ് ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം അയല്‍വാസികളോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ച വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യു (37) കൊലക്കേസില്‍ പ്രതിയാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ ഉടന്‍ അറസ്റ്റുണ്ടായേക്കും. കുട്ടിക്ക് സംസാര, വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്നതാകാം കൊലപാതകത്തിന് കാരണമെന്നു പൊലീസ് കരുതുന്നു.

മറ്റുള്ളവരുമായി അടുപ്പമുള്ള ആളായിരുന്നില്ല വെസ്‌ലി മാത്യുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇയാള്‍ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.എറണാകുളം സ്വദേശി വെസ്‌ലി മാത്യുവും ഭാര്യ സിനിയും രണ്ടുവര്‍ഷം മുന്‍പു ദത്തെടുത്ത ഷെറിന്‍ മാത്യൂസിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ റിച്ചര്‍ഡ്‌സണിലുള്ള വീട്ടില്‍നിന്നു കാണാതായത്. പാല്‍ കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു കുട്ടിയെ വീടിനു പുറത്തിറക്കി നിര്‍ത്തിയെന്നാണ് വെസ്‌ലി മാത്യു പൊലീസിന് ആദ്യം മൊഴി നല്‍കിയത്. 15 മിനിറ്റിനുശേഷം നോക്കിയപ്പോള്‍ കാണാതായെന്നും. കുട്ടിയെ കാണാതായി അഞ്ചു മണിക്കൂറിനുശേഷമാണു പൊലീസിനെ അറിയിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്