Main Menu

യുഎസില്‍ ആഞ്ഞടിച്ച് ഫ്‌ളോറന്‍സ് കൊടുങ്കാറ്റ്; മരണം അഞ്ചായി

യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്‌ളോറന്‍സ് കൊടുങ്കാറ്റില്‍ അഞ്ച് മരണം. അമ്മയും കുഞ്ഞും ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ മരിച്ചത്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.

വില്മിങ്ടണില്‍ വീടിന് മുകളില്‍ മരം വീണാണ് അമ്മയും കുഞ്ഞും മരിച്ചത്. ദുരന്തബാധിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്‌ലോറന്‍സ് ചുഴലി കരയണഞ്ഞത്.

ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വന്‍ മരങ്ങള്‍ കടപുഴകി വീണു. നദികള്‍ കരകവിഞ്ഞതോടെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി.

യുഎസിനെ ആശങ്കയിലാഴ്ത്തിയ ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന് വേഗതകുറഞ്ഞപ്പോള്‍ ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് മാഖ്മൂട്ട് ചുഴലിക്കാറ്റ് എത്തുന്നു. അതീവ അപകടകാരിയായ മാഖ്മൂട്ട് മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗത്തില്‍ വീശും. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് നാളെയോടെ ഫിലിപ്പീന്‍സിലെ ലുസാന്‍ ദ്വീപില്‍ വീശിത്തുടങ്ങും.

ഫിലിപ്പീന്‍സ്,വിയറ്റ്‌നാം, ചൈന തുടങ്ങി തെക്കുകിഴക്കന്‍ എഷ്യയെയാകെ വിറപ്പിച്ചുകൊണ്ടാണ് ഉഗ്രരൂപിയായ മാഖ്മൂട്ട് വരുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാറ്റുവീശിയേക്കാം. 900 കിലോമീറ്റര്‍ ചുറ്റളവുള്ള മാഖ്മൂട്ട് അപകടത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന കാറ്റഗറി അഞ്ചിലാണ്. 285 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കാറ്റിന് കരയിലേക്കടുക്കുന്തോറും വേഗത കുറയാനും കൂടാനും സാധ്യതയുണ്ട്.

കുറഞ്ഞത് അന്‍പത് ലക്ഷത്തിലേറെ പേരെ ബാധിക്കുന്നതിനാല്‍ കാറ്റുവീശുന്ന മേഖലകളിലാകെ കൂട്ടപ്പലയാനമാണ്. ഫിലിപ്പീന്‍സില്‍ അയിരക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിമാനത്താവളങ്ങല്‍ എല്ലാം അടച്ചു. കാറ്റിനൊപ്പം പേമാരിയും കടല്‍ക്ഷോഭവും മഹാപ്രളയവും ഉണ്ടാവുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്. 2013ല്‍ ഫിലിപ്പീന്‍സ് തീരത്ത് ആഞ്ഞടിച്ച ഹയാന്‍ ആണ് 1946നു ശേഷമുണ്ടായ ഭീമന്‍ ചുഴലികാറ്റ്. മണിക്കൂറില്‍ 230 മുതല്‍ 325 കിലോമീറ്റര്‍ വേഗത്തില്‍ കരയ്ക്കടിച്ച ഹയാന്‍ ഏഴായിരത്തിലേറെ പേരുടെ ജീവനാണ് അപഹരിച്ചത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്